ADVERTISEMENT

കേരളത്തിലെങ്ങും, ഇന്നു തിരഞ്ഞെടുപ്പു വീണ്ടും, പല പാർട്ടി, ജനസേവകർ, മത്സരമായി മുന്നിൽ... ‘ജലോത്സവം’ എന്ന ചിത്രത്തിലെ ‘കേരനിരകളാടും’ എന്ന ജനപ്രിയ ഗാനത്തിന്റെ ഈ പാരഡി ഇപ്പോൾ നാട്ടിലെങ്ങും  പാട്ടാണ്! ഹിറ്റായ ഈ തിരഞ്ഞെടുപ്പു ഗാനം പുറത്തിറങ്ങിയത് ഉടുമ്പന്നൂരിലെ അശ്വതി റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നാണ്. വോട്ടർമാരെ പാട്ടിലാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും പാരഡി പാട്ടുകളെ കൂട്ടുപിടിക്കുമ്പോൾ വർഷങ്ങളായി പരസ്യ പ്രചാരണ രംഗത്ത് പ്രവർത്തിക്കുന്ന അശ്വതി മധുവിന്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റുഡിയോയിൽ ഇപ്പോൾ തിരക്കൊഴിഞ്ഞ നേരമില്ല. 

 

ഏതു സ്ഥാനാർഥിക്കും വേണ്ട അനൗൺസ്മെന്റുകളും പാരഡി ഗാനങ്ങളും ഇവിടെ മണിക്കൂറുകൾക്കകം റെഡിയാകും. കോവിഡ് കാലമാണെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മധുവിനെ തേടിയെത്തുന്ന സ്ഥാനാർഥികൾ ഏറെ. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രാദേശികമായ വിഷയങ്ങളൊക്കെ ഉൾപ്പെടുത്തിയാണ് പാട്ടുകൾ തയാറാക്കുന്നത്.സമകാലിക സംഭവങ്ങൾ കോർത്തിണക്കി സ്ഥാനാർഥിക്ക് അനുകൂലമായി പാട്ട് എഴുതുമ്പോഴും എതിരാളികളെ വേദനിപ്പിക്കുന്ന തരത്തിൽ ഇദ്ദേഹം ഒരു വരി പോലും  ഉൾപ്പെടുത്താറില്ല. 

 

അശ്വതി ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനം നടത്തുകയായിരുന്നു മധു. മികച്ച രീതിയിൽ അനൗൺസ്മെന്റ് നടത്തിയിരുന്നവരിൽ ഒരാളുമാണ്.  ഇതിൽനിന്നു വരുമാനം കുറഞ്ഞതോടെയാണ് 8 വർഷം മുൻപു സ്വന്തമായി റെക്കോർഡിങ് സ്റ്റുഡിയോ ആരംഭിച്ചത്. സൗണ്ട് എൻജിനീയറിങ് ബിരുദധാരിയായ മകൻ അശ്വിനും ഒപ്പമുണ്ട്. പാട്ടുകൾ എഴുതുന്നതും സംഗീതം നൽകുന്നതും മധു തന്നെ. പുതിയ അടിപൊളി പാട്ടുകളുടെയും നാടൻ പാട്ടുകളുടെയും മാപ്പിളപ്പാട്ടുകളുടെയുമൊക്കെ പാരഡികൾ പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ്. മധുവിനു പുറമേ ഗായകനായ കലാഭവൻ സജീവും പാട്ടുകൾ എഴുതുന്നുണ്ട്. കലാഭവൻ ഡെൻസൻ, കലാഭവൻ സജീവ്, ലൂയിസ് മേലുകാവ്, നസീർ മൂവാറ്റുപുഴ, അജിൽന ജയിംസ്, സീതാലക്ഷ്മി എന്നിവരാണു ഗായകർ. ഇപ്പോൾതന്നെ വിവിധ സ്ഥാനാർഥികൾക്കായി അൻപതിലേറെ ഗാനങ്ങൾ ഇവർ തയാറാക്കിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com