ഈ മാറ്റം ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല; ബോൾഡ് ഫോട്ടോഷൂട്ടിനു പിന്നിലെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

amrutha-new
SHARE

പുത്തൻ ലുക്ക് പരീക്ഷിച്ച് ഗായിക അമൃത സുരേഷ്. ബോൾഡ് ആൻഡ് മോഡേൺ ലുക്കിലുള്ള ചിത്രങ്ങളിലൂടെ മോഡലിങ്ങും തനിക്കു വഴങ്ങുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് അമൃത. മോഡലിങ്ങും ഫാഷനും തനിക്ക് വഴങ്ങുമോ എന്നു സംശയിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു അമൃതയ്ക്ക്. അതെല്ലാം പരീക്ഷിക്കാനുള്ള ആത്മവിശ്വാസം തനിക്കില്ലെന്ന് പറഞ്ഞ അമൃതയിൽ നിന്ന് 'എന്തുകൊണ്ടു ശ്രമിച്ചുകൂടാ' എന്നു ചിന്തിക്കുന്ന അമൃതയിലേക്കുള്ള മാറ്റം ആരെയും അമ്പരപ്പിക്കും. ബോൾഡ് ആൻഡ് എലഗന്റ് ലുക്കിലുള്ള ചിത്രങ്ങൾ മനോരമ ഓൺലൈന്‍ വായനക്കാർക്കായി എക്സ്ക്ലൂസീവ് ആയി പങ്കുവയ്ക്കുകയാണ് അമൃത സുരേഷ്. തന്റെ ഫോട്ടോഷൂട്ട് വിശേഷങ്ങളെക്കുറിച്ച് ഗായിക മനസ്സ് തുറക്കുന്നു. 

amrutha-new-5

ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റമല്ല

കൊച്ചി കടവന്ത്രയിലെ ഒലിവ് ഡൗൺടൗണിൽ വച്ചായിരുന്നു ഫോട്ടോഷൂട്ട്‌. വികാസ് വി കെ എസ് ആണ് മേക്കപ് ചെയ്തത്. യഥാർഥത്തിൽ ഈ ഫോട്ടോഷൂട്ടിനു വേണ്ടി ഏറ്റവും കൂടുതൽ എഫോർട്ട് എടുത്തത് വികാസ് തന്നെയാണ്. നിധിൻ സജീവ് ആണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ് സുധി. സ്റ്റൈലിങ് ചെയ്തത് ദേവരാഗ്. മാക്സോ ക്രിയേറ്റീവ് ആണ് പ്രൊഡക്‌ഷൻ. ജീവിതത്തിലാദ്യമായാണ് ഞാന്‍ ഇത്തരത്തിലൊരു ബ്യൂട്ടി ഫോട്ടോഷൂട്ട് ചെയ്യുന്നത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. മോഡലിങ്ങിനോട് എനിക്കൊരു ഇഷ്ടമുണ്ട്. ഇതുവരെ അങ്ങനൊരു പരീക്ഷണം നടത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ എന്തോ അത്തരത്തിലൊരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി.

amrutha photoshoot

അഭിനയത്തോടും ഒരു ഇഷ്ടമുണ്ട്. ചെയ്തു നോക്കിയാൽ എങ്ങനെയുണ്ടാകും, ഏതായാലും ഒന്നു ശ്രമിച്ചു നോക്കാം എന്ന കാഴ്ചപ്പാടിലാണ് ഇത്തരത്തിൽ പുതിയ കാൽവയ്പ്പുകൾ നടത്തുന്നത്. മോഡലിങ്ങിൽ എനിക്ക് മുൻപ് യാതൊരു ആത്മവിശ്വാസവും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ ചിന്തകൾ മാറി. അതുപക്ഷേ ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റമല്ല. ജീവിതത്തിലെ കുറേ അനുഭവങ്ങളാണ് ഇത്തരമൊരു ചിന്തയിലേയ്ക്ക് എത്തിച്ചത്. കുറച്ചു നാളുകൾ കഴിയുമ്പോൾ ഇത് ഇനിയും മെച്ചപ്പെടും എന്നാണ് ഞാൻ വിചാരിക്കുന്നത്. 

amrutha-new-2

എന്തിനാണ് അനാവശ്യ വിലയിരുത്തലുകൾ? 

എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ടല്ലോ. ഒരാളെ ഏത് രീതിയിലാണോ കണ്ടത്, അയാൾ എപ്പോഴും അങ്ങനെ തന്നെയിരിക്കണമെന്നാണ് ചിലരുടെ കാഴ്ചപ്പാടുകൾ. അയാളുടെ നോട്ടത്തിലോ സംസാരത്തിലോ പ്രവൃത്തിയിലോ മാറ്റമുണ്ടായാൽ അവരെക്കുറിച്ച് വളരെ മോശമായാണ് പലരും ചിന്തിക്കുക. എന്തിനാണ് ഒരാളുടെ പുറമെയുള്ള രീതികൾ വച്ച് അയാളെക്കുറിച്ച് വിലയിരുത്തുന്നത്. ഇതൊക്കെ ആലോചിച്ചപ്പോൾ ഞാൻ തീരുമാനിച്ചു, ഇത്തരത്തിലൊരു പരീക്ഷണം നടത്തണമെന്ന്.

amrutha-new-6

ഞാൻ മോശമായ രീതിയിലല്ല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഞാൻ വളരെ കംഫർട്ടബിൾ ആയിരുന്നു. ഫൊട്ടോഗ്രാഫറും മേക്കപ്പ് മാനും ഒക്കെ വലിയരീതിയിൽ പിന്തുണയും പ്രചോദനവും നൽകി. ഞാൻ ഒരു പ്രൊഫഷനൽ മോഡൽ ഒന്നുമല്ലല്ലോ. അതുകൊണ്ടുതന്നെ അധികം ഫോട്ടോപോസുകളൊന്നും എനിക്കറിയില്ലായിരുന്നു. കൂടെയുണ്ടായിരുന്നവർ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു. എന്തായാലും വളരെ മികച്ച ഒരു അനുഭവമായിരുന്നു.  

amrutha-new4

ഇനി ഓഫറുകൾ നിരാകരിക്കില്ല

റിയാലിറ്റി ഷോ കഴിഞ്ഞ സമയത്ത് തമിഴിൽ നിന്നൊക്കെ ഏതാനും ഓഫറുകൾ വന്നിട്ടുണ്ടായിരുന്നു. പക്ഷേ അന്നൊന്നും അതിന്റെ മൂല്യം ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. മാത്രവുമല്ല, അതിനുള്ള ആത്മവിശ്വാസവും എനിക്കില്ലായിരുന്നു. ഇപ്പോൾ പക്ഷേ ആ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോ എന്ന ദു:ഖവും തോന്നുന്നുണ്ട്. ആകെ ഒരു ജീവിതമല്ലേയുള്ളു. അതിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക. അപ്പോൾ തീർച്ചായായും ഞാൻ പുത്തൻ പരീക്ഷണങ്ങൾ തുടരുക തന്നെ ചെയ്യും. സിനിമയിലേയ്ക്ക് എന്നെ വിളിച്ചാൽ, നല്ല ഒരു അവസരം ലഭിച്ചാൽ ഒരിക്കലും ഞാനത് വേണ്ട എന്നു വയ്ക്കില്ല. 

amrutha-new-3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA