ഗാനഗന്ധർവൻ യേശുദാസിന് പിറന്നാൾ സമ്മാനമൊരുക്കി യുവഗായകർ. 28 ഗായകർ കൈകോർക്കുന്ന സംഗീത വിഡിയോയാണ് മലയാളത്തിന്റെ പ്രിയഗായകനായി ഇവർ ഒരുക്കിയത്. ഗായിക ശ്വേതാ മോഹൻ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, ജി. വേണുഗോപാൽ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സിതാര, മധുശ്രീ, ഹരിശങ്കര്‍, രാജലക്ഷ്മി, മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, വിധുപ്രതാപ്, ജ്യോത്സന, അഫ്സൽ, ശ്രീനിവാസ്, കൃഷ്ണചന്ദ്രൻ, ഗായത്രി, വിജയ് യേശുദാസ്, നിഷാദ് കെ.കെ, അനൂപ് ശങ്കർ, രവി ശങ്കർ, രാകേഷ് ബ്രഹ്മാനന്ദൻ, റിമി ടോമി, രഞ്ജിനി ജോസ്, ആലാപ് രാജു, ദേവാനന്ദ്, ശ്വേത എന്നിവരാണ് പിറന്നാൾ പാട്ടിനു വേണ്ടി ഒരുമിച്ചത്.
ഏത് പാട്ടെടുക്കുമെന്ന ആശയക്കുഴപ്പം ഹരിനാരായണനോട് ചർച്ച ചെയ്യുമ്പോൾ തന്നെ ഹരി ഒരു വരി മൂളുകയായിരുന്നു. 'മണ്ണിന്റെ പുണ്യമാം ഗന്ധർവ്വ ഗായകാ മന്ത്രമേ ഞങ്ങൾക്ക് നിൻ നാദം..' അഞ്ചുമിനിറ്റിനുള്ളിൽ പല്ലവിയും രണ്ട് മണിക്കൂറിനുള്ളിൽ പാട്ടും എഴുതി ഹരി. വരികളിൽ തന്നെ ട്യൂണുണ്ടായിരുന്നു എന്ന് ശ്വേത. മലയാളത്തിലെ പ്രശസ്ത ഗായകരെല്ലാം അണിനിരക്കുന്ന ഈ പാട്ട് സംഭവിക്കണമെന്നത് പ്രപഞ്ചത്തിന്റെ തീരുമാനമായിരുന്നു അത് തങ്ങളിലൂടെ സംഭവിച്ചു എന്നേയുള്ളൂ എന്ന് ശ്വേത പറയുന്നു,
അച്ഛൻ, അമ്മ എന്നൊക്കെ പറയുന്നത് പോലെയുള്ള ഒരു വികാരമാണ് നമുക്ക് യേശുദാസ് സാർ. ആ ശബ്ദത്തെപ്പറ്റി എഴുതുക എന്നുള്ളത് വലിയ ഭാഗ്യമാണെന്ന് ഹരിനാരായണൻ പറയുന്നു. ആ സമയത്തെ ഫീൽ ആണ് ആ പാട്ടിലുളളത്. എന്നെ സംബന്ധിച്ച് എഴുതാൻ പറ്റുന്നതിലും അപ്പുറത്താണ് യേശുദാസ് എന്ന വികാരം ഓരോ മലയാളിക്കും. എഴുതിയത് വളരെ കുറവാണ് എന്നാണ് തോന്നുന്നത്. ഇങ്ങനെയൊരവസരത്തിൽ കഴിവിന്റെ പരമാവധി അതിനായി ശ്രമിക്കാൻ പറ്റിയെന്നത് വലിയ സന്തോഷമാണെന്നും ഹരി പറയുന്നു.
രണ്ട് വേർഷനായാണ് പാട്ട് ചെയ്തിരിക്കുന്നത്. 28 ഗായകർ പാടിയത് കൂടാതെ ശ്വേതയുടെ ഒരു സോളോ വേർഷനും പാട്ടിനുണ്ട്. രാജേഷ് വൈദ്യയാണ് വീണ ചെയ്തിരിക്കുന്നത്. വീണാ നാദം പ്രിയഗായകന്റെ സ്വരമെന്നാണ് പാട്ടിലെ സങ്കൽപം. പ്രിയ ഗായകർക്കായി മുമ്പും ട്രിബ്യൂട്ട് സോങ്ങ് ചെയ്തിട്ടുണ്ട് ശ്വേത മോഹൻ. പി.സുശീല, എസ്.ജാനകി, ലതാമങ്കേഷ്‌കർ, എസ്പിബി എന്നിവർക്കായി ശ്വേത സമർപ്പിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.