ADVERTISEMENT

മംമ്ത മോഹൻദാസിന്റെ ആദ്യ നിർമാണ സംരംഭമായ ‘ലോകമേ’ സംഗീത വിഡിയോ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് പാട്ട് പുറത്തിറക്കിയത്. ഏകലവ്യൻ സുഭാഷ് പാടി വൈറലായ റാപ്പ് സോങ്ങിന്റെ സിംഗിൾ‌ പതിപ്പാണിത്. ഏകലവ്യൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് കുമാർ മെട്ടയിൽ സംഗീതം നൽകിയിരിക്കുന്നു. . 

 

കോവിഡ് ലോക്ഡൗൺ കാലത്താണ് ഏകലവ്യന്റെ ഈ പാട്ട് സമൂഹമാധ്യമലോകത്ത് തരംഗമായത്. മണിക്കൂറുകൾക്കകം വൈറലായ പാട്ട് പ്രമുഖരുൾപ്പെടെ നിരവധി പേർ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ഏതാനും മാസങ്ങൾക്കു ശേഷമാണ് പാട്ടിന്റെ സിംഗിൾ ഒരുക്കാൻ കലാകാരന്മാർ തീരുമാനിച്ചത്. ബാനി ചന്ദ് ബാബു ആണ് വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ആമേൻ, ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രാഹകൻ. പ്രസന്ന മാസ്റ്റർ നൃത്ത സംവിധാനവും അച്ചു രാജാമണി പാട്ടിന്റെ മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നു. 

 

പാട്ടിന്റെ ട്രെയ്‌ലർ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയതോടെ മുഴുവൻ പാട്ടിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ പാട്ട് ട്രെൻഡിങ്ങിൽ ഇടം നേടുകയും ചെയ്തു. പ്രാസം ഒപ്പിച്ച വരികളും എനർജെറ്റിക് ആയ ആലാപനവും റാപ്പിനെ ഏറെ സ്വീകാര്യമാക്കി. മികച്ച ദൃശ്യവിരുന്നും ആസ്വാദകർക്കു സമ്മാനിക്കുകയാണ് ‘ലോകമേ’ സംഗീത വിഡിയോ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com