81 പാട്ടുകൾ കോർത്തൊരു സംഗീതഹാരം; ഗാനഗന്ധര്‍വനു പിറന്നാൾ സമ്മാനമൊരുക്കി സുദീപ് കുമാർ

SHARE

സായംസന്ധ്യയിൽ ശാന്തമായി പാടുകയാണ് ഗായകൻ സുദീപ് കുമാർ; സംഗീതലോകത്തിന് എന്നും അദ്ഭുതമായ ഗന്ധർവ ഗായകൻ യേശുദാസിനു വേണ്ടി. ജനുവരി 10ന് എണ്‍പത്തിയൊന്നാം ജന്മദിനം ആഘോഷിച്ച യേശുദാസിന്, എൺപത്തിയൊന്നു പാട്ടുകൾ കോർത്തൊരു സംഗീതഹാരമാണ് സുദീപ് പിറന്നാൾ സമ്മാനമായി സമർപ്പിച്ചത്. മലയാളത്തിലെ അക്ഷരമാലാ ക്രമത്തിലാണ് പാട്ടുകൾ തിരഞ്ഞെടുത്ത് ആലപിച്ചത്. ‘അല്ലിയാമ്പൽക്കടവിൽ’ എന്ന ഗാനത്തോടെ ആരംഭിക്കുന്ന മെഡ്‌ലി, മറ്റു സ്വരാക്ഷരങ്ങളിലൂടെയും വ്യഞ്ജനാക്ഷരങ്ങളിലൂടെയുമെല്ലാം സഞ്ചരിച്ച് ഒടുവിൽ ‘റ’ എന്ന‌ അക്ഷരത്തിലെത്തിലെത്തുന്നു. ‘റസൂലേ നിൻ കനിവാലേ’ എന്ന ഗാനത്തോടെയാണ് മെഡ്‌ലി അവസാനിക്കുന്നത്. ഒന്നരമണിക്കൂറോളം ദൈർഘ്യമുള്ള സംഗീതാർച്ചനയെക്കുറിച്ച് സുദീപ് കുമാർ മനോരമ ഓൺലൈനിനോടു പറഞ്ഞത് ഇങ്ങനെ:

‘81 പാ‌ട്ടുകൾ കോർത്തുള്ള മെഡ്‌ലിയാണ് യേശുദാസ് സാറിനു പിറന്നാൾ സമ്മാനമായി ഒരുക്കിയത്. അദ്ദേഹത്തിന്റെ മികച്ച പാട്ടുകളേക്കാളുപരിയായി അക്ഷരമാലക്രമത്തിലുള്ള പാട്ടുകളാണ് ഈ മെഡ്‌ലിയ്ക്കു വേണ്ടി തിരഞ്ഞെടുത്തത്. മലയാളഭാഷയിലെ മിക്കവാറും എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. അതിൽ എല്ലാം ഉൾപ്പെടുത്തുക ഏറെ ശ്രമകരമാണ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ 81 ാം പിറന്നാളിന്റെ പ്രതീകമായി 81 ഗാനങ്ങളാണ് ഈ സംഗീതാർച്ചനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ പതിനെട്ടു പാട്ടുകളുടെ അനുപല്ലവിയും ബാക്കിയുള്ളവയുടെ പല്ലവി മാത്രവുമാണ് ചേർത്തത്.

ഒരേ സംഗീതസംവിധായകരുടെയും ഒരേ ഗാനരചയിതാക്കളുടെയും പാട്ടുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. പകരം പല ആളുകളുടെ ഗാനങ്ങൾ ചേർത്തു. 37 സംഗീതസംവിധായകരുടെയും ഇരുപത്തിയൊന്നോളം ഗാനരചയിതാക്കളുടെയും പാട്ടുകളാണ് ഈ മെഡ്‌ലിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ പ്രണയ–വിരഹ ഗാനങ്ങൾ, മെലഡികൾ എന്നിങ്ങനെ യേശുദാസ് സറിന്റെ പല തരത്തിലുമുള്ള പാട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനു ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ നേടിക്കൊടുത്ത ഗാനങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. 

മലയാളികൾക്ക് ഒരു സംഗീതജ്ഞന്‍ എന്നതിലുപരി ഒരു ഭാഷാ അധ്യാപകനാണ് യേശുദാസ് സർ എന്ന നിരീക്ഷണത്തിൽ നിന്നാണ് ഇത്തരത്തിലൊരു സംഗീതാർച്ചനയൊരുക്കാമെന്ന ചിന്തയുണ്ടായത്. അദ്ദേഹത്തിന്റെ പാട്ടുകളിൽ നിന്നാണ് പല വാക്കുകളുടെയും ഉച്ചാരണം നമ്മൾ മനസ്സിലാക്കിയത്. സംഗീത രംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്കൊപ്പം തന്നെ ഭാഷയ്ക്കു വേണ്ടി അദ്ദേഹം നൽകിയ സംഭാവനകളും കൂടി അനുസ്മരിച്ചാണ് ഇത്തരത്തിൽ എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന പാട്ടുകൾ മെഡ്‍ലിയ്ക്കായി തിരഞ്ഞെടുത്തത്’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA