ADVERTISEMENT

‘സുഗക്ക് എന്താണോ വേണ്ടത് അത് സുഗ നേടിയിരിക്കും’ ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ബിടിഎസിലെ അംഗം സുഗയെക്കുറിച്ചാണ് ഈ വാക്കുകൾ. പറയുന്നത് ബിടിഎസിന്റെ ആരാധകവൃന്ദം തന്നെ. ഈ യുവ ബാൻഡിന്റെ ദശലക്ഷക്കണക്കിന് ആരാധകര്‍ക്കിടയിൽ കുറച്ചേറെ കാലമായി പ്രചാരത്തിലിരിക്കുന്ന ചൊല്ലാണിത്. ഇപ്പോള്‍ ഈ ചൊല്ലിന് പ്രാധാന്യം കൂടി വരാന്‍ പ്രത്യേകിച്ചൊരു കാരണം കൂടിയുണ്ട്. ഏഴ് അംഗങ്ങളുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ബിടിഎസ് മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിൽ ഗ്രാമി നാമനിർദ്ദേശം നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. ആഗോള പോപ്പ് സെൻസേഷൻ ഗ്രൂപ്പിലെ ഏറ്റവും ഊർജ്ജസ്വലനും സുന്ദരനുമായ സുഗക്ക് ഇനിയൊരു ഗ്രാമിയാണ് വേണ്ടതെങ്കിൽ അയാൾ അതും നേടിയിരിക്കുമെന്ന് പ്രസ്താവിക്കുന്ന ചൊല്ല് യാഥാർഥ്യമാകുമോയെന്നറിയാനായി കാത്തിരിക്കുകയാണ് സംഗീതലോകം. ബിടിഎസിന്റെ ചാർട്ട് ടോപ്പിംഗ് സിംഗിൾ ആയ ഡൈനാമൈറ്റിനാണ് 63ാമത് ഗ്രാമി അവാർഡ് നോമിനേഷൻ ലഭിച്ചത്

 

2013ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ബിടിഎസ് എന്ന് വിളിപ്പേരുള്ള 'ബാങ്ങ്ടാൻ സോണിയോണ്ടൻ' എന്ന ബാൻഡ് ആകർഷണീയമായ സംഗീതത്തോടൊപ്പം യുവജനങ്ങളെ ശാക്തീകരിക്കാൻ ഉതകുന്ന തരത്തിലുള്ള വരികളുമായി സാമൂഹിക പ്രചാരണങ്ങളും നടത്തി മുന്നേറുകയാണ്. ബാൻഡ് ഇതിനോടകം തന്നെ ബിൽബോർഡ് മ്യൂസിക് അവാർഡ്, അമേരിക്കൻ മ്യൂസിക് അവാർഡ്, എംടിവി യൂറോപ്പ് മ്യൂസിക് അവാർഡ് ഇനീ ബഹുമതികൾ നേടിയിട്ടുണ്ട്. ആർ‌എം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജംഗ്‌കുക്ക് എന്നിവരടങ്ങിയ ബി‌ടി‌എസ് ഈ വർഷം ലിൻ നാസ് എക്‌സിന്റെ ‘ഓൾഡ് ടൗൺ റോഡ്സ്’ സ്റ്റേജിന്റെ ഭാഗമായി ആദ്യമായി ഗ്രാമിയിൽ തിളങ്ങുന്ന കൊറിയൻ ബാൻഡ് ആയി ചരിത്രം കുറിച്ചു. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഈ പ്രകടനം ഇപ്പോൾ തന്നെ സംഗീതപ്രേമികളുടെയിടയിൽ ചർച്ചയായിട്ടുണ്ട് 

 

സുഗയുടെ ആഗ്രഹം പോലെ തന്നെ അദ്ദേഹം കൊറിയൻ സംഗീത അവാർഡ് ഷോയിലെ മഹത്തായ അവാർഡായ ഡീസാംഗ് അവാർഡ് നേടുകയും ബിൽബോർഡ് ചാർട്ടുകളിൽ പ്രവേശിക്കുകയും ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു. പോപ്പ് സംഗീതത്തിലെ ഏറ്റവും പരമോന്നത ബഹുമതിയായ ഒരു ഗ്രാമി അവാർഡ് നേടാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് ഇതോടെ പൂവണിയാൻ പോകുന്നത്. ഇപ്പോൾ ഗ്രാമി നേടാനായാൽ അത് തോളിൽ ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ച്‌ വരുന്ന റാപ്പറിനായി ബാൻഡിന് നൽകാൻ കഴിയുന്ന ഏറ്റവും മിഴിവുറ്റ സമ്മാനമായിരിക്കും. ഗ്രാമി നാമനിർദേശത്തിനായി തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ബാൻഡ് ലീഡറായ ആർ എം വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ഏറ്റവും പുതിയ ആൽബമായ ബി ഇ യുടെ ലോഞ്ചിനിടെയാണ് അദ്ദേഹം സ്വപ്ന സമാനമായ ഈ ആഗ്രഹം വെളിപ്പെടുത്തിയത്. ഗ്രാമിയെക്കുറിച്ചു ടെൻഷൻ ഇല്ലെന്നു പറഞ്ഞാൽ അത് നുണയായിപ്പോകുമെന്നും ഈ 26 കാരൻ പറഞ്ഞു.  

 

ബിടിഎസ് 2019 സെപ്റ്റംബർ 1 മുതൽ 2020 ഓഗസ്റ്റ് 31 വരെ പുറത്തിറക്കിയ ഗാനങ്ങൾ 63-ാമത് ഗ്രാമി അവാർഡ് നാമനിർദ്ദേശങ്ങൾക്ക് അർഹത നേടിയിട്ടുണ്ട്. പൂർണ്ണമായും ഇംഗ്ലീഷിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഹിറ്റ് 'ഡൈനാമൈറ്റ്' സെപ്റ്റംബറിൽ ബിൽബോർഡ് ഹോട്ട് 100 സിംഗിൾസ് ചാർട്ടിൽ ഒന്നാമതെത്തിയിരുന്നു. എന്നാൽ അവർ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ‘ലൈഫ് ഗോസ് ഓൺ’ എന്ന സിംഗിൾ  ബാൻഡ് പിന്നീട് ഉപേക്ഷിച്ചു. ബി ഇ എന്ന ആൽബത്തിലേതായിരുന്നു ഈ സിംഗിൾ.

 

ബിടിഎസിലെ അംഗങ്ങളെല്ലാം തന്നെ ബാൻഡിലെ എല്ലാ ജോലികളിലും പങ്കാളികളാണ്.  ജിമിൻ ആണ് ആൽബത്തിന്റെ പ്രോജക്ട് മാനേജർ. ലീഡ് സിംഗിളിനായി മ്യൂസിക് വിഡിയോ സംവിധാനം ചെയ്തത് ജംഗ്കൂക്കും വിഷ്വൽ ഡയറക്ടറുടെ ചുമതല വി-ക്കും ആയിരുന്നു. ബിടിഎസ് കഴിഞ്ഞ മാസം അവതരിപ്പിച്ച വെർച്വൽ കോൺസെർട്ടിനു 191 രാജ്യങ്ങളിൽ നിന്ന് 990,000ൽ അധികം കാഴ്ചക്കാരുണ്ടായിരുന്നു. 45 മില്യൺ ഡോളറിന്റെ റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് അന്നു നടന്നത്. കോവിഡ് വ്യാപനം മൂലം ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 40 ഓളം കോൺസെർട്ടുകൾ ബാൻഡിന് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. 

 

ബി ടി എസിലെ എല്ലാ അംഗങ്ങളും സൈനിക സേവനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. 2021ൽ സൈനിക പട്ടികയിൽ പ്രവേശനം സാധ്യമായാൽ  ബാൻഡിലെ ഏറ്റവും മൂതിർന്ന അംഗമായ ഇരുപത്തിയേഴുകാരൻ ജിൻ, അടുത്ത വർഷം അവസാനത്തോടെ പോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ ജിന്നിന്റെ അഭാവം ബാൻഡിന്റെ പ്രവർത്തനങ്ങളെ പുറകോട്ടു വലിച്ചേക്കും. അതിനു മുൻപുതന്നെ ഒരു ഗ്രാമി നേടുക എന്നുള്ളത് ബി ടി എസിന്റെ ആരാധകരും കൊതിക്കുന്ന ഒന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com