പാട്ടിൽ വിടർന്ന വെള്ളത്താമര; ഗാനഗന്ധർവൻ എൺപത്തൊന്നാം പിറന്നാളിൽ

yesudas–madhu
SHARE

ചെന്നൈയിലെ സംഗീതസഭകൾ യൂട്യൂബിലൂടെ ലൈവായി സംപ്രേഷണംചെയ്യുന്ന കച്ചേരികൾ കേൾക്കാൻ ചിലർ പതിവായി വരും. അങ്ങനെ പരിചയപ്പെട്ട ഒരു സംഗീത വിദുഷിയുണ്ട്, എൺപത്തിനാലു വയസായി.  എല്ലാ പിറന്നാളിനും അവർക്കേറ്റവും പ്രിയപ്പെട്ട ഒരു  സമ്മാനം മകൻ കൊടുക്കും - യേശുദാസിന്റെ റിക്കോഡിങ്ങുകൾ. അങ്ങനെ ലഭിച്ച  നൂറുകണക്കിനു കച്ചേരികൾ ആ മഹതി നിധിപോലെ സൂക്ഷിക്കുന്നു, നിരന്തരം ആസ്വദിക്കുന്നു. ഒരിക്കൽ അവർ പറഞ്ഞു, 'യേശുദാസ് പാടുമ്പോൾ എനിക്ക് ഈശ്വരൻ പാടുന്നതുപോലെയാണ്. ഇങ്ങനെയുള്ള മനുഷ്യരും 

ഭൂമിയിലുണ്ടല്ലോ! നമ്മുടെയൊക്കെ ഭാഗ്യം.'  ഇതേ ബഹുമാനത്തോടെ, വൈകാരികതയോടെ യേശുദാസിനെ കേൾക്കുന്ന സംഗീതപ്രേമികളെ ഏതു ഭൂഖണ്ഡത്തിലും നമുക്കു  കാണാൻ സാധിക്കും.

ഇത്രയേറെ വളർന്നുകഴിഞ്ഞിട്ടും ചലച്ചിത്രസംഗീതത്തെ  ശാസ്ത്രീയസംഗീതത്തിനു കീഴിൽവരുന്ന കലാവിഭാഗമായി മാത്രമേ സമൂഹം ഇന്നും പരിഗണിക്കുന്നുള്ളൂ. ഈ ധാരണയെ തിരുത്താൻ ശ്രമിച്ച ഗായകൻ  എന്നനിലയിൽ  യേശുദാസിനെ  ഞാൻ പിന്നെയും ബഹുമാനിക്കുന്നു. യേശുദാസിനെ പഠിക്കുക എന്നാൽ ഭാരതീയസംഗീതത്തിലെ ഒരു പ്രധാന ധാരയെ മനസിലാക്കുക എന്നാണർഥം. അദ്ദേഹത്തെ ഒന്നോർമിക്കാതെ  ഒരു ശരാശരി മലയാളിയുടെ  രാപകലുകൾ  കടന്നുപോകുന്നില്ല. അത്രയും  ജനപ്രിയത കഴിഞ്ഞ അറുപതുവർഷത്തെ സംഗീതയാത്രയിലൂടെ അദ്ദേഹം നേടിക്കഴിഞ്ഞു. അടുത്തിടെ വന്നുപോയ ചില ആഴംകുറഞ്ഞ വിവാദങ്ങൾ ഒഴിവാക്കിയാൽ യേശുദാസ് പൊതുസമൂഹത്തിൽ സദാ സർവസ്വീകാര്യത  നിലനിർത്തിയിട്ടുണ്ട് അഥവാ അതിനുവേണ്ടതായ സമ്പർക്കവും ജാഗ്രതയും അദ്ദേഹം സൂക്ഷിക്കുന്നുണ്ട്.

