ADVERTISEMENT

സ്വന്തം ജീവിതത്തിന്‍റേത് എന്നപോലെ ഓരോ മലയാളിയും മനപാഠമാക്കിയ ഒരു ജീവിതരേഖയുണ്ട്.  എട്ടു പതിറ്റാണ്ടു പിന്നിട്ട ആ സംഗീതജീവിതത്തിന്‍റെ ചിട്ടകളും ശീലങ്ങളും പതിവ് തെറ്റിക്കാതെത്തുന്ന വേദികളുമൊക്കെ നമുക്ക് എത്രയോ പരിചിതം. എന്നാല്‍ ഈ ജനുവരി 10ന് 81–ാം പിറന്നാള്‍ ദിനത്തില്‍ മൂകാംബിക സന്നിധിയില്‍ വാക്ദേവതയുടെ വരപ്രസാദം വാങ്ങാന്‍ അമേരിക്കയില്‍നിന്ന് എത്താന്‍ കഴിയുന്നില്ല യേശുദാസിന്. 48 വര്‍ഷത്തിനിടെ ഇതാദ്യമായി അകലെനിന്ന് അദ്ദേഹത്തിന്റെ ശാരീരം ദേവിയെ പുല്‍കും.  സ്വരമായി നിത്യം തൊട്ടുതലോടുന്നുണ്ടെങ്കിലും അദ്ദേഹം കേരളത്തിന്‍റെ മണ്ണുതൊട്ടിട്ട് ഒരു വര്‍ഷത്തോളമാവുന്നു.  എവിടെയും സഞ്ചരിക്കാനും ഏതു മലയാളി മനസ്സിലും കടന്നുകയറാനും സ്വാതന്ത്ര്യമുള്ള സംഗീതത്തിന്റെ തമ്പുരാന് കോവിഡ് മഹാമാരി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകളഞ്ഞു.

മഴവില്‍ മനോരമയുടെ ആദ്യ എന്‍റര്‍ടെയിന്‍മെന്‍റ് അവാര്‍ഡ്നിശ ഞാനോര്‍ക്കുന്നു. ഓള്‍ടൈം എന്‍റര്‍ടെയിനര്‍ അവാര്‍ഡ് യേശുദാസിന് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് അന്നു സമര്‍പ്പിച്ചത്.  ദാസേട്ടന്‍ നല്ല മൂഡിലായിരുന്നു.  ഹാളിനു പുറത്ത് ഒറ്റയ്ക്കു കിട്ടിയ സന്ദര്‍ഭത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ പ്രതിസന്ധി ഞാന്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ അവതരിപ്പിച്ചു.

‘യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന പലരും എന്നോടു ചോദിക്കുന്നു, ദാസേട്ടനില്‍നിന്ന് എന്തൊക്കെ ഇനിയും അറിയാനുണ്ട്.  നിങ്ങളൊക്കെ എന്താണ് അദ്ദേഹത്തെക്കുറിച്ച് പുസ്തകം എഴുതാത്തത്.  ഇവിടുത്തെ പ്രസാധകര്‍ ആരും അദ്ദേഹത്തിന്‍റെ നല്ലൊരു ജീവചരിത്രം പുറത്തിറക്കുന്നില്ലല്ലോ....’ 

ഇത്രയും പറ‍ഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, ദൈവത്തെപ്പോലെ നിറഞ്ഞ സാന്നിധ്യമായി ദാസേട്ടനെ കാണുന്ന മലയാളികളുടെ ഈ ചോദ്യത്തിന് എന്തു ഉത്തരം കൊടുക്കും?  ഞങ്ങളുടെ ഉപേക്ഷയല്ല, ദാസേട്ടന്‍ ഞങ്ങള്‍ക്കൊന്നും നിന്നുതരാത്തതാണ് എന്നു പറയട്ടെ?

