ADVERTISEMENT

കാൽപ്പന്തുകളിയിലെ അസാമാന്യ പ്രതിഭ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാളിന്റെ മധുരം. ഫുട്ബോൾ പ്രേമികളുടെ ഹരമായ ഇതിഹാസത്തിന് ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആരാധകർ ജന്മദിനാശംസകൾ നേർന്നു. ഇങ്ങു കേരളത്തിൽ, സ്പാനിഷിൽ പിറന്നാൾ പാട്ടു പാടി മംഗളങ്ങൾ നേരുകയാണ് ഗായകൻ ചാൾസ് ആന്റണി. എട്ടു വർഷം മുൻപ് മറഡോണ  കേരളത്തിലെത്തിയപ്പോൾ സ്പാനിഷ് പാട്ടു പാടി അദ്ദേഹത്തെ കയ്യിലെടുത്ത ഗായകനാണ് ചാൾസ്. ജന്മദിനത്തിലെ പാട്ടു സമ്മാനത്തെക്കുറിച്ച് ചാൾസ് ആന്റണി മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.

‘നമ്മൾ സാധാരണ പാടുന്ന പിറന്നാൾ പാട്ടിന്റെ സ്പാനിഷ് പതിപ്പാണിത്. അറുപതാം പിറന്നാൾ വളരെ പ്രധാനപ്പെട്ടതാണല്ലോ. അതുകൊണ്ട് അദ്ദേഹത്തിനു വേണ്ടി വളരെ സ്പെഷൽ ആയി പാടിയതാണ് ഈ പിറന്നാൾ ഗാനം. വീട്ടിൽ തന്നെ വച്ചാണ് ഇത് ഷൂട്ട് ചെയ്തത്. 2012ൽ മറഡോണ കണ്ണൂരിൽ വന്നപ്പോൾ ഞാൻ ഈ പാട്ട് പാടിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ 52ാം ജന്മദിനമായിരുന്നു. അന്നത്തെ എന്റെ പാട്ടു കേട്ട് ഇഷ്ടമായ അദ്ദേഹം എന്റടുത്തു വന്നു. ‌അതേ വേദിയിൽ വച്ച് ഞങ്ങൾ ഒരുമിച്ചൊരു സ്പാനിഷ് ഗാനം പാടുകയും ചെയ്തു. മറഡോണയുടെ കൂടെ പാടിയ ആദ്യത്തെ ഇന്ത്യക്കാരൻ എന്ന പേരിലാണ് ഞാൻ പിന്നെ അറിയപ്പെട്ടത്. 

മറഡോണ മുറിയിൽ വളരെ ടെൻഷനോടും ആകുലതയോടും കൂടെയിരുന്നപ്പോൾ ഞാൻ അവിടെച്ചെന്ന് ഗിറ്റാർ വായിച്ച് ഏതാനും സ്പാനിഷ് പാട്ടുകൾ പാടിക്കൊടുത്തു. അതു കേട്ടപ്പോൾ അദ്ദേഹം വളരെ സന്തോഷിക്കുകയും പ്രസരിപ്പോടെ അത് ആസ്വദിക്കുകയും ചെയ്തു. പിന്നീടാണ് ഞങ്ങൾ ഒരുമിച്ച് വേദിയിൽ പാടിയത്. ഇതൊക്കെയാണ് അദ്ദേഹത്തിനൊപ്പമുള്ള കേരളത്തിലെ എന്റെ അനുഭവങ്ങൾ. 

ഏതാനും വർഷങ്ങൾക്കു ശേഷം മറഡോണ കൊൽക്കത്തയിൽ വന്നപ്പോൾ സൗരവ് ഗാംഗുലി എന്നെ അവിടേയ്ക്കു കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ അദ്ദേഹം എന്നെ കണ്ട് തിരിച്ചറിയുകയും ഓടി വന്ന് ആലിംഗനം ചെയ്യുകയുമുണ്ടായി. വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന് എന്നെ ഓർമയുണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നി. മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് അതൊക്കെ’.– ചാൾസ് ആന്റണി പറഞ്ഞു. 

English Summary: Singer Charles Antony conveys wishes to Diego Maradona on his birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com