യേശുദാസ് ശബ്ദമാകുന്ന പാട്ടെഴുതുമ്പോൾ; അനുഭവം പങ്കിട്ട് ഗാനരചയിതാക്കൾ

yesudas-lyricists
SHARE

വരികളില്‍  കെ.ജെ.യേശുദാസ് എന്ന മാന്ത്രിക നാദം തൊടുന്നതിന്റെ   ദിവ്യാനുഭൂതി കൊതിക്കാത്ത പാട്ടെഴുത്തുകാരുണ്ടോ ? വാക്കിൽ അനുപമമായ സ്വരം ചേരുന്ന നിർവൃതിയെക്കുറിച്ച് ഏറെ പറയാറുണ്ട് അവർ. അക്ഷരങ്ങൾ ആ സ്വരത്തിന്റെ ചിറകിൽ പറക്കുന്നത്  ശിൽപത്തിന് ജീവൻ വെക്കുന്നത് പോലെയൊരത്ഭുതമാണ്. പ്രിയ ഗായകന്റെ  ജന്മദിനത്തില്‍ അത്തരം ഭാഗ്യം വന്ന വഴികളെക്കുറിച്ച് ഓര്‍ക്കുകയാണ് മലയാളത്തിലെ നാല് ശ്രദ്ധേയരായ പാട്ടെഴുത്തുകാര്‍. 

 റഫീഖ് അഹമ്മദ്

മലയാളികള്‍ മുഴുവന്‍ വളരെ ആദരവോടെയും സ്‌നേഹത്തോടെയും ദാസേട്ടന്‍ എന്ന് വിളിക്കുന്ന നമ്മുടെ യേശുദാസ് ..അദ്ദേഹത്തിന്റെ മനോഹരമായ ശബ്ദത്തിലൂടെ  എന്റെ വരികളും പുറത്ത് വന്നിട്ടുണ്ട്. ഞാനെഴുതിയ 12 പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. അത്  ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ്  കാണുന്നത്. ഓര്‍മ്മവെച്ചകാലം മുതല്‍ പരിചിതമായ ആ ശബദ്ം, ഏറെ കൊതിയോടെയും ബഹുമാനത്തോടെയും ആദരവോടെയും കേട്ടു കൊണ്ടിരുന്ന ശബ്ദം, എന്റെ വരികള്‍ക്ക് ആ ശബ്ദം ജീവന്‍ നല്‍കുമെന്നൊന്നും സ്വപ്‌നം കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ നമുക്ക് കിട്ടിയ ഭാഗ്യമാണ്. ഗാനാലാപനത്തിലെ എല്ലാ ഘടകങ്ങളും ഒത്തു ചേര്‍ന്ന പൂര്‍ണനായ ഗായകന്‍ എന്ന് പറയാന്‍ കഴിയുന്ന ഒരാള്‍ ഇനിയുണ്ടാകുമോ എന്ന് തന്നെ സംശയമാണ്.

സദ്ഗമയ എന്ന സിനിമയിലെ ' ഒരു പൂവിനിയും വിരിയും വനിയില്‍ '  എന്ന ഗാനം അദ്ദേഹമാണ് ആലപിച്ചിരിക്കുന്നത്. ആ പാട്ടിന് എനിക്ക് മികച്ച ഗാനരചനക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ബോംബെ മിഠായി എന്ന സിനിമയിലെ  ഹിമഗിരി മാറില്‍ ,വീര പുത്രനില്‍ ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍, ജോസേട്ടന്റെ ഹിറോയിലെ കരക്കാണാക്കടലേ,സ്പിരിറ്റിലെ ഈ ചില്ലയില്‍ നിന്നും ഭൂമിതന്‍ കൗമാരക്കാലത്തിലേക്ക് പറക്കാം, തെരുവ് നക്ഷത്രങ്ങളിലെ ഈ സ്വതന്ത്ര ഭൂമിയില്‍ , പുലിമുരുകനിലെ  , കാടണയും കാല്‍ച്ചിലമ്പേ കാനന മൈനേ, എന്ന് നിന്റെ മൊയ്തീനിലെ ഈ മഴ തന്‍ വിരലീ പുഴയില്‍, മാമാങ്കത്തില്‍ ലേശം കോമഡിയൊക്കെയുള്ള പീലിത്തിരുമുടി എന്ന പാട്ട്, ശ്യാമരാഗത്തില്‍ രണ്ട് പാട്ടുകള്‍എഴുതി. പറയാത്ത വാക്കൊരു വിഗ്രഹമായി എന്നതും , ഇഴ പോയ തംബുരു എന്ന് തുടങ്ങുന്നതും . സുഖമായിരിക്കട്ടെ എന്ന സിനിമയിലെ പൂക്കാലം വന്നു. ഞാനെഴുതിയ  ഈ 12 പാട്ടുകള്‍ അദ്ദേഹം പാടിയത് വലിയ ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഇനിയും എന്റെ വരികള്‍ വരണമെന്ന് ആഗ്രഹമുണ്ട്, അദ്ദേഹത്തിന്  ദീര്‍ഘായുസ്സും പാടാനുള്ള ആ സിദ്ധിയും വീണ്ടും വീണ്ടും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു,   ഈ പിറന്നാള്‍ ദിനത്തില്‍ എല്ലാ നന്മയും നേരുന്നു.

ബി.കെ. ഹരിനാരായണന്‍

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍  എന്ന സിനിമക്കു വേണ്ടി  ഞാനെഴുതിയ ഗാനം ദാസ് സാര്‍ പാടിയിട്ടുണ്ട്. കണ്ടിട്ടും കണ്ടിട്ടും എന്ന ഗാനം.. ഫോര്‍ മ്യൂസിക്‌സ് ആയിരുന്നു  മ്യൂസിക് ഡയറക്ടേഴ്‌സ്. എഴുതുമ്പോള്‍ അദ്ദേഹമാണ് പാടുന്നത് എന്നൊന്നും അറിഞ്ഞിരുന്നില്ല. വിജയ് യേശുദാസ് ആണ് ട്രാക്ക് പാടിയത്. ട്രാക്ക് പാടിയപ്പോള്‍ ഇത് അപ്പ തന്നെയാണ് പാടേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.  ദാസ് സാറിന് പത്മ വിഭൂഷണ്‍ അനൗണ്‍സ് ചെയ്ത ദിവസമായിരുന്നു ചെന്നൈയില്‍ ഗാനത്തിന്റെ റെക്കോര്‍ഡിങ്ങ്. കിണര്‍ എന്ന സിനിമക്കായി എം. ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്ത ഒരു പാട്ടിലും അദ്ദേഹം എന്റെ വരികള്‍ പാടിയിട്ടുണ്ട്. ദാസ് സാറും എസ്പിബി സാറും കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതിലെ അയ്യാ സാമി എന്ന പാട്ടിലെ മലയാളം ഭാഗം എഴുതാന്‍ അവസരമുണ്ടായി. 

സാറിന്റെ  ജന്മദിനത്തോടനുബന്ധിച്ച് ആദരമര്‍പ്പിച്ചുകൊണ്ട് മലയാളത്തിലെ പാട്ടുകാര്‍ ഒരുമിക്കുന്ന ഗാനമെഴുതാനും അവസരമുണ്ടായി. ശ്വേതാമോഹന്റെ സംഗീത സംവിധാനത്തില്‍  മലയാളത്തിലെ പ്രശസ്ത ഗായകരെല്ലാം ഒരുമിക്കുന്ന ഗാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. 

സന്തോഷ് വര്‍മ്മ

ജയസൂര്യ അഭിനയിച്ച കറന്‍സി എന്ന സിനിമയില്‍ 'അകലെ നീലാംബരി 'എന്ന ഒരു ഗാനം എഴുതിയിട്ടുണ്ട്. ജയസൂര്യയുടെ അമ്മയായ കഥാപാത്രം മരിക്കുന്ന സന്ദര്‍ഭത്തിലാണ് ആ പാട്ട് വരുന്നത്. അന്ന് കാസറ്റുകളും സിഡികളും ഒക്കെ  ഇറങ്ങുന്ന സമയമാണ്. ഞാൻ സിനിമയില്‍ വന്ന് അധികമായിട്ടില്ല.  വളരെ കുറച്ച് പാട്ടുകള്‍ മാത്രമേ അന്ന് എഴുതിയിട്ടുള്ളൂ. വളരെ ആകാംക്ഷയോടെ കാസറ്റ് കടയില്‍ പോയി വാങ്ങുമ്പോഴാണ്, ആലാപനം ഡോ.കെ.ജെ.യേശുദാസ് എന്ന പേര് കാണുന്നത്. ഇതില്‍ പരം ജീവിതത്തില്‍ ഒരു സന്തോഷം ഉണ്ടാവാനില്ല. നമ്മള്‍ ജനി്ച്ച കാലം മുതല്‍ കേള്‍ക്കുന്ന ആ ശബ്ദം നമ്മുടെ വരികള്‍ക്ക് ശബ്ദം പകരുമ്പോള്‍  ..അത്  കേട്ടപ്പോള്‍ ഉണ്ടായ സന്തോഷത്തെക്കുറിച്ച് പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. രണ്ടാമത്തെ പാട്ട് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ജനപ്രിയന്‍ എന്ന ചിത്രത്തിലാണ്.നന്മകളേറും നാടുണര്..എന്ന് ടൈറ്റില്‍ സോങ്ങായാണ് ഉപയോഗിച്ചത്. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ തത്ത എന്ന സിനിമയില്‍ പോകയായ് ദൂരെ ദൂരെ പോക്കുവെയിലെന്ന പോലെയാണ് മറ്റൊരു ഗാനം. ജയറാമിന്റെ കഥാപാത്രം മരിക്കുന്ന സന്ദർഭത്തിലുള്ള  പാട്ടാണത്. കൂടാതെ രേവതി വര്‍മ്മ സംവിധാനം ചെയ്ത മൈ ഡാഡ്  എന്ന സിനിമയില്‍ മാനത്തെ വെള്ളിത്തിങ്കള്‍ മാഞ്ഞാലും എന്ന പാട്ടും അദ്ദേഹമാണ് പാടിയത്.  അത് പാടിക്കേട്ടപ്പോള്‍ ഈ  പ്രായത്തിലും ആ ആലാപന ഭംഗി കേള്‍ക്കുമ്പോള്‍ നമുക്ക് നമസ്‌ക്കരിക്കാതിരിക്കാന്‍ കഴിയില്ല.  അദ്ദേഹത്തിന്റെ ഈ പിറന്നാള്‍ ദിനത്തില്‍ ദീര്‍ഘായുസ്സ് നേരുന്നു.  

സുജേഷ് ഹരി

നാദിര്‍ഷ ദിലീപ് ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലാണ് ഇങ്ങനെയൊരു ഭാഗ്യമുണ്ടായത്. എഴുതുമ്പോള്‍ അദ്ദേഹമാണ് പാടുന്നത് എന്നൊന്നും അറിയില്ല. എഴുതി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നാദിര്‍ഷക്കയാണോ  പാടുന്നത് എന്ന് ചോദിച്ചിരുന്നു. ഞാനല്ല, വലിയ ആരെങ്കിലും ആയിരിക്കും പാടുന്നത് എന്ന് പറഞ്ഞു.ആരാ മനസ്സില്‍ എന്ന് ചോദിച്ചപ്പോള്‍ , കമലഹാസന്‍ പാടണമെന്നാഗ്രഹമുണ്ട്, ലാലേട്ടന്‍ പാടണമെന്നാഗ്രഹമുണ്ട്, ദാസേട്ടന്‍ പാടണമെന്നാഗ്രഹമുണ്ട്, ഈ മൂന്ന് പേരില്‍ ആരെങ്കിലുമായിരിക്കും പാടുന്നത് എന്ന് പറഞ്ഞു. പിന്നെയും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ദാസേട്ടനായിരിക്കും പാടുന്നത് എന്ന് പറഞ്ഞു. ജീവിതത്തിലെ വലിയ ഭാഗ്യമായി അത്. കഥയിലെ സാഹചര്യത്തിന് ചേരും വിധം ഇത് വരെ കേള്‍ക്കാത്ത ഒരു രീതിയില്‍ ഒരു പതിഞ്ഞ ശബ്ദത്തിലാണ് അദ്ദേഹം പാടിയിരിക്കുന്നത്. വളരെ സന്തോഷം തോന്നി. ഈ  പിറന്നാള്‍ ദിനത്തില്‍ ദാസേട്ടന് പുതിയ തലമുറയിലെ ഏറ്റവും പുതിയവനായ എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA