ADVERTISEMENT

സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയുടെ ദുരിത കഥ കേട്ട് സഹായഹസ്തവുമായി ബോളിവുഡ് ഗായിക നേഹ കക്കർ. ഗായിക വിധികർത്താവായെത്തുന്ന ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന ജയ്പൂർ സ്വദേശി ഷഹ്സാദ് അലിയുടെ ജീവിതകഥയാണ് നേഹയെ ഏറെ സ്പർശിച്ചത്. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സംഗീതത്തോടുള്ള അടങ്ങാത്ത മോഹവുമായാണ് ഷഹ്സാദ് അലി മത്സരത്തിൽ പങ്കെടുക്കാൻ മുംബൈയിലേയ്ക്കു വണ്ടി കയറിയത്.  

 

പരിപാടിയുടെ വേദിയിൽ ജീവിത കഥ വിശദീകരിച്ച ഷഹ്സാദ് വേദിയെയും സദസ്സിനെയും വിധികർത്താക്കളെയും ഒരുപോലെ കണ്ണീരണിയിച്ചു. ജയ്പൂരിൽ ചെറിയൊരു തുണിക്കടയിലെ ജോലിക്കാരനാണ് ഷഹ്സാദ്. മുത്തശ്ശിയുടെ സംരക്ഷണയിലാണ് അദ്ദേഹം വളർന്നത്. റിയാലിറ്റി ഷോയിൽ പങ്കെടുക്കണമെന്ന ഷഹ്സാദിന്റെ ആഗ്രഹം സഫലമാക്കാൻ വേണ്ടി മുത്തശ്ശി അയ്യായിരം രൂപ ലോണെടുത്താണ് ഷഹ്സാദിനെ മുംബൈയിലേയ്ക്കയച്ചത്. 

 

ഷഹ്ഫാസിന്റെ ജീവിതകഥ കേട്ട് അദ്ഭുതപ്പെട്ട നേഹ, പ്രിയപ്പെട്ട മത്സരാർഥിക്ക് തന്റെ വക എളിയ സമ്മാനമായി ഒരു ലക്ഷം രൂപ നൽകുകയാണെന്നു വേദിയിൽ വച്ചു പറഞ്ഞു. മത്സരത്തിന്റെ മറ്റൊരു വിധികർത്താവായ ഗായകനും സംഗീതസംവിധായകനുമായ വിശാൽ ദദ്‌ലാനിയും ഷഹ്സാദിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

 

വിവാഹത്തെത്തുടർന്ന് റിയാലിറ്റിഷോയിലെ ജ‍ഡ്ജിങ് പാനലിൽ നിന്നും താത്ക്കാലികമായി മാറി നിൽക്കുകയായിരുന്നു നേഹ കക്കർ. ഗായകൻ രോഹൻപ്രീത് സിങ്ങുമായി ഒക്ടോബർ 24നായിരുന്നു നേഹയുടെ വിവാഹം. ഈയടുത്ത കാലത്താണ് നേഹയും രോഹനും തങ്ങൾ പ്രണയത്തിലാണെന്ന കാര്യം വ്യക്തമാക്കിയത്. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com