അദ്ദേഹം ചിരിച്ചു.  എന്‍റെ കൈപിടിച്ചിട്ട് പറഞ്ഞു – ‘ഒരു പേജില്‍ എഴുതാവുന്നതാണ് എന്‍റെ ജീവിതം.  അത്രയേയുളളൂ.  നിങ്ങളൊക്കെ അതു വലിച്ചുനീട്ടി പരത്തിപ്പാടിക്കൊണ്ടിരുന്നാല്‍ ഇയാള്‍ ഇത്രയേയുള്ളൂവെന്നോ,  അല്ലെങ്കില്‍ ഇത്രയൊക്കെ പറയാനുണ്ടോയെന്നോ കേള്‍ക്കുന്നവര്‍ക്കു തോന്നാം.  അതിനു ഞാനെന്തിനു നിന്നുതരണം?’ അതിന് ഒരു അനുപല്ലവികൂടി ഉണ്ടായിരുന്നു.  അദ്ദേഹം പറഞ്ഞു – ‘മറക്കാനാവാത്ത കുറെ വിഷമങ്ങള്‍ ചേര്‍ന്നതാണ് എന്‍റെ ജീവിതം.’

ദൈവത്തിന്‍റെ സ്ഥാനത്തുള്ളവര്‍ക്കും മറക്കാനാവാത്ത വിഷമമോ? ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു നിര്‍വചനമായി തോന്നി എനിക്കത്. അതുകൊണ്ടു ചോദിച്ചുപോയി –  ‘ദാസേട്ടനെപ്പോലെ ഒരാള്‍ക്ക് മറക്കാനാവാത്ത വിഷമങ്ങള്‍ ഉണ്ടോ?  പണ്ടത്തെ വിഷമങ്ങളൊക്കെ ഓര്‍ത്തുവച്ചിട്ട് എന്തുകാര്യം? അദ്ദേഹം എന്നെ ഒന്നു നോക്കി ഗൗരവത്തില്‍ ചോദിച്ചു – ‘എന്തിനു മറക്കണം?’  അദ്ദേഹം കൂടുതല്‍ ഓര്‍മിക്കുന്നതിനുമുമ്പേ ഞാന്‍ പിന്‍വാങ്ങി. ഞാനായിട്ട് ആ ശ്രുതി തെറ്റിക്കരുതല്ലോ.

പക്ഷേ പുതിയ സമ്പന്നതയിലും പഴയ ദാരിദ്ര്യം കൈവിടാത്ത മഹാഗായകനെക്കുറിച്ചു ഞാന്‍ വീണ്ടുമോര്‍ത്തു.  പഴയ ദുഃഖങ്ങളെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ സ്വരം ചിലപ്പോള്‍ കടുപ്പമാവും.  മറ്റുചിലപ്പോള്‍ കാല്‍പനികമാവും.  രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് തരംഗിണി സംഗീതവിദ്യാലയത്തിന്‍റെ വാര്‍ഷികച്ചടങ്ങില്‍  യേശുദാസിനൊപ്പം പഴയ കൂട്ടുകാരന്‍ ചേര്‍ത്തല ഗോവിന്ദന്‍കുട്ടിയുണ്ടായിരുന്നു.  ചേര്‍ത്തലയില്‍നിന്ന് യേശുദാസിനെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയതാണ് ഗോവിന്ദന്‍കുട്ടി.  

തൃപ്പൂണിത്തുറ ആര്‍.എല്‍.വി മ്യൂസിക് അക്കാദമയില്‍ പഠിക്കുമ്പോള്‍ രണ്ടുപേര്‍ക്കും കൂട്ട് സംഗീതപ്രേമവും ദാരിദ്ര്യവുമായിരുന്നു.  ഒരു വീട്ടുകാര്‍ കൊപ്ര ഉണക്കാനായി ഉപയോഗിക്കുന്ന  വീടിന്‍റെ മച്ചില്‍ രണ്ടുരൂപ വാടകയ്ക്ക് പാ വിരിച്ച് കിടന്നുറങ്ങിയ നാളുകള്‍ യേശുദാസ് ഓര്‍ത്തെടുത്തു.  ഭക്ഷണം കഴിക്കാത്ത ദിവസങ്ങള്‍ ഏറെയുണ്ടായിരുന്നു.  സംഗീതത്തിനുവേണ്ടി ദുഃഖങ്ങള്‍ ഒന്നിച്ച് അനുഭവിച്ചതിന്റെ  സുഖം എന്നും ഓര്‍മയില്‍ ഉള്ളതുകൊണ്ട് ഗോവിന്ദന്‍കുട്ടിയുമായി ഇന്നും കൂട്ടാണെന്നും യേശുദാസ് പറഞ്ഞു.  പില്‍ക്കാലത്ത് സമ്പന്നതയുടെ ഉയരങ്ങളില്‍നിന്ന് അദ്ദേഹം കണ്ട ഓരോ ദാരിദ്ര്യവും തന്‍റെ പഴയ ദാരിദ്ര്യത്തെക്കുറിച്ച് അദ്ദേഹത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.  അതാണ് ഞാന്‍ മറക്കണമെന്നു പറഞ്ഞത്.  അദ്ദേഹമുണ്ടോ അതു കേള്‍ക്കുന്നു?

