ADVERTISEMENT

തിരുവനന്തപുരത്തേക്കുള്ള ജോലിമാറ്റം ചെറിയ മന:പ്രയാസങ്ങളുടെകൂടെ വലിയ സന്തോഷങ്ങളും തന്നു. അവയിൽ ഒരെണ്ണം  തലസ്ഥാനനഗരിയിലെ സംഗീതക്കച്ചേരികളായിരുന്നു. മദുരൈ മണി അയ്യരും ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഒഴികേ, കർണാടകസംഗീതത്തിലെ പ്രമാണിമാരെല്ലാം പാടിയിട്ടുള്ള നവരാത്രിമണ്ഡപം നിശ്ചയമായും വലിയ ആകർഷണമായി. അൻപത്തൊമ്പതുവർഷം തുടർച്ചയായി നവരാത്രിക്കച്ചേരികളിൽ നിറഞ്ഞുനിന്ന ശെമ്മങ്കുടി ശ്രീനിവാസയ്യയ്യർ ഇല്ലാത്ത നവരാത്രിമണ്ഡപം സംഗീതാസ്വാദകരിൽ നേർത്ത ദുഃഖം ഉണർത്തിയെങ്കിലും ശിഷ്യഗണങ്ങളിലൂടെ ശ്രീരഞ്ജിനിയും മായാമാളവഗൗളയും ഖരഹരപ്രിയയും സാവേരിയും പുനർജനിച്ചുകൊണ്ടേയിരുന്നു. മലയാളികളായ കെ.എസ്. നാരായണസ്വാമിയും എം.ഡി.രാമനാഥനും കെ.വി.നാരായണസ്വാമിയും പുതുക്കോട് കൃഷ്ണമൂർത്തിയും വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യരും നവരാത്രികളുടെ ഓർമകളെ എന്നും സാന്ദ്രമധുരമാക്കി.

നവരാത്രി സംഗീതോൽസവത്തിനു പുറമേ, തീർഥപാദമണ്ഡപത്തിലും ശ്രീവരാഹത്തും കരമനയിലും കാർത്തികതിരുനാൾ ഓഡിറ്റോറിയത്തിലും കുതിരമാളികയിലും നടന്ന കച്ചേരികളും ഞാൻ കഴിവതും മുടങ്ങാതെ കേട്ടു. അവിടെയെല്ലാം തെന്നിന്ത്യയിലെ വലിയ ഗായകരുടെയും പക്കവാദകപ്രമുഖരുടെയും നിരന്തര സന്ദർശനങ്ങളുണ്ടായി. ഓരോ കച്ചേരിയും ഒട്ടേറെ സംഗീതമിത്രങ്ങളെ സൃഷ്ടിച്ചു. നെയ്യാറ്റിൻകര വാസുദേവൻ, മോഹനചന്ദ്രൻ, മാവേലിക്കര പ്രഭാകര വർമ, കുമാരകേരളവർമ, വർക്കല ജയറാം, കെ.എസ്.ഗോപാലകൃഷ്ണൻ, പാറശാല പൊന്നമ്മാൾ, പാൽക്കുളങ്ങര അംബികാദേവി, ഡോ. ഓമനക്കുട്ടി, മാവേലിക്കര വേലുക്കുട്ടിനായർ, പാറശാല രവി, തിരുവനന്തപുരം സുരേന്ദ്രൻ എന്നിവരെ പരിചയപ്പെട്ടു. ഡോ.വി.എസ്.ശർമ, 'ശ്രുതി' മാസികയുടെ തിരുവനന്തപുരത്തെ പ്രതിനിധി ഉമാമഹേശ്വരൻ എന്നിവരുടെ വീടുകളിൽ സന്ദർശകനായി. എന്നാൽ മേൽപ്പറഞ്ഞവരുടെ പരിവേഷങ്ങൾ  യാതൊന്നുമില്ലാത്ത മറ്റൊരാൾകൂടി നവരാത്രിമണ്ഡപത്തിലെ സംഗീതസ്മരണകളിൽ ഒറ്റത്തിരിയിട്ട നിലവിളക്കുപോലെ എന്നിൽ തെളിഞ്ഞു നിൽക്കുന്നു. അയാൾ പാട്ടുകാരനല്ല. രാഗങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ല. പക്ഷേ, നവരാത്രിമണ്ഡപത്തിൽ കീർത്തി കേട്ട ഗായകരുടെ കച്ചേരികൾ നടക്കുമ്പോൾ നനഞ്ഞ കണ്ണുകളോടെ ദൂരെ മാറിനിന്ന് സന്തോഷം കൊണ്ടിട്ടുണ്ട്. കർണാടകസംഗീതത്തോടുള്ള ബഹുമാനം ആ പാറാവുകാരന്റെ പെരുമാറ്റത്തിൽ എപ്പോഴും തുളുമ്പി. 

