ADVERTISEMENT

അകാലത്തിൽ അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിൽ മൈസൂരു സർവകലാശാലയിൽ സ്റ്റഡി ചെയർ. ഇതിനായി 5 ലക്ഷം രൂപ നീക്കി വച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ചു ധാരണയായത്. സംഗീതസംവിധായകൻ ഹംസലേഖ വിസിറ്റിങ് ഫാക്കൽറ്റിയാകാൻ സമ്മതിച്ചതായും സർവകലാശാലാ അധികൃതർ അറിയിച്ചു. 

 

എസ്പിബിയുടെ പേരിൽ സ്റ്റഡി ചെയർ സ്ഥാപിക്കുന്ന കാര്യം മുന്നോട്ടു വച്ചപ്പോൾ തന്നെ യോഗാംഗങ്ങളെല്ലാം ഒന്നടങ്കം സമ്മതം നൽകുകയായിരുന്നു. കലാപ്രേമികൾക്കും കലാകാരന്മാർക്കും നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്റ്റഡി ചെയർ സഹായിക്കുമെന്ന് യോഗത്തിൽ വിലയിരുത്തലുകൾ ഉണ്ടായി. 

 

സർവകലാശാലയുടെ ചരിത്രത്തിൽ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ സ്ഥാപിക്കുന്നതെന്നും ഇതിഹാസ ഗായകനോടുള്ള തങ്ങളുടെ ആദരവും സ്നേഹവുമാണ് ഇതിനു പിന്നിലെന്നും വൈസ് ചാൻസലർ ജി.ഹേമന്ദ കുമാർ പറഞ്ഞു. എസ്പിബിയുടെ സംഗീതയാത്രയെക്കുറിച്ചും സംഗീതരംഗത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ചും സ്റ്റഡി ചെയറിൽ രേഖപ്പെടുത്തും. ഗായകനെക്കുറിച്ച് പുസ്തകങ്ങൾ പുറത്തിറക്കാനും ആലോചിക്കുന്നതായി ഹേമന്ദ കുമാർ വ്യക്തമാക്കി. 

 

െസപ്റ്റംബർ 25നാണ് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 5ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ തുടർചികിത്സാഫലം നെഗറ്റീവ് ആയെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. അദ്ദേഹത്തിന്റെ രോഗമുക്തിക്കും മടങ്ങി വരവിനും വേണ്ടി പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു ആരാധകവൃന്ദം. എന്നാൽ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ച് ഏറെ നൊമ്പരപ്പെടുത്തി എസ് പി ബി കടന്നു പോയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com