<p>ഇങ്ങനെ ചില ഓര്‍മകള്‍ അദ്ദേഹത്തെ പിന്തുടരുന്നതുകൊണ്ടാവാം, ദാസേട്ടനെ കണ്ടുമുട്ടുമ്പോഴൊക്കെ അത് അനുഭവസംഗീതമാകണമെന്നില്ല. ആ സ്വരം കേള്‍ക്കുമ്പോള്‍ അടിവയറ്റില്‍ കറന്‍റ് അടിക്കുന്നതുപോലെ തോന്നിയ സ്ത്രീകളെപ്പറ്റി സുഭാഷ് ചന്ദ്രന്‍ എഴുതിയിട്ടുണ്ട്.  അത് സംഗീതത്തിന്‍റെ കമ്പനം, പ്രകോപനം.  എന്നാല്‍ അല്‍പഹാസ്യത്തില്‍ തുടങ്ങി ഉദാത്ത തത്വജ്‍ഞാനത്തില്‍ കയറി പരിഹാസത്തിലേക്കു പതിക്കുന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ അടിവയറ്റില്‍ മറ്റൊരുതരം പ്രകമ്പനം ഉണ്ടാക്കിയിട്ടുണ്ട്.  എന്തു ചെയ്യാം, ചിലപ്പോള്‍ ദാസേട്ടന്‍ ഫോക്്ലോറിലും സംസാരിക്കും.  

വിവേകമേഖലകള്‍ കടന്ന് വിനാശകാരിയാവും. കൊച്ചു കൊച്ചു ചീത്തവാക്കുകള്‍ക്ക് ഇത്രയും നല്ല സ്വരത്തില്‍ പുറത്തുവരാന്‍ ഭാഗ്യമുണ്ടായല്ലോ എന്നോര്‍ത്തുപ്പോയിട്ടുണ്ട് ഞാന്‍.  അദ്ദേഹത്തോടൊപ്പം പങ്കിട്ട ചില വേദികളില്‍ ഞാനും അതിന് ഇരയായിട്ടുണ്ട്.  അന്നൊക്കെ ബൈബിളിലെ സങ്കീര്‍ത്തനക്കാരനെപ്പോലെ ഞാനും ആലോചിച്ചുപോയി –  അവിടത്തെ ചിന്തയില്‍ വരാന്‍ മാത്രം എന്തു സവിശേഷതയാണ് എനിക്കുള്ളത്?

നേരേചൊവ്വേ അഭിമുഖത്തില്‍ ഉത്തരങ്ങളില്‍ പാഴ്ശ്രുതി കലരാതിരിക്കാന്‍ കരുതലോടെയാണ് ഞാന്‍ ഓരോന്നും ചോദിച്ചത്. എന്നിട്ടും മുനവച്ച കുസൃതിശീലുകള്‍ക്കൊണ്ടെന്‍റെ ശ്വാസഗതിയുടെ താളംതെറ്റിച്ചു ദാസേട്ടന്‍.