വാഹനാപകടത്തിൽ വിജയൻ ദാരുണമായി മരിച്ചതിനു തൊട്ടുപിന്നാലെ  ഓഫീസിൽ രാത്രികാവൽക്കാരനായി വന്നയാളെ അവിടെയാർക്കും ബോധിച്ചില്ല. ഏതോ നൂറ്റാണ്ടിനുപിന്നിൽ മറഞ്ഞുപോയ യൗവനത്തിന്റെ ഭഗ്നാവശിഷ്ടങ്ങൾ ഒന്നുംതന്നെ ആ കടുംനീല യൂണിഫോമിനുള്ളിൽ കാണാനുണ്ടായിരുന്നില്ല. അയാളുടെ അവസ്ഥയെ സ്ഥാപനമേധാവി കൃത്യമായി രേഖപ്പെടുത്തി - 'മൂന്ന് ജന്മങ്ങൾ ജീവിച്ചു മരിച്ചതുപോലെയുണ്ട്. ' കാഴ്ചയിൽ ഒരു ബിഹാറിയെ ഓർമിപ്പിച്ച രൂപത്തെ  ഉറ്റമിത്രം ചൊല്ലിവിളിച്ചതിനെ ഞാനും അനുകരിച്ചു, 'സെല്ലണ്ണൻ'. ഒരു 'ശായ കുടിക്കാൻ' ചില്ലറ ചോദിച്ചുവരാറുള്ള സെല്ലണ്ണൻ ദയനീയതയുടെ മനുഷ്യവേഷമായി എനിക്കു മുന്നിൽ വളഞ്ഞുകൂടി നിന്നു. വെള്ളികെട്ടിയ കുറ്റിത്തലമുടിയും നാടൻ പുകയില കറുപ്പിച്ച പല്ലുകളും അയാളുടെ തിരിച്ചറിയൽ രേഖയായിരുന്നു. പതിനെട്ടു വർഷങ്ങൾ കഴിഞ്ഞും ഈ നവരാത്രിക്കാലത്തെ ഒരു നല്ല ഓർമയായി സെല്ലണ്ണൻ മുന്നിൽ നിൽക്കുന്നുണ്ട്.

അന്നാളുകളിൽ ജോലിഭാരം കാരണം ഞാൻ മിക്കവാറും രാത്രികളിൽ ഓഫീസിൽതന്നെ താമസിച്ചുപോന്നു. അവിടെ ഉണ്ടായിരുന്ന ഡബിൾ കാസറ്റ് ടേപ്പ് റിക്കോഡർ എനിക്കുവേണ്ടതായ മുഴുവൻ പരമാനന്ദങ്ങളും തന്നു. രാത്രികാലങ്ങളിൽ, പലവഴികളിൽ സംഘടിപ്പിച്ച ലൈവ് കച്ചേരികൾ 

പ്ലേ ചെയ്യുമ്പോൾ സെല്ലണ്ണൻ  മരക്കോവണി കയറി മുകളിലെത്തും. ആദ്യമൊക്കെ പാട്ടുകേൾക്കാൻവേണ്ടി അയാൾ വരാന്തയിലെ ഇരുട്ടിൽ പതുങ്ങി നിന്നു. സെല്ലണ്ണന്റെ സംഗീതപ്രേമം തിരിച്ചറിഞ്ഞതിൽപിന്നെ മുറിയിൽ കടന്നിരിക്കാൻ ഞാൻ ക്ഷണിക്കും. പക്ഷേ വരില്ല. 'ഇവിടാകുമ്പം നല്ല കാറ്റൊണ്ട്, ഇതാ നല്ലത്.' ഇങ്ങനെ ഒഴിവു പറയും. 

പഴയ സംഗീതജ്ഞർ പ്രതിഭാശാലികൾ, പുതിയവരെല്ലാം അൽപജ്ഞാനികൾ എന്നൊരു  മൂഢവിചാരം പുലർത്തിവച്ച കാലമായിരുന്നതിനാൽ, അന്നൊക്കെ പഴയ തലമുറക്കാരെമാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ. ഒരിക്കൽ വൊലേതി വെങ്കടേശ്വരലു പാടിയ 'എന്തുകു പെദ്ദല'യിൽ  ലയിച്ചിരുന്നപ്പോൾ സെല്ലണ്ണൻ പറഞ്ഞു, 

'ഈ സാമിയെ ഞാൻ കണ്ടിട്ടൊണ്ട്. ഒരുപാട് തടിയൊണ്ട്. 'ശെല്ലണ്ണൻ കൈകൾ വിരിച്ചു പിടിച്ചു. 

'എവിടെ?' എനിക്കു താൽപര്യമേറി.

'വല്യകൊട്ടാരത്തില് കച്ചേരിക്ക് പാടാൻ വന്നിട്ടൊണ്ട്.'

ശെല്ലണ്ണൻ ഉദ്ദേശിച്ചതു മനസിലായി, നവരാത്രിമണ്ഡപത്തിലെ സംഗീതോൽസവം. 

'സാറിനറിഞ്ഞൂടെ, പണ്ട് എനിക്കവിടല്ലാരുന്നോ ജ്യോലി !

'എന്തു ജോലി ?'

അതിനു കൃത്യമായ മറുപടി കിട്ടിയില്ലെങ്കിലും പത്മനാഭസ്വാമി ക്ഷേത്രത്തെയും നവരാത്രി മണ്ഡപത്തെയും ചുറ്റിപ്പറ്റി ചെറിയ സഹായവേലകളുമായി കഴിഞ്ഞുകൂടിയ ഒരു ഭൂതകാലംകാലം അയാൾക്കുണ്ടായിരുന്നു എന്ന കാര്യം  ബോധ്യപ്പെട്ടു. സെല്ലണ്ണനിലൂടെ ഞാൻ കാണാൻ മോഹിച്ച പല സംഗീതജ്ഞരെയും കാണാൻ സാധിച്ചു. അവരെപ്പറ്റി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്താത്ത എത്രയോ കാര്യങ്ങൾ മനസിലാക്കി. നന്മകളും സ്വഭാവ വൈകല്യങ്ങളും വേർതിരിഞ്ഞു കിട്ടി.

ഒരു രാത്രി 'ഹിന്ദു'വിന്റെ ലേഖകൻ ഹരിസുന്ദർ കടംതന്ന, പുതുക്കോട് കൃഷ്ണമൂർത്തിയുടെ, ഗുരു രാജപ്പ വയലിൻ വായിച്ച കച്ചേരിയിൽ രസിച്ചിരുന്നപ്പോൾ പതിവുപോലെ സെല്ലണ്ണൻ അടുത്തുവന്നു. 'ഇത് പോലത്തെ ഒരു പാട്ട് വലിയശാലേലെ സാമീടടുത്ത് കോളാമ്പീല് കേട്ടിട്ടുണ്ട്. അത് ഇങ്ങനത്തെ കാസറ്റല്ല, ദോശക്കല്ല്. ഒരെണ്ണം എൻറ കയ്യിലൊണ്ട്. സാമി പാലക്കാട്ട് പോയപ്പം എനിക്ക് തന്നത്. രണ്ടെണ്ണം ഒണ്ടാരുന്ന്. തേള് കടിച്ചപ്പം അരച്ചിടാമ്മേണ്ടി ആരാണ്ട് പറഞ്ഞപ്പോ, അവള് പൊട്ടിച്ച് കളഞ്ഞ്. മറ്റത് ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. സാറിന് വേണോ തരാം. അത് പാടിക്കുന്ന സാധനം സാറിന്റ കയ്യിലൊണ്ടാ ? നാളെ വരുമ്പം കൊണ്ടരാം. സാറ് എനിക്ക് പത്ത് രൂബ തന്നേ.' പൈസ കൊടുത്തപ്പോഴും സെല്ലണ്ണന്റെ വാക്കുകളിൽ എനിക്കത്ര വിശ്വാസം വന്നില്ല. എങ്കിലും ഒരു ആകാംക്ഷ ഉണ്ടായി. ഗ്രാമഫോൺ റിക്കോഡിന്റെ കാര്യമാണ് സെല്ലണ്ണൻ പറയുന്നത്. അത് ചെമ്പെയുടെ റിക്കോഡിങ് ആയിരിക്കുമോ? ഏതായിരിക്കും കൃതി?

അതിനടുത്ത ദിവസങ്ങളിലൊന്നും സെല്ലണ്ണൻ വന്നില്ല. ഓഫീസിൽ ചോദിച്ചപ്പോൾ ആശുപത്രിയിൽ ആണെന്നറിഞ്ഞു. ഏജൻസിയിൽനിന്നു വന്ന മറ്റൊരാൾ ആ രാത്രികളിൽ കാവൽ കിടന്നു. സെല്ലണ്ണനെ അന്വേഷിച്ചു പോകാൻ എനിക്കും സാധിച്ചില്ല. താമസസ്ഥലം പരിചയമില്ല. കൂടാതെ ഞാനും  കുറച്ചു ദിവസത്തേക്കായി കോട്ടയത്തേക്കു പോന്നല്ലോ ! തിരിച്ചെത്തിയ ദിവസം വൈകുന്നേരം സെല്ലണ്ണനെ കണ്ടു. മുഖം വല്ലാതെ തളർന്നിരുന്നു. അടുത്തുവരാൻ മടിച്ചതുപോലെ തോന്നി. വിശേഷങ്ങൾ ചോദിക്കുന്നതിനു മുമ്പേ ഇങ്ങോട്ടു കയറി പറഞ്ഞു. 'ആ പാട്ട് പോയ് സാറേ.' പ്രതീക്ഷിച്ചതാണെങ്കിലും നിരാശയുണ്ടാകാതിരുന്നില്ല.

'എളേ പെണ്ണിൻറ ചെറുക്കൻ അതെടുത്ത്  പൊട്ടിച്ച് കളഞ്ഞ്. എനിക്കങ്ങോട്ട് പെടച്ച് കേറിവന്ന്. സാറിനോട് വാക്ക് പറഞ്ഞതാണ്! എന്റ കയ്യീ കിട്ടിയ മടലോണ്ട് നാലെണ്ണം കേറ്റിക്കൊടുത്ത്. അവന്റ എടത് കാലൊടിഞ്ഞ് കെടപ്പാണ്. എല്ലാരും എന്നെ കുറ്റം പറേന്ന്. അവൻ നശിപ്പിച്ച് കളഞ്ഞ മൊതലിന്റ വെല അവര് എങ്ങനെ അറിയാനാണ്? പോത്തുകള് ! എന്ത് നല്ല പാട്ടാരുന്ന് സാറേ. ഇനി കേക്കാൻ പറ്റൂല. ആ പോയ്. പോട്ട്. എന്തെല്ലാം പോയേക്കണ്. ഇതും പോട്ട്. സാറെന്നോട് ക്ഷമിക്കണം.'സെല്ലണ്ണൻ നേരേ നോക്കിയില്ല. ഞാൻ അയാളെ ആശ്വസിപ്പിച്ചു. 

പിറ്റേദിവസം ദിവസംമുതൽ നവരാത്രിമണ്ഡപത്തിൽ സംഗീതോൽസവം തുടങ്ങി. നാട്ടിലും മറുനാട്ടിലുമുള്ള സംഗീതവിദ്വാന്മാർ അക്കുറിയും പതിവുതെറ്റാതെ വന്നു പാടി. എല്ലാവരെയും ഞാൻ കേട്ടു. ഒന്നും മോശമായില്ല. പക്ഷേ എന്തുകൊണ്ടോ എന്നെ സംബന്ധിച്ചിടത്തോളം ആ വർഷം  ഞാൻ ആസ്വദിച്ച ഏറ്റവും നല്ല നവരാത്രിക്കച്ചേരി അവയൊന്നുമായിരുന്നില്ല, ആ കച്ചേരി സെല്ലണ്ണനായിരുന്നു.

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിലെ പ്രൊഫസറുമാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com