ADVERTISEMENT

ലോകത്തിലുള്ള ഭൂരിഭാഗം ആളുകളെയും പോലെ ഈ മഹാവ്യാധിയുടെ കാലം അവസാനിക്കട്ടെയെന്നു തന്നെയാണ് ഗായിക മധുശ്രീ നാരായണന്റെയും ആഗ്രഹം. ഗായികയെ സംബന്ധിച്ച് ഏറെ മധുരം നിറഞ്ഞ ഒരു വർഷം കൂടിയായിരുന്നു 2020. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കാനായി എന്നതു തന്നെയാണ് മധുശ്രീയുടെ വലിയ നേട്ടം. അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷിക്കുമ്പോഴും മഹാമാരിക്കാലത്തിനപ്പുറമുള്ള നല്ല നാളയെ സ്വപ്നം കാണുകയാണ് ഗായിക. പുതുവര്‍ഷത്തിലെ പുത്തൻ പ്രതീക്ഷകളെക്കുറിച്ച് മധുശ്രീ മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു. 

‘അപ്രതീക്ഷിതമായി ഒരു അവാർഡ് കിട്ടി എന്നതിനപ്പുറം എല്ലാവരെയും പോലെ ഞാനും ഒരുപാട് ആശങ്കപ്പെട്ട ഒരു കാലമാണ് കഴിഞ്ഞുപോയത്. പുതിയ വർഷത്തിൽ എനിക്കങ്ങനെ പ്രതീക്ഷകളെ കുറിച്ചോ പദ്ധതികളെ കുറിച്ചോ ചിന്തയില്ല. സത്യം പറഞ്ഞാൽ ആകെയുള്ള ഒരു ആഗ്രഹം എല്ലാവരും ഈ സാനിറ്റൈസറിൽ നിന്നും മാസ്കിൽ നിന്നും മുക്തരായി പഴയതുപോലെ വളരെ സ്വാതന്ത്രത്തോടെ സന്തോഷത്തോടെ ഇറങ്ങി നടക്കുന്ന ഒരു കാലം തിരികെ വരട്ടെ എന്നു മാത്രമാണ്. ആഗ്രഹങ്ങൾക്കും പദ്ധതികൾക്കും പിറകെ ഒരു രോഗം ഇങ്ങനെ ഒരു കരി നിഴൽപോലെ, എല്ലാത്തിനും തടസ്സം നിൽക്കുന്ന  കെട്ടകാലം എന്നന്നേക്കുമായി ഇല്ലാതാകണം എന്നാണ് പ്രാർത്ഥന. നമ്മുടെ അതിജീവനവും പോരാട്ടവും ആ ഒരു തലത്തിലേക്കു വരട്ടെ, അതിനുശേഷമേ പുതിയ പാട്ടുകളെ കുറിച്ചുള്ള പ്രതീക്ഷകൾ വരുന്നുള്ളൂ.

ലോകം മുഴുവൻ അടച്ചിട്ട ഒരു കാലം ഉണ്ടാകുമെന്ന് ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എല്ലാവരും അങ്ങനെ തന്നെയായിരിക്കും. സത്യം പറഞ്ഞാൽ ആളുകൾ അതിജീവിക്കുന്നു, പുതിയ വാക്സിൻ വരുന്നു, മരുന്നുകൾ വരുന്നു, രോഗം ഭേദമാകുന്നു എന്നിവയൊക്കെ ആശ്വാസകരമായ വാർത്തയായിരുന്നുവെങ്കിലും എനിക്ക് വളരെ പേടിയായിരുന്നു. ഞാൻ ഇടയ്ക്കിടയ്ക്ക് അച്ഛനോട് ചോദിക്കുമായിരുന്നു ലോകം അവസാനിക്കാൻ പോവുകയാണോ എന്നൊക്കെ. പോയവർഷത്തിൽ ആദ്യം അജയ് പൊഹാൻഗർ എന്ന സംഗീതജ്ഞനു കീഴിൽ പാട്ടുപഠിക്കാനായിട്ട് ചേർന്നിരുന്നു. ഒരു മാസമേ എനിക്ക് പോകാൻ കഴിഞ്ഞുള്ളൂ. അത് കഴിഞ്ഞപ്പോഴേക്കും ലോക്ഡൗൺ ആയി, ആകെ പ്രശ്നമായി. വളരെ സങ്കടമായിരുന്നു അത്. നമ്മൾ ഒരു കാര്യം പ്രതീക്ഷയോടെ തുടങ്ങിയിട്ട് എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്നു എന്നുള്ളത് എനിക്ക് ഭയങ്കര നെഗറ്റീവ് ആയിട്ടാണ് ഫീൽ ചെയ്തത്. ഇതിനേക്കാൾ നെഗറ്റീവ് അനുഭവമായിരിക്കും ബഹുഭൂരിപക്ഷം ആളുകൾക്കും ഉണ്ടായിട്ടുണ്ടാവുക.

സങ്കടങ്ങളുടെ വർഷത്തിൽ വന്ന അവാർഡ് തികച്ചും അപ്രതീക്ഷിതമായിരുന്നു. അവാർഡ് ഒരു സന്തോഷം കൊണ്ട് തന്നു. പിന്നെ പതിയെ ഈ സാഹചര്യത്തോടു പൊരുത്തപ്പെടാൻ എനിക്കു കഴിഞ്ഞു. അതിനെയും പോസിറ്റീവ് ആയി എടുത്തു. വീട്ടിൽ സ്റ്റുഡിയോ ഉണ്ടെങ്കിലും ഞാൻ ഒരിക്കലും മ്യൂസിക് സംബന്ധിയായ സോഫ്റ്റ്‌വെയർ പഠിക്കാനൊന്നും ശ്രമിച്ചിരുന്നില്ല. അതുപോലെ ആഗ്രഹിക്കുന്ന പോലെ ഒരിക്കലും സംഗീതത്തിനൊപ്പം കൂടാനും സാധിച്ചിരുന്നില്ല. പക്ഷേ ഈ കാലയളവിൽ മുഴുവൻ സമയം ഞാൻ പാട്ടിനൊപ്പം ആയിരുന്നു. രാവിലെ എഴുന്നേൽക്കും, പ്രാക്ടീസ് ചെയ്യും, സ്റ്റുഡിയോയിൽ പോകും, സോഫ്റ്റ്‌വെയർ പഠിക്കും എന്നിങ്ങനെയായിരുന്നു ദിനചര്യകൾ. വളരെക്കാലം ആഗ്രഹിച്ച ഒരു ജീവിതശൈലി അഥവാ ഒരു ലക്ഷ്യമായി കണ്ടിരുന്ന ജീവിതശൈലിയായിരുന്നു എനിക്ക് ഈ ലോക്ക് ഡൗൺ സമയത്ത് ഉണ്ടായത്. അതൊക്കെ വളരെ പോസിറ്റീവ് ആയി തോന്നുന്നു. സാഹചര്യം ഉണ്ടെങ്കിലും സമയക്കുറവുമൂലം ചെയ്യാൻ കഴിയാതെ പോയ പല കാര്യങ്ങളും ഈ കാലയളവിൽ ചെയ്തു. സംഗീതം ഇതുപോലെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെയെന്നതാണ് ഈ പുതുവർഷത്തിലെ പ്രതീക്ഷ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com