ഒരു വേദിയില്‍ യേശുദാസ് പറഞ്ഞു – ഈ പ്രായത്തിലും  വേദിയില്‍ ഒരു പാട്ടുപാടി ഒപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ എന്‍റെ ശബ്ദത്തിനുവേണ്ടി പലതും വേണ്ടെന്നുവച്ചതുകൊണ്ടാണ് എന്ന് നിങ്ങള്‍ ഓര്‍‍ക്കണം. ഞങ്ങളത് ഓര്‍ക്കുന്നുണ്ടല്ലോ. അതുകൊണ്ടല്ലേ മറ്റെന്തും ഞങ്ങള്‍ മറക്കുന്നത്. 

ദേവരാജനും ബാബുരാജും എംബിഎസും ഒക്കെ ഉണ്ടായിരുന്ന കാലത്ത് പാടാന്‍ യേശുദാസ് ഉണ്ടായിരുന്നതിനെക്കുറിച്ച് ഒ.എന്‍.വി ഒരിക്കല്‍ പറഞ്ഞു –  ആഹ്ലാദകരമായ ആകസ്മികത എന്ന്.  എന്നാല്‍ ഭാസ്ക്കരനും വയലാറും ശ്രീകുമാരന്‍തമ്പിയും ഒ.എന്‍.വിയുമൊക്കെ എഴുതിയ വരികളും ദക്ഷിണാമൂര്‍ത്തിയും ദേവരാജനും മുതലുള്ളവര്‍ നല്‍കിയ ഇമ്പവുംപോലും ഈ കമ്പത്തില്‍ മറന്നവരെപ്പോലെയായി ഞങ്ങള്‍.

എന്തു ചെയ്യാനാ, ഞങ്ങളെ ശ്രവണമാത്രയില്‍ അടിമകളാക്കിയില്ലേ ഈ ഗന്ധര്‍വന്‍? ഒരു ജനതയ്ക്കുമേല്‍ വൈകാരിക പരമാധികാരം നേടിയില്ലേ ഈ സംഗീതസര്‍വാധിപതി? ഞങ്ങളുടെ ഏതു വിഭജനപൂട്ടും തുറക്കാനുള്ള താക്കോലല്ലേ ആ ശബ്ദം?  ‍ഞങ്ങള്‍ക്ക് ആ പാട്ടുകള്‍ ശ്വാസം കഴിക്കുന്നതുപോലെ മുടക്കാനാവാത്ത ഒന്നായിപ്പോയില്ലേ?  ഞങ്ങള്‍ ബാധിതരായ മനുഷ്യരായിപ്പോയില്ലേ?  ഉന്മാദത്തോളം എത്തുന്ന ഉത്ക്കടപ്രേമത്തില്‍ പെട്ടുപോയില്ലേ ഞങ്ങള്‍?

ഒരു സംഗീതകല്‍പധേനുപോലെ വേണ്ടതെന്തും വേണ്ടപ്പോഴൊക്കെ ആ ശബ്ദം  ഞങ്ങള്‍ക്കായി ചുരത്തിക്കൊണ്ടിരുന്നു. ആ പാട്ടില്‍ ഏതു കാലവും കൂട്ടുവന്നു.   ഏതു ഭാവവും ഓര്‍മവന്നു.  അതു ഞങ്ങളുടെ അന്തര്‍നാദമായി, അതിനൊപ്പം പാടാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചുകൊണ്ടിരുന്നു.  മുറിപ്പാട്ടുമായി മുറിക്കുള്ളില്‍ കഴിഞ്ഞ കോവിഡ് കാലത്തു പ്രത്യേകിച്ചും. പക്ഷേ ഞങ്ങളുടെ പരിമിതികള്‍ക്കിണങ്ങുന്ന പാട്ടുകള്‍പോലും അങ്ങു പാടിയപ്പോള്‍ അവ ഞങ്ങളെ കടന്നുപോയി. ആ വിലോഭനവിദ്യയില്‍ വീണു മയങ്ങി ഇരിക്കാനേ കഴിഞ്ഞുള്ളൂ ഞങ്ങള്‍ സ്വപ്നത്തിലെ ഗായകര്‍ക്ക്.

വാഴ്ത്തുപാട്ടായിപ്പോയോ, അലങ്കാരവാക്കുകള്‍ അധികമായി എടുത്ത് ഉപയോഗിച്ചുവോ, ക്ഷമിക്കുക.  ഒന്നാലോചിച്ചാല്‍ മറ്റാര്‍ക്കുവേണ്ടിയാണ് അവ മാറ്റിവയ്ക്കുക?  

പാട്ടുകൊണ്ട് നമ്മുടെ കണ്ണു നനയിപ്പിക്കുന്ന ഈ ശബ്ദഭഗവാന് കണ്ണു നിറയുന്നത് എപ്പോഴാണ്?  അങ്ങനെയൊരു സന്ദര്‍ഭം മഴവില്‍ മനോരമ റേഡിയോ മാംഗോ സംഗീത അവാര്‍ഡ് ചടങ്ങില്‍ അദ്ദേഹം വെളിപ്പെടുത്തി.  ഹനുമാന്‍ സീരിയലിന്‍റെ എപ്പിസോഡുകള്‍ വീട്ടിലിരുന്നു കണ്ട് കരഞ്ഞതിനെപ്പറ്റി അദ്ദേഹം പറഞ്ഞു – ‘ഇത്രയും ശക്തിമാനായ ഹനുമാന്‍ തന്‍റെ ആ ശക്തിയെക്കുറിച്ച് ഒന്നും ഗണിക്കാതെ എല്ലാം ശ്രീരാമനില്‍നിന്ന് ഉണ്ടാവുന്നത് എന്നു മാത്രം കരുതുന്നു.  അതാണ് കണ്ണു നനയിച്ചത്.  എന്നെ നിലനിര്‍ത്തുന്നത് ‘വായു’വാണ്.  അത് എന്റെ ശക്തിയല്ല.  ജഗദീശ്വരന്‍റെ ദാനം എന്നു ഞാന്‍ എപ്പോഴും പറയുന്നത് അതുകൊണ്ടാണ്.’ –  ജഗദീശ്വരന്‍ അറിയാതിരിക്കുമോ ദാസേട്ടനെ നിലനിര്‍ത്തുന്ന ആ വായു സന്തോഷത്തിലും സങ്കടത്തിലും ഞങ്ങളുടെ ജീവവായുവാണെന്ന്.

കോട്ടയത്ത് യേശുദാസിനൊപ്പം പങ്കെടുത്ത ഒരു ചടങ്ങില്‍ സുകുമാര്‍ അഴീക്കോട് പറഞ്ഞു – ‘ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം യേശുദാസിനെപ്പോലെ പാടാന്‍ കഴിയണേ എന്നാണ്’.  ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന് അഴീക്കോട്സാര്‍ തന്നെ കൂട്ടിച്ചേര്‍ത്തു.

ഏതു മലയാളിക്കാണ് ഈ ആഗ്രഹം ഇല്ലാത്തത്?  എന്നാല്‍ മികച്ച ഗായകര്‍ക്കുപോലും അതു കേവലം സ്വപ്നമാക്കിയില്ലേ ദാസേട്ടന്‍. എവിടെയും എന്ന കവിതയില്‍ യേശുദാസിനെക്കുറിച്ച് കെ.ജി.ശങ്കരപ്പിള്ള എഴുതി – എവിടെയും എല്ലാറ്റിനും ഉള്ളിലിരുന്നൊരാള്‍ പാടുന്നു, അകവും പുറവും നിറയുന്നു മലയാളമഴ.ഞങ്ങള്‍ ആ മഴ നനഞ്ഞുകൊണ്ടേയിരിക്കുന്നു.  എത്ര കുളിര്‍ന്നാലും മതിയാവില്ല.  അല്ലെങ്കില്‍തന്നെ ഞങ്ങളെ ഇത്രമേല്‍ ചേര്‍ത്തുനിര്‍ത്തിയ മറ്റെന്തുണ്ട്?  അധികമായാലും അധികപ്പറ്റായി ഞങ്ങള്‍ക്കു തോന്നാത്ത മറ്റെന്തുണ്ട്? മഹാഗായകന് 81. ആ പാട്ടില്‍ ഞങ്ങള്‍ക്കെന്നും 18.  പ്രണാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com