45 കോടി കാഴ്ചക്കാർ; തേരോട്ടം തുടർന്ന് അല്ലു അർജുന്റെ 'ബുട്ട ബൊമ്മ'

ButtaBomma
SHARE

ആസ്വാദകരെയൊന്നാകെ ചുവടുവപ്പിച്ച് 45 കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി സൂപ്പർഹിറ്റ് ഗാനം ‘ബുട്ട ബൊമ്മ’യുടെ തേരോട്ടം. ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ എന്നീ താരജോഡികൾ തകർത്താടിയ പാട്ട് തെന്നിന്ത്യയെ ഒന്നാകെ ഹരം പിടിപ്പിക്കുകയായിരുന്നു. തമൻ എസ് സംഗീതം നൽകിയ പാട്ടിന് അർമാൻ മാലിക്ക് ആണ് പിന്നണിയിൽ സ്വരമായത്. രാമജോഗയ്യ ശാസ്ത്രിയുടേതാണു വരികൾ. 

പാട്ടാസ്വാദകർ 45 കോടി പിന്നിട്ടതിന്റെ റിപ്പോർട്ടുകൾ അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടത്. ‘ബുട്ട ബൊമ്മ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്പെഷൽ പോസറ്ററും ശ്രദ്ധിക്കപ്പെട്ടു. അല്ലു അർജുനും ഗായകൻ അർമാൻ മാലിക്കിനും നന്ദി പറഞ്ഞുകൊണ്ട് സംഗീതസംവിധായകൻ തമൻ തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്. ‘ബുട്ട ബൊമ്മ’യ്ക്കു പകരം മറ്റൊരു പാട്ടില്ലെന്നും, ഇനിയൊരിക്കലും ഉണ്ടാവുകയുമില്ലെന്നുമാണ് ആരാധകപക്ഷം. 

ഈ വർഷം ഫെബ്രുവരിയിലാണ് പാട്ട് പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറിയ പാട്ട് സിനിമാപ്രേമികളെയൊന്നാകെ കയ്യിലെടുത്തു. പലപ്പോഴായി പലരും പാട്ടിനൊപ്പം ചുവടു വച്ച് വിഡിയോകൾ പോസ്റ്റ് ചെയ്തു. ശിൽപ ഷെട്ടി, സിമ്രൻ തുടങ്ങി പ്രമുഖരുള്‍പ്പെടെ നിരവധി പേരുടെ വിഡിയോകൾ ആരാധകര്‍ക്കിടയിൽ ചർച്ച ചെയ്യപ്പെട്ടു. രാജ്യത്തിന്റെ അതിർത്തികൾ ഭേദിച്ചു പറന്നുയർന്ന പാട്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെയും കെവിൻ പീറ്റേഴ്സനെയുമുൾപ്പെടെ ഹരം പിടിപ്പിച്ചു. ഇവർ പാട്ടിനൊപ്പം ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു. 

പാട്ട് ഇപ്പോഴും ആവർത്തിച്ചു കാണുന്നവരും ആസ്വദിക്കുന്നവരും ഏറെയാണ്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അല്ലുവിനൊപ്പം ജയറാം, തബു, പൂജ ഹെഗ്ഡെ, സമുദ്രക്കനി, ഗോവിന്ദ് പത്മസൂര്യ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്. 

English Summary: Butta Bomma song croses 450 million views

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA