ADVERTISEMENT

മകൾ ഖദീജയുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് സംഗീത ഇതിഹാസം എ.ആർ.റഹ്മാന്‍. സൂപ്പർ സ്റ്റാർ രജനികാന്ത് ഖദീജയെ എടുത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണിത്. 1999ൽ പുറത്തിറങ്ങിയ ‘പടയപ്പ’ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിടയിൽ പകർത്തിയതാണിത്. വെളുത്ത നിറത്തിലുള്ള കുർത്ത ധരിച്ചു നിൽക്കുന്ന രജനിയുടെ കയ്യിൽ നീല നിറത്തിലുള്ള കുട്ടിയുടുപ്പണിഞ്ഞിരിക്കുകയാണ് ഖദീജ. രജനിയ്ക്കൊപ്പം രമ്യ കൃഷ്ണൻ, സൗന്ദര്യ, ശിവാജി ഗണേശൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘പടയപ്പ’. ചിത്രത്തിനു വേണ്ടി പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയത് എ.ആർ. റഹ്മാൻ ആയിരുന്നു. 

 

ഇപ്പോൾ റഹ്മാൻ പങ്കുവച്ച പൂർവകാല ചിത്രം ഇതിനോടകം സമൂഹമാധ്യമലോകം ഏറ്റെടുത്തു കഴിഞ്ഞു. ആദ്യമായി ഖദീജയുടെ മുഖം കണ്ടതിന്റെ സന്തോഷം ആരാധകർ പ്രകടിപ്പിച്ചു. കുട്ടിക്കാല ചിത്രം പങ്കുവച്ചതു പോലെ ഇപ്പോഴത്തെ ചിത്രം കൂടി കാണണമെന്നാണ് ആരാധകരുടെ ആവശ്യം. കാരണം, പൊതു വേദികളിലുള്‍പ്പെടെ ഖദീജ മുഖം മറച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. എപ്പോഴും ബുർഖ ധരിച്ചെത്തുന്ന ഖദീജയ്ക്കു നേരെ പല വിമര്‍ശനങ്ങളും ഉയർന്നിട്ടുമുണ്ട്. 

 

എന്നാൽ ബുർഖ ധരിക്കുക എന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും ആ തീരുമാനത്തെക്കുറിച്ചോർക്കുമ്പോൾ എന്നും അഭിമാനമാണെന്നും ഈയടുത്ത് ഖദീജ വെളിപ്പെടുത്തിയിരുന്നു. റഹ്മാന്റെ സംഗീതത്തിൽ ഖദീജ ആലപിച്ചു പുറത്തിറക്കിയ 'ഫരിശ്തോ' എന്ന ഗാനത്തെക്കുറിച്ചു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടതിനെക്കുറിച്ച് ഖദീജ മനസ്സ് തുറന്നത്. 

 

മകളുടെ വസ്ത്രധാരണം സംബന്ധിച്ച ചർച്ചകളിൽ എ.ആർ.റഹ്മാനും പ്രതികരണം അറിയിച്ചിരുന്നു. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ മകൾ ബുർഖ ധരിച്ച കൂടുതൽ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഖദീജ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനമാണിതെന്നും അതിനെ മതപരമായ ഒന്ന് എന്നതിനേക്കാൾ മാനസികമായ (സൈക്കോളജിക്കൽ) ഒരു തീരുമാനമെന്നു കരുതാനാണ് വ്യക്തിപരമായി താനാഗ്രഹിക്കുന്നതെന്നും എ.ആർ.റഹ്മാൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com