ADVERTISEMENT

മക്കൾക്കൊപ്പമുള്ള പാട്ട് റെക്കോര്‍ഡിങ് അനുഭവം പറഞ്ഞ് സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ. പാട്ട് ചിട്ടപ്പെടുത്തുന്ന സമയത്ത് താൻ സംഗീതസംവിധായകൻ മാത്രമാണെന്നും അച്ഛൻ എന്ന നിലയിലല്ല ആ സമയത്ത് മക്കളോടു പെരുമാറുന്നതെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റഹ്മാൻ വെളിപ്പെടുത്തി. റഹ്മാന്റെ മക്കളായ ഖദീജയും എ.ആർ.അമീനും ഈയടുത്ത കാലത്ത് സംഗീത ആൽബങ്ങൾ റിലീസ് ചെയ്തിരുന്നു. ഇരു ഗാനങ്ങളും ചിട്ടപ്പെടുത്തിയത് റഹ്മാൻ തന്നെയാണ്. 

 

‘ലോക്ഡൗൺ കാലം എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതും അതുപോലെ സംതൃപ്തകരവുമായിരുന്നു. എന്റെ അമ്മ അസുഖ ബാധിതയായി കഴിയുകയായിരുന്നു. അപ്പോഴൊക്കെ ആ സാഹചര്യങ്ങളെ അതിജീവിക്കാൻ എനിക്ക് ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നു. അതുപോലെ ഈ ലോക്ഡൗൺ കാലത്താണ് ഞാൻ എന്റെ മക്കള്‍ക്കൊപ്പം പാട്ടുകളൊരുക്കിയത്. എന്റെ സംഗീതത്തിൽ അവര്‍ പാടി. റെക്കോർഡിങ് സ്റ്റുഡിയോയിൽ കയറിയാൽ പിന്നെ ഞാൻ കമ്പോസർ മാത്രമാണ്. അവിടെ അച്ഛൻ–മക്കൾ ബന്ധങ്ങളൊന്നുമില്ല. എന്റെ മക്കളോടു പോലും ഞാൻ വളരെ പരുക്കനായി മാത്രമേ പെരുമാറൂ. കടുത്ത ഭാഷയിലായിരിക്കും സംസാരിക്കുന്നത്. 

 

പക്ഷേ അപ്പോഴത്തെ എന്റെ അത്തരം മാറ്റങ്ങൾ മക്കൾക്ക് എപ്പോഴും ഗുണകരമായേ ഭവിക്കൂ എന്നെനിക്കുറപ്പാണ്. കാരണം, സംഗീതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അത് അവരെ സഹായിക്കും. അതുകൊണ്ടു തന്നെ ഞാൻ അതിനെ നല്ല രീതിയിൽ മാത്രമാണു കാണുന്നത്. സംഗീതത്തിൽ നിലയുറപ്പിക്കണമെങ്കിൽ അത്രയധികം കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിക്കേണ്ടിവരുമെന്ന തിരിച്ചറിവ് അവർക്കുണ്ടാകാൻ ഇത്തരം പെരുമാറ്റങ്ങൾ അനിവാര്യമാണ്’. എ.ആര്‍.റഹ്മാൻ പറഞ്ഞു. 

 

സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രമായ ‘ദിൽ ബേചാര’യിലെ ‘നെവർ സേ ഗുഡ്ബൈ’ എന്ന ഗാനമാണ് റഹ്മാന്റെ മകൻ എ.ആർ.അമീൻ ആലപിച്ചത്. പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പലനാടുകളിലൂടെ തീർത്ഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിയ്ക്കായുള്ള പ്രാർഥനയായാണ് റഹ്മാന്റെ മകൾ ഖദീജ 'ഫരിശ്തോ' എന്ന സംഗീത ആൽബം പുറത്തിറക്കിയത്. സ്ത്രീകൾ‌ ദുർബലരല്ലെന്നു വ്യക്തമാക്കുന്ന പാട്ടിന് മുന്ന ഷൗക്കത്ത് അലിയാണ് വരികളൊരുക്കിയത്. പാട്ടിന്റെ ടീസറും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com