ADVERTISEMENT

സംഗീതസംവിധാനം എന്നതിനു പകരം സംവിധാനം എന്നു ചുരുക്കി എഴുതിയതല്ല. ഇതു സിനിമാ സംവിധാനം തന്നെ. ഒരു സിനിമയല്ല, രണ്ട് സിനിമയാണ് യേശുദാസ് സംവിധാനം ചെയ്യാൻ ഒരുങ്ങിയത്. ആദ്യത്തേതിന്റെ പേര് പ്രിയസഖിക്കൊരു ലേഖനം. രണ്ടാമത്തേത് ശ്രുതിലയം.

സംഗീതപ്രധാനമായ പ്രണയകഥയായിരുന്നു പ്രിയസഖിക്കൊരു ലേഖനം. കഥ, തിരക്കഥ– ആലപ്പി രംഗനാഥ്. അദ്ദേഹം പറയുന്നു: ‘ഞാനന്ന് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിലെ മ്യൂസിക് ടീച്ചറാണ്. കാഞ്ഞിരപ്പള്ളിയിൽ കലാസാഹിത്യ മേഖലയിൽ വളരെ താത്പര്യമുള്ള ഒരു ഗോപാലൻ സാറ് ഉണ്ടായിരുന്നു. ഞങ്ങൾ ഒരുപാട് സംസാരിക്കും. അങ്ങനെ കലാമൂല്യമുള്ള ഒരു സിനിമ നിർമിക്കാൻ അദ്ദേഹം താത്പര്യം പറഞ്ഞു. വർക്കല ഷാജഹാൻ എന്നൊരാളും നിർമാണത്തിൽ സഹായിക്കാൻ മുന്നോട്ടു വന്നു. രാധാകൃഷ്ണ സങ്കല്പത്തിലുള്ള, സംഗീതപ്രധാനമായ ഒരു പ്രണയകഥ ഞാൻ പറഞ്ഞു. അവർക്ക് ഇഷ്ടമായി. ആര് സംവിധാനം ചെയ്യും എന്ന ചർച്ചയായി. പാട്ടിനു പ്രധാനസ്ഥാനമുള്ളതുകൊണ്ട് യേശുദാസ് സംവിധാനം ചെയ്യട്ടെ എന്നു ഞാൻ പറഞ്ഞു. അവർക്ക് അതിശയമായിരുന്നു ആ ആശയം. ദാസേട്ടൻ സംവിധാനം ചെയ്താൽ നല്ല വെറൈറ്റി ആയിരിക്കുമെന്നും അദ്ദേഹത്തിന്റെ ആദ്യ സിനിമ എന്ന നിലയിൽ നല്ല മാധ്യമശ്രദ്ധ കിട്ടുമെന്നും ഞാൻ പറഞ്ഞപ്പോൾ അവർക്കു താത്പര്യമായി. യേശുദാസിന് തിരക്കോടു തിരക്കുള്ള കാലമാണ്. അദ്ദേഹം അതിനു സമ്മതിക്കുമോ എന്ന സന്ദേഹമായിരുന്നു. എന്തായാലും സംസാരിച്ചു നോക്കാൻ തീരുമാനിച്ചു. നിർമാതാക്കളും ഞാനും കൂടി തരംഗിണിയി‍ലെത്തി അദ്ദേഹത്തെ കണ്ടു. സിനിമയുടെ കഥ കേട്ടപ്പോൾ അദ്ദേഹത്തിനു താത്പര്യമായി.’

ആദ്യം പറ്റില്ലെന്നു പറഞ്ഞു, പിന്നീട് സമ്മതിച്ചു: അല്ലിയാമ്പൽ കടവിൽ പിറന്നത്...

സംഗീതപ്രധാനമായ ചിത്രമായതുകൊണ്ട് സംവിധാനം ചെയ്തുനോക്കാമെന്ന് യേശുദാസ് തീരുമാനിച്ചു. നാടകക്കമ്പനിതന്നെ നടത്തിയിട്ടള്ള അഗസ്റ്റിൻ ജോസഫിന്റെ മകന് സംഘാടന പാടവം രക്തത്തിലുണ്ട്. യേശുദാസിന് ഒട്ടും പരിഭ്രമം തോന്നിയില്ല എന്നതാണു സത്യം. മാത്രമല്ല, ഉത്സാഹത്തോടെ അദ്ദേഹം കാര്യങ്ങൾ മുന്നോട്ടു നീക്കി. അടുത്ത ദിവസം ചിത്രത്തിലെ പാട്ടുകൾ തരംഗിണിയിൽ റിക്കോർഡ് ചെയ്തു. രചന, സംഗീതം– അലപ്പി രംഗനാഥ്, ആലാപനം– യേശുദാസ്.

ആദ്യഗാനം ഇങ്ങനെ:

‘പ്രിയസഖിക്കൊരു ലേഖനം

എന്റെ പ്രിയതമയ്ക്കൊരു ലേഖനം

നിനക്കോർക്കാൻ എന്നെയോർക്കാൻ

എഴുതും പ്രിയ ലേഖനം.’

രണ്ടാമത്തേത്: ‘ഉദയസംഗീതധാര, ഉഷകാല നിർമാല്യപൂജ’ എന്നു തുടങ്ങുന്ന സെമി ക്ലാസ്സിക്കൽ ഗാനം.

