ADVERTISEMENT

ഏതു തിരിവിലും വിസ്മയം കാത്തു നിന്ന ജീവിതമാണു തന്റേതെന്ന് അനിൽ പനച്ചൂരാൻ പറയാറുണ്ടായിരുന്നു. അപ്രതീക്ഷിതമായി മരണം വന്നു തൊട്ടപ്പോൾ പക്ഷേ, വിസ്മയമല്ല നടുക്കവും വേദനയും മാത്രം. 

എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പനച്ചൂരാൻ 1991ൽ രാഷ്ട്രീയം മടുത്തു സന്യാസത്തിന്റെ കാവിചുറ്റി ഇന്ത്യയെങ്ങും ചുറ്റിനടന്നു. ഒടുവിൽ മടുത്തു തിരിച്ചെത്തി തിരുവനന്തപുരം ലോ അക്കാദമിയിൽ സായാഹ്ന്ന ബാച്ചിൽ ചേർന്നതായിരുന്നു ആദ്യത്തെ വിസ്മയം. കവിത കേട്ടു കണ്ണു നിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിലേയ്ക്കു കൂടെക്കൂട്ടിയത് രണ്ടാമത്തെ വിസ്മയം. 

ആനുകാലികങ്ങളിൽ ഒരു വരിയുമെഴുതാതെ കസെറ്റുകളിലൂടെയായിരുന്നു അനിൽ പനച്ചൂരാന്റെ കവിജന്മം പിറവിയെടുത്തത്. 5 കവിതാ സമാഹാരങ്ങളും കസെറ്റിലൂടെ പ്രകാശിതമായി. ‘പ്രവാസിയുടെ പാട്ടു’മുതൽ ‘മഹാപ്രസ്ഥാനം’ വരെയുള്ള സമാഹാരങ്ങളിലെ കവിതകൾ പനച്ചൂരാനെ കവിയരങ്ങുകളിലെ തീപ്പന്തമാക്കി. ഈ സമാഹാരത്തിലുള്ള ‘അനാഥൻ’ എന്ന കവിത ‘മകൾക്ക്’ എന്ന സിനിമയില്‍ സംവിധായകൻ ജയരാജ് ഉൾപ്പെടുത്താൻ തീരുമാനിക്കുന്നതോടെ പുതിയൊരു വിസ്മയം മഴവില്ലു വിടർത്തി. ‘ഇടവമാസപ്പെരുമഴ പെയ്ത രാവിൽ’ എന്ന കവിത ആലപിച്ചത് കവി ബാലചന്ദ്രൻ ചുള്ളിക്കാടായിരുന്നു. 

‘അറബിക്കഥ’യ്ക്കു വേണ്ടി പനച്ചൂരാനെക്കൊണ്ടു പാട്ടെഴുതിയ്ക്കാൻ സംവിധായകൻ ലാൽജോസ് തീരുമാനിച്ചത് തിരക്കഥാകൃത്തുമായ എം.സിന്ധുരാജിന്റെ വാക്കുകളുടെ ബലത്തിലാണ്. ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും’ എന്ന കവിത ബിജിബാലിന്റെ ഈണത്തിൽ യേശുദാസ് പാടിയപ്പോൾ അനിൽ പനച്ചൂരാൻ എന്ന സിനിമാ ഗാനരചയിതാവ് പിറന്നു. 

‘അറബിക്കഥ’യ്ക്കു വേണ്ടി എഴുതിയ ഗാനങ്ങളും ‘ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം’ എന്ന കവിതയും ശ്രദ്ധേയമായി. ചിത്രം റിലീസ് ചെയ്യും മുൻപു തന്നെ കൈനിറയെ പടങ്ങൾ. സിനിമയിൽ അനിൽ പനച്ചൂരാനായിത്തന്നെ കവി അഭിനയിക്കുകയും ചെയ്തു. അവിടെനിന്നിങ്ങോട്ട് ഓരില, ഈരിലയായി കവിത വിടർന്നു, പാട്ടുകൾ നിറഞ്ഞു. ഒരു വർഷം 16 പാട്ടുകൾ വരെയെഴുതി. അമ്മയ്ക്ക് അസുഖമായപ്പോൾ ഒരു വർഷം മാറിനിന്ന കാലത്തു സിനിമ മാറി. പക്ഷേ, അപ്പോഴേയ്ക്കും നൂറിലേറെ സിനിമകളിൽ നൂറ്റി അൻപതിലേറെ ഗാനങ്ങൾ അനിൽ സംഭാവന ചെയ്തിരുന്നു. ‘അണ്ണാറക്കണ്ണാ വാ’, കുഴലൂതും പൂന്തെന്നലേ’ (ഭ്രമരം), ‘ചെറുതിങ്കൾ തോണി’ (സ്വ.ലേ), ‘വ്യത്യസ്തനാമൊരു ബാർബറാം ബാലന’ (കഥ പറയുമ്പോൾ), ‘ഒത്തൊരുമിച്ചൊരു ഗാനം പാടാൻ‍’ (മകന്റെ അച്ഛൻ), ‘അരികത്തായാരോ’ (ബോഡി ഗാർഡ്), ‘നീയാം തണലിനു താഴെ’ (കോക്ക്ടെയിൽ), ‘എന്റടുക്കെ വന്നടുക്കും’, കുഞ്ഞാടേ കുറുമ്പനാടേ’ (മേരിയ്ക്കുണ്ടൊരു കുഞ്ഞാട്), ‘ചങ്ങാഴി മുത്തുമായി കൂനിക്കൂനി’ (ലൗഡ് സ്പീക്കർ), ‘ചെമ്പരത്തിക്കമ്മലിട്ട്’ (മാണിക്യക്കല്ല്), ‘ചെന്താമരത്തേനോ’ (916), ‘ഒരു കോടി താരങ്ങളെ’ (വിക്രമാദിത്യൻ). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com