ADVERTISEMENT

നിലാവുദിച്ചു നിൽക്കുന്ന രാത്രി യാമത്തിൽ ഇലത്തുമ്പിൽ വീണ മഞ്ഞുതുള്ളി തട്ടിക്കുടഞ്ഞ് നജിം അർഷാദ് പാടുകയാണ്, അതിലോലം ഹൃദ്യമായി. പാടുന്നതാകട്ടെ അര നൂറ്റാണ്ടു മുൻപ് നജീമിന്റെ വാപ്പച്ചി (പിതാവ്) ഷാഹുൽ ഹമീദ് ചിട്ടപ്പെടുത്തിയ ഈണത്തിലും. അമ്പത് കൊല്ലം എന്നത് ഒരു കുറഞ്ഞ കാലയളവല്ല. പക്ഷേ പതിറ്റാണ്ടുകൾ പിന്നിട്ടെത്തിയ പാട്ടിന് ഇന്നും പതിനേഴിന്റെ അഴകു വിടരും പ്രണയത്തിന്റെ ചാരുത. ഇന്നലെ നജീം പുറത്തിറക്കിയ ‘ഹിമബിന്ദു’ എന്ന പാട്ടിനു പ്രത്യേകതകൾ വേറെയുമുണ്ട്. നജീമിന്റെ മുതിർന്ന സഹോദരൻ ഡോ. അജിം ഷാദ് ആണ് വാപ്പച്ചിയുടെ ഈണത്തിനു വരികൾ കുറിച്ചത്. രണ്ടാമത്തെ സഹോദരൻ സജിം നൗഷാദ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചു. അങ്ങനെ ഒരു സമ്പൂർണ ഫാമിലി സോങ്ങുമായാണ് നജിം അർഷാദിന്റെ ഇത്തവണത്തെ വരവ്. കൂടുതൽ പാട്ടു വിശഷങ്ങൾ നജിം തന്നെ പറയട്ടെ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ‘ഹിമബിന്ദു’വിനെക്കുറിച്ച് നജിം അർഷാദ് മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു. 

‘പ്രിയപ്പെട്ട വാപ്പച്ചിയ്ക്കായി ഞങ്ങൾ മൂന്നു മക്കളും ചേർന്നു നൽകുന്ന സ്നേഹസമ്മാനമാണിത്. അമ്പത് വർഷം മുൻപ് വാപ്പ ചിട്ടപ്പെടുത്തിയ പാട്ടിനു ചില മാറ്റങ്ങൾ വരുത്തി നൂതനസാങ്കേതിക വിദ്യയുടെ സഹായത്താൽ ഓർക്കസ്ട്രേഷനൊക്കെ ചെയ്താണ് വിഡിയോ ഒരുക്കിയത്. വാപ്പയുടെ പാട്ട് സംഗീതപ്രേമികൾക്കിടയിലേയ്ക്ക് എത്തിക്കണമെന്നതു മാത്രമായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായി വിഡിയോ ചിത്രീകരിച്ചു എന്നു മാത്രം. അന്നത്തെക്കാലത്ത് വാപ്പച്ചി ട്രിവാൻഡ്രം മ്യൂസിക് ട്രൂപ്പിൽ പാടാൻ പോകുമായിരുന്നു. ഉമ്മച്ചിയും അവിടുത്തെ ഗായികയായിരുന്നു. അങ്ങനെ അവർ ഇരുവരും ഒരുമിച്ചു പാടിയ യുഗ്മഗാനമാണിത്. അന്ന് ഈ പാട്ടിനോട് ഏറെ അടുപ്പവും ഇഷ്ടവുമുള്ള നിരവധി പേരുണ്ടായിരുന്നു. പക്ഷേ അന്നത്തെ സാഹചര്യങ്ങൾ വളരെ പരിമിതമായതിനാൽ പാട്ട് എല്ലാവരിലേയ്ക്കുമെത്തിക്കാൻ സാധിച്ചില്ല. 

വാപ്പയുടെ ഒരു സുഹൃത്തായിരുന്നു പാട്ടിനു വരികൾ കുറിച്ചത്. ഇപ്പോൾ ‘ഹിമബിന്ദു’ പുറത്തിറക്കിയപ്പോൾ പാട്ടിന്റെ വരികള്‍ മാറ്റിയെഴുതിയിട്ടുണ്ട്. എന്റെ മൂതിർന്ന സഹോദരൻ അജിം ഷാദ് ആണ് വരികൾക്കു പിന്നിൽ. രണ്ടാമത്തെ സഹോദരൻ സജിം നൗഷാദ് സൗണ്ട് എൻ‍ജിനിയർ ആണ്. അദ്ദേഹമാണ് മിക്സിങ് നിർവഹിച്ചത്. അങ്ങനെ കുടുംബാംഗങ്ങൾ ഒരുമിച്ചു ചേർന്നൊരുക്കിയ ഈ പാട്ട് ഒരു മുഴുനീള ഫാമിലി സോങ് ആണെന്നു തന്നെ പറയാം. വാപ്പച്ചിയ്ക്ക് ഇപ്പോൾ 75 വയസ്സ് ആയി. അദ്ദേഹത്തിന് എന്നും കേട്ടു സന്തോഷിക്കാൻ വേണ്ടി സ്നേഹപൂർവം ഒരുക്കിയതാണ് ഈ പാട്ട്. അന്നത്തെക്കാലത്ത് വാപ്പച്ചിയുടെ ഈണത്തിൽ വേറെയും ഒരുപാട് പാട്ടുകൾ പിറന്നിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച ഒന്ന് തിരഞ്ഞെടുത്താണ് ഞാനും എന്റെ സഹോദരന്മാരും ചേർന്ന് ഇപ്പോൾ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഒരുപാട് സ്നേഹത്തോടെ പാട്ട് വാപ്പച്ചിക്കു സമ്മാനിക്കുകയാണ്. ഇതു കേട്ട് എന്റെ പ്രിയ വാപ്പച്ചി എന്നും സന്തോഷിക്കട്ടെ’. 

നജീമിന്റെ പാട്ടിന്, വാപ്പച്ചിയുടെ ഈണത്തിന് ഇപ്പോൾ മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഈ സമ്പൂർണ കുടുംബഗാനം അതിസുന്ദരമാണെന്നും ഷാഹുൽ ഹമീദിന്റെ വേറെയും ഈണങ്ങൾ ഇനിയും സംഗീതലോകത്തെത്തുമെന്നാണ് പ്രതീക്ഷയെന്നും ആസ്വാദകർ കുറിച്ചു. ജോസി ആലപ്പുഴയുടെ പുല്ലാങ്കുഴൽ സംഗീതവും സുമേഷ് പരമേശ്വറിന്റെ ഗിറ്റാർ ഈണവും പാട്ടിന്റെ ഹൃദ്യത വർധിപ്പിച്ചു എന്നും പ്രേക്ഷകർ പ്രതികരിച്ചു. പച്ചപ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത് ദാസ് കെ. മോഹനൻ ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com