നായികാ നായകരായി പുതുമുഖങ്ങൾ മതിയെന്നായിരുന്നു യേശുദാസിന്റെ തീരുമാനം. അക്കാലത്ത് സമയം കിട്ടുമ്പോൾ തിരുവനന്തപുരം ടെന്നിസ് ക്ലബിൽ കളിക്കാൻ പോകുന്ന ശീലം യേശുദാസിനുണ്ടായിരുന്നു. അവിടെ കളിക്കാൻ വരുന്ന ചുറുചുറുക്കുള്ള ഒരു കുട്ടിയെ യേശുദാസ് കണ്ടുവച്ചു, നായികയായി. പേര് – സുനന്ദ. രംഗനാഥുമൊത്ത് കാറിൽ യാത്ര ചെയ്യവേ അമ്പലപ്പുഴവച്ചു വഴിയരികിൽ കണ്ട ഒരു പയ്യനെയാണ് നായകനായി കണ്ടുവച്ചത്. രണ്ടാളുടെയും ക്യാമറാ ടെസ്റ്റും നടത്തി. തരംഗിണി സ്റ്റുഡിയോ വളപ്പിൽവച്ച് അന്നത്തെ പ്രശസ്ത ക്യാമറാമാൻ വില്യംസാണ് ഷൂട്ട് ചെയ്തത്.  

പക്ഷേ, പിന്നീട് കാര്യങ്ങളൊന്നും മുന്നോട്ടു പോയില്ല. യേശുദാസിന്റെ വലിയ തിരക്കിൽ കാര്യങ്ങൾ പലതവണ മാറ്റി വച്ചെങ്കിലും ഒടുവിൽ സിനിമ ഉപേക്ഷിച്ചു. ‘സിനിമ സംവിധാനം വേണ്ടെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിരന്തരമായ ഉപദേശം മൂലമാണ് ദാസേട്ടൻ പ്രോജക്ട് ഉപേക്ഷിച്ചതെന്നാണ് എനിക്കു തോന്നുന്നത്.’ രംഗനാഥ് പറയുന്നു. ‘പടം ഉപേക്ഷിച്ചെങ്കിലും എനിക്കു ഗുണം ഉണ്ടായി. സിനിമാ ചർച്ചകൾക്കും പാട്ട് ചർച്ചകൾക്കുമിടെ ദാസേട്ടന് എന്നെ ഇഷ്ടമായി. തരംഗിണിയിലെ സ്ക്രിപ്റ്റ് സ്ക്രൂട്ടനൈസിങ് മാനേജരായി എന്നെ നിയമിച്ചു. ഒരുപാടു നല്ല പാട്ടുകൾക്ക് നിമിത്തമാവാൻ എനിക്കു കഴിഞ്ഞു. എന്റെ രചനകളും തരംഗിണിയിലൂടെ വെളിച്ചം കാണാൻ ഇത് ഉപകരിച്ചു. പ്രശസ്തമായ ‘സ്വാമി സംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ...’ ഒക്കെ  ഈ കാലയളവിൽ പിറന്നതാണ്.’ രംഗനാഥ് പറയുന്നു. യേശുദാസ് നായികയായി തിരഞ്ഞെടുത്ത സുനന്ദ എന്ന ആ പെൺകുട്ടി ആരായിരുന്നെന്നോ? പിൽക്കാലത്ത് മലയാളത്തിന്റെ പ്രിയ നായികയായി മാറിയ കാർത്തിക!

ശ്രുതിലയം

‘പ്രിയസഖിക്കൊരു ലേഖനം’ നടന്നില്ലെങ്കിലും യേശുദാസിന്റെ മനസ്സിൽവീണ സംവിധാനത്തിന്റെ വിത്ത് കരിഞ്ഞുപോയില്ല. ‘ശ്രുതിലയം’ എന്നൊരു സിനിമ ചെയ്യാൻ അദ്ദേഹം പദ്ധതിയിട്ടു. ഷഡ്കാലഗോവിന്ദമാരാരുടെ ജീവിതമാണ് സിനിമയാക്കാൻ ആഗ്രഹിച്ചത്. ഫിലിം ചേംബറിൽ പേര് റജിസ്റ്റർ ചെയ്യുകയും ചെയ്തു. സ്വാതി തിരുനാളായി നെടുമുടി വേണുവിനെയും ഒരു ഭാഗവതരുടെ വേഷത്തിൽ ജഗതി ശ്രീകുമാറിനെയും നിശ്ചയിച്ചിരുന്നു. നായകനായ ഷഡ്കാല ഗോവിന്ദമാരാരെ താൻതന്നെ അവതരിപ്പിച്ചാലോ എന്നു സാധ്യതയും യേശുദാസ് ആലോചിച്ചിരുന്നു. താ‍ൻ ചെയ്യുന്നതുകൊണ്ടും കഥ ഷഡ്കാല ഗോവിന്ദമാരാരെപ്പറ്റി ആയതുകൊണ്ടും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കണം എന്ന് യേശുദാസിന് നിർബന്ധം ഉണ്ടായിരുന്നു. ചരിത്രത്തോട് പരമാവധി നീതിപുലർത്താനായി ആഴത്തിലുള്ള പഠനം ആരംഭിച്ചു. പക്ഷേ, ഗായകനെന്ന നിലയിലും തരംഗിണി സ്റ്റുഡിയോ ഉടമ എന്ന നിലയിലും ഏറ്റവും തിരക്കു പിടിച്ച കാലമായിരുന്നു അത്. സിനിമയ്ക്കുള്ള സാവകാശമോ സമയമോ ഒന്നും യേശുദാസിനില്ലായിരുന്നു. പടം നടന്നില്ല. ഫിലിം ചേംബറിലെ റജിസ്ട്രേഷൻ അസാധുവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com