കോവിഡിന്റെ കെട്ട കാലത്തും ഹൃദയം കവർന്ന അഞ്ച് മെലഡികള്‍

melodies
SHARE

ലോകം മുഴുവന്‍ അടച്ചിടപ്പെട്ടെങ്കിലും പാട്ടൊഴുക്കിന് കുറവൊന്നുമില്ലായിരുന്നു. നമ്മള്‍ കേട്ട് ഹൃദയത്തോടു ചേര്‍ത്ത അനേകം ഗാനങ്ങളാണ് നമ്മുടെ ഗായകര്‍ ഡിജിറ്റല്‍ ലോകത്തിന്റെ ഇടനാഴികളിലിരുന്നു പാടിത്തന്നത്. ഇതിനോടൊപ്പം തന്നെ അനേകം നല്ല ഗാനങ്ങളും റിലീസ് ചെയ്യപ്പെട്ടു. മലയാള ഭാഷയുടെ ഭംഗിയും ഒരിക്കലും മറക്കാനാകാത്ത ഈണങ്ങളും അതുപോലെ മനോഹരമായ ദൃശ്യങ്ങളുമുള്ള അഞ്ച് മലയാളം മെലഡി ഗാനങ്ങളെ പരിചയപ്പെടാം. 

ഓള്...

അശോകന്റെ ഭാഗ്യത്തെക്കുറിച്ചു പാടുന്ന പാട്ടാണ് ഓള്. ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയില്‍ പ്രശസ്തനായ, ശാസ്ത്രീയ സംഗീത ആലാപനത്തിലെ വൈദഗ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിദ് ശ്രീറാമാണ്. മനോഹരമായ ഭാഷയാണ് മലയാളമമെന്നു പറയുന്ന സിദ് ആ ഭംഗി ഉള്‍ക്കൊണ്ടാണ് പാടിയിരിക്കുന്നതും. ഷംസു സെയ്ബയുടെ വരികള്‍ക്കു ശ്രീഹരി.കെ.നായരുടേതാണ് സംഗീതം. വയലിനും വീണയും ഗിത്താറും പുല്ലാങ്കുഴലും ചേര്‍ന്ന ലളിതമായ പശ്ചാത്തല സംഗീതമാണ് പാട്ടിന്‍ വരികള്‍ക്കിടയിലൂടെ വന്നുപോകുന്നത്. ആ ലാളിത്യമാണ് പാട്ടിന്റെ ആകര്‍ഷണീയതയും.

ഒരു കുറി കണ്ടു നാം...

ഒറ്റക്കാഴ്ചയില്‍ തന്നെ ഇഷ്ടപ്പെട്ടു പോകുന്ന മനുഷ്യര്‍ എല്ലാവരുടെ ജീവിതത്തിലുമുണ്ട്. ചില പാട്ടുകളും അങ്ങനെയാണ്. അക്കൂട്ടത്തിലൊന്നാണ് ബിജിബാല്‍ സംഗീതം നല്‍കിയ ‘ഒരു കുറി കണ്ടു നാം’ എന്ന പാട്ട്. ‘വെള്ളം’ എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. ബിജിബാല്‍ സംഗീതത്തിന് എപ്പോഴുമുണ്ടാകാറുള്ള നിഷ്‌കളങ്കതയും സൗഹൃദവുമുള്ള ഗാനം. പഴയകാല മലയാള ചലച്ചിത്ര ഗാനങ്ങളെ അനുസ്മരിപ്പിപ്പിക്കുന്ന വരികള്‍ ഹരിനാരായണന്റേതാണ്. വിശ്വനാഥനാണ് പാട്ട് പാടിയിരിക്കുന്നത്. 

നീലവാനം...

ചിത്രമാധുരിയാണ് ഈ പാട്ടിന്റെ അഴക്. ചിത്രയുടെ മനോഹരമായ ഹമ്മിങില്‍ തുടങ്ങുന്ന പാട്ടിന്‍ വരികളും ഈണവും മനസ്സില്‍ പ്രസരിപ്പ് തീര്‍ക്കുന്നതാണ്. സുനില്‍ കുമാര്‍ പി.കെ. ആണ് ഒപ്പം പാടിയിരിക്കുന്നത്. അഡ്വ.ശ്രീരഞ്ജിനി എഴുതിയ വരികള്‍ക്ക് രാജേഷ് ബാബു.കെ.ശൂരനാടിന്റേതാണ് സംഗീതം. ഒരു ചെറു കവിത പോലുള്ള വരികള്‍ക്ക് നല്‍കിയ അല്‍പം ചടുലതയാര്‍ന്ന സംഗീതമാണ് പാട്ടിന്റെ പ്രത്യേകത. ‘പെര്‍ഫ്യൂം’ എന്ന ചിത്രത്തിലേതാണീ ഗാനം.

മുറ്റത്ത്...

പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ് ‘ഹലാല്‍ ലൗ സ്റ്റോറി’. ശക്തമായ പാട്ടെഴുത്തിലൂടെ വളരെ കുറച്ചു ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധ നേടിയ അന്‍വര്‍ അലിയുടേതാണ് ഇവിടെയും എഴുത്ത്. അതു തന്നെയാണ് ഗാനത്തിന്റെ ആദ്യ പ്രത്യേകതയും. പിന്നെ ബിജിബാലിന്റെ സംഗീതവും. സൗമ്യ രാമകൃഷ്ണനാണ് സ്വപ്‌നങ്ങളേയും സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള പാട്ട് പാടിയിരിക്കുന്നത്. ഒരുപാട് കെട്ടുപാടുകളില്‍ നിന്നു പതിയെ വിടുതലെടുത്ത് പാറിത്തുടങ്ങുന്നൊരാളുടെ സന്തോഷങ്ങളും പ്രതീക്ഷകളും ഒരു ചെറുകാറ്റുപോലെ നമ്മിലേക്കുമെത്തും ഈ പാട്ട് കേട്ടിരിക്കും നേരം. 

കാറ്റിന്‍ സാധകമോ...

ഹൃദയസ്പര്‍ശിയാണ് ഈ പാട്ടിന്‍ രംഗങ്ങളുടെ ഓരോ നിമിഷവും. ഗാനവും അതുപോലെ തന്നെ. സാധകം പോലെ സംശുദ്ധമായത്, ശാന്തമായത്. ഹരിചരണിന്റെ സ്വരത്തില്‍ ആരംഭിക്കുന്ന ഡ്യുയറ്റില്‍ അര്‍ച്ചന വിജയനാണ് പെണ്‍ സ്വരം. ‘ബാക്ക്പാക്കേഴ്‌സ്’ എന്ന ചിത്രത്തിലെ ഈ പാട്ട് എഴുതിയിരിക്കുന്നത് ജയരാജാണ്. സച്ചിന്‍ ശങ്കര്‍ മന്നത്തിന്റേതാണു സംഗീതം. 

English Summary: Recently released 5 melodious songs in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA