ADVERTISEMENT

പുതിയ തലമുറക്ക് അത്ര പരിചയം ഉണ്ടാകില്ല, പഴയ തലമുറക്കാകട്ടെ സുഖമുള്ള ഓര്‍മയും. ഗാനമേളകളെ ജനകീയമാക്കി മാറ്റിയ പാട്ടുകാരുടെ രണ്ടാം തലമുറയിലെ പ്രഥമസ്ഥാനീയനാണ് പ്രമാടം രാജു. മറ്റുള്ളവരുടെ സിനിമപാട്ടുകള്‍ പാടി കയ്യടി നേടിയ രാജുവിന് തലമുറകള്‍ക്ക് കേള്‍ക്കാന്‍ ഒരു സിനിമപാട്ടു പാടാന്‍ കഴിയാതെ പോയി. ആഗ്രഹം ഇല്ലാതെ പോയതല്ല, നടക്കാതെപോയതാണ്. നഷ്ടപ്പെടുന്ന സമയം തിരികെ വരില്ലെന്ന സത്യത്തെ പിന്നെയും ഓര്‍മപ്പെടുത്തുന്നതുകൂടിയാണ് ഈ പാട്ടുകാരന്റെ ജീവിതം. പാടാന്‍ അവസരം കിട്ടിയിട്ടും എത്താന്‍ വൈകിയപ്പോള്‍ നഷ്ടപ്പെട്ടുപോയ അവസരത്തിന്റെ കഥകൂടി പറയാനുണ്ട് പ്രമാടം രാജുവിന്. പിന്നെയും ശ്രമിച്ചതാണ്. അപ്പോഴേക്കും കാലവും കടന്നു പോയി. തലമുറകളിങ്ങനെ വന്നു പോകുമ്പോള്‍ വേദിയിലെ കലാകാരനെ പുതിയ തലമുറ എങ്ങനെ അറിയാനാണ് എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.  

 

എഴുപതുകളുടെ തുടക്കത്തിലാണ് പ്രമാടം രാജുവെന്ന പാട്ടുകാരന്‍ ഗാനമേളയിലേക്കെത്തുന്നത്. ഗാനമേളകള്‍ ജനകീയമായി തുടങ്ങിയ കാലവുമാണത്. ഇടവ ബഷീറിന്റെ കടന്നു വരവോടെ കരുത്ത് പ്രാപിച്ച് തുടങ്ങിയ ഗാനമേളകള്‍ പ്രമാടം രാജുവടക്കമുള്ളവരുടെ പാട്ടുകളോടെ കൂടുതല്‍ ശ്രദ്ധനേടി. മെലഡി ഗാനങ്ങള്‍ അതിന്റെ ഭാവതലങ്ങളിലെ സൂക്ഷ്മത കൈവിടാതെ പാടി ഫലിപ്പിച്ചാണ് ഈ പാട്ടുകാരന്‍ ചര്‍ച്ചയായത്. യേശുദാസും ജയചന്ദ്രനുമൊക്കെ പാടി സൂപ്പര്‍ ഹിറ്റാക്കിയ പാട്ടുകള്‍ രാജുവിലൂടെ കേള്‍ക്കുമ്പോഴും ഇമ്പം ഒട്ടും ചോര്‍ന്നു പോയില്ല. പാടിയ പാട്ടുകള്‍ വണ്‍സ്‌മോര്‍ പറഞ്ഞ് പിന്നെയും പിന്നെയും പാടിച്ചു. നോട്ടുമാലകളും പൂമാലകളുമായി സംഘാടകരും കാത്തിരുന്നു. കേരളം മുഴുവന്‍ ഈ പാട്ടുകാരന്റെ പാട്ടിനായി കാതോര്‍ത്തു. പാടി പാടി വേദികളില്‍ മാത്രം 35 വര്‍ഷങ്ങള്‍.

 

പത്തനംതിട്ട പ്രമാടം സ്വദേശിയായ എന്‍. രാജുവിന്റെ സംഗീതഗുരു ബാലന്‍ ഭാഗവതരായിരുന്നു. പാട്ടു പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ കൊല്ലം പ്രവീണ മ്യൂസിക്ക് ക്ലബിലെ പാട്ടുകാരനായി. അടുത്ത സുഹൃത്തും കാഥികന്‍ കൊല്ലം ബാബു അടക്കമുള്ളവരുടെ ഹാര്‍മോണിസ്റ്റുമായ പത്തനംതിട്ട രാജനാണ് പ്രവീണ മ്യൂസിക്കിലേക്ക് എത്തിക്കുന്നത്. പിന്നണി ഗായിക ലതിക അടക്കമുള്ളവര്‍ അന്ന് അവിടുത്തെ പാട്ടുകാരാണ്. പാട്ടിനോടുള്ള കമ്പം മൂത്തതോടെ കൂടുതല്‍ അവസരങ്ങള്‍ തേടി.

 

നാടകങ്ങള്‍ക്ക് തല്‍സമയം പാട്ടുകള്‍ പാടുന്ന കാലമാണത്. കോട്ടയം നാഷണല്‍ തിയറ്റേഴ്‌സിലും കൊച്ചിന്‍ സംഘമിത്രയിലും പാട്ടുകാരനായി. നാടകത്തിന്റെ ഇടവേളയില്‍ സിനിമ ഗാനങ്ങള്‍ ആലപിക്കുന്ന പതിവും അന്നുണ്ട്. ഒരിക്കല്‍ കൊച്ചിന്‍ സംഘമിത്രയുടെ നാടകം നടക്കുമ്പോള്‍ അടുത്ത പരിപാടിക്കെത്തിയ മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയിസിലെ ചിലര്‍ക്ക് രാജുവിന്റെ പാട്ടുകള്‍ കേട്ടിഷ്ടമായി. അടുത്ത ദിവസം തന്നെ തങ്ങളുടെ ട്രൂപ്പിലേക്ക് അവര്‍ ക്ഷണിച്ചു. അങ്ങനെ മൂവാറ്റുപുഴ ഏയ്ഞ്ചല്‍വോയിസില്‍ 23 വര്‍ഷക്കാലം പാട്ടുകാരനായി. മെലഡി ഗാനങ്ങള്‍ ഹൃദ്യമായി പാടുന്ന രാജുവിനെ കേള്‍ക്കാനായി മാത്രം ആളുകളെത്തി. എന്‍. രാജു പ്രമാടം രാജുവായി. ഏയ്ഞ്ചല്‍ വോയിസിന്റെ ഒരു കാലത്തെ മുഖ്യ ആകര്‍ഷണം തന്നെ രാജുവിന്റെ പാട്ടുകളായി. ജനക്കൂട്ടം വീണ്ടും വീണ്ടും തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകാരനെകൊണ്ട് പാടിച്ചു.

 

നിര്‍ഭാഗ്യമെന്നു പറയാം, ഒരിക്കല്‍ സിനിമയില്‍ പാടാന്‍ ഒരവസരം കിട്ടിയിട്ടും കഴിയാതെപോയി. രാജു ആലപിച്ച അയിരൂര്‍ സദാശിവന്റെ നിരവധി നാടകഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്തിരുന്നത് മോഹന്‍ സിത്താരയാണ്. അങ്ങനെ മോഹന്‍ സിത്താരയുമായി അടുത്ത സൗഹൃദത്തിലായി. രാജുവിന്റെ പാട്ടുകളോട് ഇഷ്ടം തോന്നിയ മോഹന്‍ സിത്താര തനിക്കൊരു അവസരം കിട്ടുമ്പോള്‍ വിളിക്കാമെന്നും ഉറപ്പു കൊടുത്തു. അങ്ങനെ 1986ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ 'ഒന്നു മുതല്‍ പൂജ്യം വരെയില്‍' പാട്ടുപാടാനായി ക്ഷണിക്കുകയും ചെയ്തു. ഗാനമേളകളില്‍ രാജു നിറഞ്ഞു നില്‍ക്കുന്ന കാലമാണത്. തിരക്കൊഴിഞ്ഞ് നേരമില്ലാത്ത കാലമെന്ന് സാരം. കൊച്ചിയിലെത്തി മോഹന്‍ സിത്താരയെ കണ്ടപ്പോഴേക്കും സമയം ഏറെ വൈകി പോയിരുന്നു. നിരാശ തോന്നിയെങ്കിലും രാജു വേദികളിലേക്ക് തന്നെ മടങ്ങി. "ഓരോ പാട്ടിന്റെയും ആത്മാവറിഞ്ഞു പാടുന്ന പാട്ടുകാരന്‍. പെട്ടന്നായിരുന്നു പാട്ടുകള്‍ പഠിച്ചെടുക്കുന്നത്." മോഹന്‍ സിത്താര പഴയ കൂട്ടുകാരനെ ഓര്‍ത്തെടുക്കുന്നു.  

 

പത്ത് വര്‍ഷത്തോളം പത്തനംതിട്ട സാരംഗിലേയും പാട്ടുകാരനായി. എം. കെ. അര്‍ജുനന്‍, കണ്ണൂര്‍ രാജന്‍, ഫ്രാന്‍സിസ് വലപ്പാട്, കുമരകം രാജപ്പന്‍, എല്‍.പി. ആര്‍ വര്‍മ, അയിരൂര്‍ സദാശിവന്‍ തുടങ്ങിയവരുടെ നാടകഗാനങ്ങളിലെ സ്ഥിരം പാട്ടുകാരന്‍കൂടിയായിരുന്നു. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിന്‍ സംഘമിത്രയുടെ 'കന്യാകുമാരിയിലൊരു കടംങ്കഥ' എന്ന നാടകത്തിനുവേണ്ടി രാജു ആലപിച്ച "മന്വന്തരങ്ങള്‍ക്ക് ഉണര്‍ത്തുപാട്ടായിത്തീര്‍ന്ന മന്ത്രങ്ങള്‍" എന്ന ഗാനം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫ്രാന്‍സിസ് വലപ്പാടായിരുന്നു സംഗീതം. നാടകം പുതിയകാലത്ത് സമിതി വീണ്ടും പുനരാവിഷ്‌ക്കരിക്കുമ്പോഴും രാജുവിന്റെ പാട്ടിന് മാത്രം മാറ്റമില്ല.

 

'പ്രമാടം രാജുവിന്റെ ഗാനമേള' എന്ന തലക്കെട്ടില്‍ പരിപാടി ബുക്ക് ചെയ്യാന്‍ തയാറായിരുന്നവര്‍ ഉണ്ടായിട്ടും സ്വന്തമായ ട്രൂപ്പ് നടത്താനുള്ള ശ്രമങ്ങള്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഫലം കണ്ടില്ല. മദ്രാസിലെത്തി ദേവരാജന്‍ മാസ്റ്ററെ കണ്ടിരുന്നെങ്കിലും അവിടെ നില്‍ക്കണം എന്നായിരുന്നു മാസ്റ്ററുടെ നിര്‍ദേശം. സാമ്പത്തികം അക്കാലത്ത് അതിനും അനുവദിച്ചില്ല. പ്രായവും അവശതകളും കൂട്ടായി എത്തിയപ്പോഴും രാജു പാട്ടുകള്‍ പാടി കൊണ്ടിരുന്നു. നിരാശ ഒന്നും തോന്നുന്നില്ല, "എനിക്ക് പാടണം എന്നു മാത്രമായിരുന്നു എന്നും. സിനിമപാട്ടായിരുന്നെങ്കില്‍ ഇത്തിരി കൂടി ശ്രദ്ധിക്കപ്പെട്ടേ എന്നു മാത്രം," രാജു പറയുന്നു.

 

English Summary: Musical journey of singer Pramadam Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com