ശാസ്ത്രീയസംഗീതം വരണ്ടുപോയിക്കൊണ്ടിരിക്കുന്ന നവമാധ്യമകാലത്തും പച്ചപ്പോടെ നിലനിൽക്കാൻ സംഗീതത്തെ സംബന്ധിച്ച ദീർഘവീക്ഷണങ്ങൾ യേശുദാസിനെ സഹായിച്ചു. ഗുരുനാഥന്മാരായ ചെമ്പൈ വൈദ്യനാഥഭാഗവതർ, ശെമ്മങ്കുടി ശ്രീനിവാസയ്യർ, കെ.ആർ. കുമാരസ്വാമി, വെച്ചൂർ ഹരിഹരസുബ്രഹ്മണ്യയ്യർ എന്നിവരുടെ പാതയിലൂടെമാത്രം  മുന്നോട്ടുപോയിരുന്നെങ്കിൽ  ഇപ്പോൾ കൈവന്നിട്ടുള്ള താരപരിവേഷം യേശുദാസിനു ലഭിക്കുമായിരുന്നില്ല. ഇങ്ങനെ  സ്വന്തം  സാധ്യതകൾ   തിരിച്ചറിയാനും അവയെ  സമൂഹത്തിന്റെ  ആവശ്യങ്ങൾക്കും കലാഭിരുചിയിലെ  മാറ്റങ്ങൾക്കും  യോജിച്ച തരത്തിൽ പ്രയോഗിക്കാനും കാണിച്ച വിവേകം അദ്ദേഹത്തെ  വലിയ ഉയരത്തിൽ എത്തിച്ചു. സംഗീതത്തെ ഒരു കൺസ്യൂമർ ഉത്പന്നംകൂടിയായി കരുതാനുള്ള ലോകപരിചയവും വാണിജ്യബുദ്ധിയും ഇവിടെ തീർച്ചയായും അദേഹത്തിനു  തുണയായിട്ടുണ്ട്.

സംഗീതകലയെ  കാലോചിതമായി വികസിപ്പിക്കാൻ യേശുദാസ് കഴിയുന്നത്ര പ്രവർത്തിച്ചു. അദ്ദേഹം അതിനു വ്യാപകതയും നൽകി. ലളിതസംഗീതത്തിൽ  സജീവമായി പ്രവർത്തിക്കുമ്പോഴും കഷ്ടപ്പെട്ടു പഠിച്ച  കർണാടകസംഗീതത്തെ വഴിയിൽ  ഉപേക്ഷിച്ചുകളഞ്ഞില്ല. ഈ സന്തുലനശേഷി പൂർവികരിൽ വളരെ അപൂർവമാണ്. യേശുദാസിനു മുന്നേ ചലച്ചിത്രസംഗീതത്തിൽ വന്ന ടി.കെ. ഗോവിന്ദറാവു, മുസിരി സുബ്രഹ്മണ്യഅയ്യരുടെ ശിഷ്യനായിരുന്നു. കെ.പി. ഉദയഭാനു എം.ഡി. രാമനാഥനിൽനിന്നു ശിക്ഷണം നേടി. കമുകറ പുരുഷോത്തമൻ, പി.ബി. ശ്രീനിവാസ്, ഏ.എം. രാജാ തുടങ്ങിയവർക്കും കർണാടകസംഗീതത്തിൽ മികച്ച പരിശീലനം ലഭിച്ചിരുന്നു. എന്നാൽ ഇവരെല്ലാം കലാജീവിതത്തിന്റെ  ഒരു ഘട്ടത്തിൽ ശാസ്ത്രീയസംഗീതത്തെ വിട്ടുകളഞ്ഞു. എന്നാൽ, സംഗീതശൈലിയെപ്പറ്റി പണ്ഡിതവർഗത്തിൽനിന്നു വിമർശനങ്ങൾ ഉണ്ടായിട്ടുകൂടി  ‘സാധാരണക്കാർക്കുവേണ്ടി’ എന്ന പ്രതിരോധം ഉയർത്തിക്കൊണ്ട് കർണാടകസംഗീതക്കച്ചേരികളെ  യേശുദാസ് സജീവമാക്കി നിർത്തി, 'തരംഗിണി' കാസറ്റുകളിലൂടെ പ്രചാരം നൽകി.

yesudas-madhu-2

യേശുദാസിന്റെ ഗാനങ്ങൾ ഗൃഹാതുരതയുടെ പുനർനിർമിതിയാണ്. ഏതു വിഭാഗത്തിലുള്ള ഗാനങ്ങൾ പരിഗണിച്ചാലും മലയാളിയുടെ ഗൃഹാതുരഭാവങ്ങളെ അവ മൃദുലമായി തൊട്ടുണർത്തുന്നതായി  മനസ്സിലാക്കാം.  ഈ ഭാവസൗന്ദര്യവും യൗവനവും  യേശുദാസിന്റെ  സംഗീതത്തിനു കൈവന്നതിനു പിന്നിലെ  മറ്റൊരു പ്രധാന ഘടകം നിത്യഹരിതനായകനായ പ്രേംനസീറാണ്.  മലയാളികളിൽനിന്നു നസീറിനു ലഭിച്ച മുഴുവൻ മമതയും  അദ്ദേഹത്തിനുവേണ്ടി  പിന്നണിപാടിയ യേശുദാസിനും ലഭിച്ചു. തിരികേ, യേശുദാസിന്റെ നാദസൗന്ദര്യം നസീറിനും ഗുണപ്രദമായി. അങ്ങനെ യേശുദാസ് കേൾവിയുടെ  പ്രേംനസീറായും കാഴ്ചയുടെ യേശുദാസായി പ്രേംനസീറും ഒരു കാലഘട്ടം മുഴുവൻ മലയാളികളുടെ ഹൃദയത്തിൽ നിറഞ്ഞുവാണു.  അസാധാരണമായ കാല്പനികഭംഗി പീലിവിരിച്ച ഗാനങ്ങൾ യേശുദാസിനെ കേവല മനുഷ്യൻ എന്ന യാഥാർഥ്യത്തിൽനിന്നും ഏറെ മുകളിലേക്കു കൊണ്ടുപോയി. ‘ഗാനഗന്ധർവൻ’ എന്ന പ്രയോഗം ഭാഷയുടെ ചമൽക്കാരം എന്നതിലുപരി സമൂഹമനസ്സിൽ ഒരു വ്യക്തിബിംബത്തെ  പരുവപ്പെടുത്തിയെടുക്കാൻ പര്യാപ്തമായി. ഈ അവസരത്തിൽ, യാഥാർഥ്യമാകാതെപോയ ഒരു സ്വപ്നപദ്ധതിയെക്കുറിച്ചും ഓർമവരുന്നു - തലസ്ഥാനനഗരിയിൽ പ്രിയ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ തുടങ്ങിവച്ച 'യേശുദാസ് മ്യൂസിക് അക്കാദമി'. ഇതിനുവേണ്ടി പ്രസിദ്ധ വാസ്തുശില്പിയും എൻവയോൺമെന്റൽ ക്രിയേഷൻ മേധാവിയുമായ ടി.എം. സിറിയക്  വിശദമായ രൂപരേഖയും തയ്യാറാക്കി. പദ്ധതി നടപ്പിലായിരുന്നെങ്കിൽ സംഗീതവിദ്യാഭ്യാസമേഖലയിലും ചില സംഭാവന നൽകാൻ യേശുദാസിനു സാധിക്കുമായിരുന്നു.

വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ, ജി. ദേവരാജൻ എം.എസ്. ബാബുരാജ്, എം.കെ. അർജുനൻ എന്നിവരിലൂടെ നിർമിക്കപ്പെട്ട ഗായകവ്യക്തിത്വത്തെ യേശുദാസ് വഴക്കത്തോടെ നിലനിർത്തി.   ഒരു വസന്തത്തിന്റെ മുഴുവൻ സൗന്ദര്യവും മലയാള ചലച്ചിത്രസംഗീതത്തിനു നൽകിയ രവീന്ദ്രൻ, നൂറുകണക്കിനു മധുരഗീതങ്ങളിലൂടെ യേശുദാസിനെ പൂർണമായും പുതുക്കി. രവീന്ദ്രസംഗീതം യേശുദാസിന്റെ പാട്ടുകളെ 'ബേസ് ' കേന്ദ്രിതമാക്കി. അതുവഴി പാശ്ചാത്യസംഗീതജ്ഞരിൽ പരിചയിച്ചിട്ടുള്ള 'ബാരീടോണി'ന്റെ സുഖവും സ്വച്ഛതയും യേശുദാസിലൂടെ മലയാളികളും അനുഭവിച്ചു. വിഖ്യാതരായ പല പടിഞ്ഞാറൻ ഗായകരുടെയും നാദസ്‌മൃതികൾ യേശുദാസിലൂടെ കേൾക്കാമെന്നായി. ഗാനരചനയ്ക്കുള്ള ‘സ്വരലയ ഈണം അവാർഡ് ’ ദുബായിൽ യേശുദാസിൽനിന്നു സ്വീകരിച്ചുകൊണ്ടു  നിർവഹിച്ച മറുപടി പ്രസംഗത്തിൽ ഇക്കാര്യം ഞാൻ വ്യക്തമാക്കിയിരുന്നു. അതൊന്നു ചുരുക്കിയാൽ ഇങ്ങനെ പറയാം- യേശുദാസ് പാടുമ്പോൾ പാശ്ചാത്യസംഗീതവുമായി പരിചയമുള്ളവർ  അതിൽ ഫ്രാങ്ക് സിനാട്ര, വിക് ഡമോൺ, ജോണി കാഷ് എന്നീ മൂന്നു ഗായകരുടെ സമ്മിശ്രണം അനുഭവിക്കും. ഈ സമതാബോധം ശബ്ദസംസ്കാരംകൊണ്ടും ഭാവസ്‌ഫുടതകൊണ്ടും സംഗീതസമീപനംകൊണ്ടും സൃഷ്ടിക്കപ്പെടുന്നതാണെന്നു ഞാൻ മനസ്സിലാക്കുന്നു. 

യാഥാസ്ഥിതിക സമൂഹത്തിന്റെ പൊതുബോധത്തിൽ അലിഞ്ഞുകിടക്കുന്ന സംഗീതതാല്പര്യങ്ങളെയും സൗന്ദര്യബോധത്തെയും അഭിരുചികളെയും യേശുദാസ് ഒരുതരത്തിലും ചോദ്യംചെയ്യാതെ നിലനിർത്തി. കാലാനുസാരിയായ പരിണാമങ്ങൾക്കു വിധേയമാകാൻ ആഗ്രഹവും സന്നദ്ധതയുമില്ലാത്ത കേൾവിക്കാരുടെ, ആരാധകരുടെ സംതൃപ്തിയെ അദ്ദേഹം തികഞ്ഞ ജനാധിപത്യബോധത്തോടെ അംഗീകരിച്ചു. സംഗീതത്തെ കേൾവിയുടെ കലയായിമാത്രം പരിചയിച്ചും പരിഗണിച്ചും ശീലിച്ച ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം യേശുദാസ് പരിചയപ്പെടുത്തിയ  ശുദ്ധതാവാദം സർവഥാ സ്വീകാര്യമായി. പിന്നീടുവന്ന പാട്ടുകാരിലെല്ലാം  അവർ യേശുദാസിനെ തിരയുകയും നിരാശരായി, കപ്പലിൽ കുടുങ്ങിപ്പോയ കിളി  കുറച്ചുദൂരത്തേക്കു പറന്നശേഷം അതേ കപ്പലിലേക്കു മടങ്ങിയെത്തുന്നതുപോലെ യേശുദാസിലേക്കുതന്നെ തിരിച്ചു വരികയും ചെയ്യുന്നു.

ഇന്നിപ്പോൾ യേശുദാസ് സംഗീതലോകത്തെ ഒരു മികച്ച മാതൃകയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട നാല്പത്തഞ്ചോളം അവാർഡുകൾ  നേടിയ, അറബിയും ഇംഗ്ളീഷും റഷ്യനും ലാറ്റിനും അടക്കം പന്ത്രണ്ടു ഭാഷകളിലായി ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയഗാനങ്ങൾ പാടിയ ഈ ഭാരതീയ ഗായകനുമേൽ  എന്തുകൊണ്ടും ലോകശ്രദ്ധ കുറേക്കൂടി പതിയേണ്ടതുണ്ട്.  ഒസ്കാർ, മെർക്കുറി, ഗ്രാമി, ബ്രിറ്റ്,  ബിൽബോർഡ്, ബി.ബി.സി, എക്കോ, ജൂണോ, സി.എം.ടി, എം.ടി.വി തുടങ്ങിയ അവാർഡുകളിൽ യേശുദാസ് പരിഗണിക്കപ്പെടണം.  നിയമാവലി പരിശോധിച്ചാൽ 1989-ൽ മൊണാക്കയുടെ രാജകുമാരൻ തുടങ്ങിവച്ച വേൾഡ് മ്യൂസിക് അവാർഡ്  നേടാൻവേണ്ട യോഗ്യതകൾ അദ്ദേഹത്തിൽ കാണുന്നുണ്ട്.  അന്തർദേശീയതലങ്ങളിൽ യേശുദാസിനെ അടയാളപ്പെടുത്താൻ  കെൽപ്പുള്ള സംഗീതനിരൂപണങ്ങളും വിശകലനങ്ങളും വേണ്ടത്ര ഉണ്ടായി വന്നിരുന്നെങ്കിൽ മേല്പറഞ്ഞ പുരസ്കാരങ്ങൾ  പണ്ടേ അദ്ദേഹത്തിൽ എത്തിച്ചേരുമായിരുന്നു! ഇതിനെ നമ്മുടെ ജാഗ്രതക്കുറവും പരാജയവുമായിത്തന്നെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. 

yesudas-madhu1

സംഗീതം ജനപ്രിയമാകട്ടെ, ശാസ്ത്രീയമാകട്ടെ, അതിന്മേൽ എഴുതപ്പെടുന്ന വൈജ്ഞാനികപഠനങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവ  നിർഭാഗ്യവശാൽ ഇന്നാട്ടിൽ സംഗീതം കൈകാര്യംചെയ്യുന്നവരോ സംഗീതാസ്വാദകരോ  മറിച്ചുനോക്കാൻപോലും  മുതിരുന്നില്ല ! സംഗീതം ദിവസംപ്രതി വളർന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥ ഇതല്ല. അവിടങ്ങളിലെ വലിയ ഗായകർപോലും  നിരൂപകരുടെ വാക്കുകൾ ശ്രദ്ധിക്കുകയും സ്വന്തംകലയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള സർഗാത്മക നിർദേശങ്ങൾ അവരുടെ വിമർശനങ്ങളിലുണ്ടോ എന്നു  പരിശോധിക്കുകയും ചെയ്യുന്നു. എന്നാൽ  അങ്ങനെയൊരു സംസ്‌കാരം ഉയർന്ന ബൗദ്ധികക്ഷമതയുള്ള കേരളത്തിൽ ഇനിയും രൂപപ്പെട്ടിട്ടില്ല. എന്തിനേറേ പറയുന്നു, അമ്പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുള്ള യേശുദാസിനെപ്പറ്റി ഭേദപ്പെട്ട  ഒരു പഠനകൃതി ഇംഗ്ളീഷിൽ ഇതുവരെ വന്നിട്ടുണ്ടോ! അദ്ദേഹംതന്നെ പലപ്പോഴായി മലയാളത്തിൽ എഴുതിയ മുപ്പത്തിരണ്ടു ലേഖനങ്ങളുടെ സമാഹാരം 'മൈ ലൈഫ് ആൻഡ് മൈ തോട്ട് ' പേരിൽ കെ.വി. പിഷാരാടി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചുള്ള കാര്യം ഇവിടെ മറക്കുന്നില്ല. സ്ഥിതി ഇതൊക്കെയാണെങ്കിലും അർഹതപ്പെട്ട രാജ്യാന്തര അംഗീകാരങ്ങൾ വൈകാതെ  ദാസേട്ടനു ലഭിക്കുമാറാകട്ടെ എന്ന വിശുദ്ധപ്രാർഥനയോടെ പിറന്നാൾദിനത്തിൽ എല്ലാവിധ മംഗളാശംസകളും നേർന്നുകൊള്ളുന്നു.

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA