ADVERTISEMENT

ചരിത്രം തിരുത്തിക്കുറിച്ച് റോക്ക് പെർഫോമൻസ് വിഭാഗത്തിനുള്ള പട്ടികയിലേക്ക് വനിതകളെ മാത്രം നാമനിർദ്ദേശം ചെയ്തുകൊണ്ടാണ് 2021‌ലെ ഗ്രാമി അവാർഡ് ദാനം ഒരുങ്ങുന്നത്. ഇതാദ്യമായാണ് മികച്ച റോക്ക് പെർഫോമൻസ് വിഭാഗത്തിനുള്ള നോമിനികളുടെ പട്ടികയിലേക്ക് വനിതകളെ മാത്രം നാമനിർദ്ദേശം ചെയ്യുന്നത്. ലോകം ഉറ്റുനോക്കുന്ന അവാർഡ് ഷോകളിലൊന്നായ ഗ്രാമിയുടെ 2021ലെ അവാർഡ് ദാന ചടങ്ങിനെ സംബന്ധിച്ച പ്രഖ്യാപനം നവംബർ 24നാണ് നടന്നത്. അവാർഡ് ദാനം അടുത്ത വർഷം ജനുവരി 31നു നടക്കും. മികച്ച റോക്ക് പെർഫോമൻസ് നോമിനികളാകുന്നത് വനിത ആർട്ടിസ്റ്റുകളോ വനിതാ സംഗീത ബാൻഡുകളോ മാത്രമായിരിക്കും എന്നതു തന്നെയാണ് 2021ലെ ഗ്രാമിയുടെ മുഖ്യ സവിശേഷത. ആൽബം അവാർഡിനായി നാല് ഗാനരചയിതാക്കളും മത്സരിക്കുന്നുണ്ട്. 

 

'ബെസ്റ്റ് റോക്ക് പെർഫോമൻസ്' വിഭാഗത്തിലേക്കുള്ള നോമിനികളുടെ മുഴുവൻ പട്ടികയിലും ആദ്യമായി വനിതാ ആർട്ടിസ്റ്റുകളോ വനിതാ ബാൻഡുകളോ ആണ് ഉൾപ്പെടുക. 'ക്യോട്ടോ'യ്ക്ക് വേണ്ടി ഫോബ് ബ്രിഡ്ജേഴ്സ്,' ഷമൈക'യ്ക്കായി ഫിയോണ ആപ്പിൾ, 'ദി സ്റ്റെപ്പിനായി' പോപ്പ് ബാൻഡ് ഹെയിം, 'ഡേലൈറ്റിനായി' ഗ്രേസ് പോട്ടർ, 'സ്റ്റേ ഹൈ' എന്നതിനായി ബ്രിട്ടാനി ഹോവാർഡ്, 'നോട്ട്' എന്നതിന് റോക്ക് ബാൻഡ് ബിഗ് തീഫ് എന്നിവരാണ് ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്നതിനായി മത്സരിക്കുന്നത്. ഇതിനുപുറമെ, 'മികച്ച റോക്ക് സോംഗ്', 'ബെസ്റ്റ് ആൾട്ടർനേറ്റീവ് മ്യൂസിക് ആൽബം' എന്നീ വിഭാഗങ്ങളിലും ഫിയോണ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ബിയോൺസിനും ഡുവ ലിപയ്ക്കും അഞ്ച് നോമിനേഷനുകൾ വീതവും ടെയ്‌ലർ സ്വിഫ്റ്റിന് നാല് നോമിനേഷനുകളും ലഭിച്ചു. പോപ്പ് സെൻസേഷൻ ബില്ലി ഐലിഷ് മൂന്ന് അവാർഡുകൾക്കായും 2021ലെ ഗ്രാമിയിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടുണ്ട്. ഈ വർഷത്തെ ഗ്രാമി വേദിയിൽ അഞ്ചു പുരസ്കാരങ്ങൾ നേടിയാണ് പതിനെട്ടുകാരിയായ ബില്ലി ഐലിഷ് തിളങ്ങിയത്. 

 

ഇതിനിടെ 2021ലെ ഗ്രാമി അവാർഡ് നോമിനേഷൻ അഴിമതി നിറഞ്ഞതാണെന്ന് കനേഡിയൻ ഗായകൻ ദ് വീക്കെൻഡ് ട്വിറ്ററിൽ കുറിച്ചത് ചർച്ചാവിഷയമായി. എന്നാൽ സമിതിയാണ് വോട്ടെടുപ്പിനെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നതെന്നും അതിൽ വോട്ടർമാർ അവരുടെ പ്രിയപ്പെട്ടവയ്ക്കായി വോട്ടുചെയ്യുമെന്നും റെക്കോർഡ് അക്കാദമി ചെയർമാൻ ഹാർവി മേസൺ ജൂനിയർ പറഞ്ഞു. അവാർഡ് ദാന ചടങ്ങ് ലോസ് ആഞ്ചല്‍സിൽ ആണ് നടക്കുകയെന്നും, വേദി തീരുമാനിച്ചിട്ടില്ലെന്നും വേദിയെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടൻ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com