ADVERTISEMENT

പാട്ടുകൾക്കു കവർ പതിപ്പുകൾ ചെയ്യുമ്പോൾ പാട്ടിന‌ടിയിൽ ഗാനരചയിതാക്ക‌ളുട‌െ പേര് ചേർക്കാത്തതിരിക്കുന്നതിനെ‌ വിമർശിച്ച് പാട്ടെഴുത്തുകാരൻ മനു മഞ്ജിത്ത്. ദീർഘമായ ആലോചനകൾക്കും പരിശ്രമങ്ങൾക്കും ശേഷമാണ് ഒരു പാ‌ട്ടിന്റെ വരികൾ ഉരുത്തിരിഞ്ഞു വരുന്നതെന്നും അതിന‌‌െ പുനരാവിഷ്കരിക്കുമ്പോൾ ഗാനരചയിതാവിനുൾപ്പെടെ കൊടുക്കേണ്ട അംഗീകാരം കൊ‌ടുക്കണമെ‌ന്നും അത് മിനിമം മര്യാദയും മാന്യതയുമാണെന്ന് ഓർമിപ്പിക്കുകയാണ് അദ്ദേഹം. കവർ പതിപ്പുകൾക്കി‌യിൽ പാട്ടെഴുത്തുകാരന്റെ പേര് മറഞ്ഞുപോകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ശക്തമായ ഭാഷയിലാണ് മനു മഞ്ജിത്ത് ഇക്കാര്യത്തെക്കുറിച്ചുള്ള നിലപാ‌ട് വ്യക്തമാക്കിയത്. 

‘അൽപം പ്രയാസത്തോടു കൂടി തന്നെ ഒരു കാര്യം പറയുകയാണ്. ഈ കവർസോംഗ് പരിപാടികൾ ചെയ്യുമ്പോൾ ആ ഗാനത്തിന്റെ രചയിതാവിന്റെ മാത്രം പേര് "വിട്ടു പോവു"ന്ന സെലക്ടീവ് മറവിയുള്ള സൂക്കേടുകാരോടാണ്. നിങ്ങൾ ഒരു പാട്ട് പാടുമ്പോൾ ആ പാട്ട് അങ്ങനെ പാടാൻ പാകത്തിൽ ആവുന്നത്... നിങ്ങൾ പാടുന്ന ആ അക്ഷരങ്ങൾ... അല്ലെങ്കിൽ ആ പാട്ടിന്റെ പേരു തന്നെ ഏതോ ഒരുത്തനോ ഒരുത്തിയോ എത്രയോ നേരം തല പുകച്ചും വെട്ടിയും തിരുത്തിയും അവനവനോടും മറ്റു പലതിനോടും പടവെട്ടി കിട്ടിയതാണ് എന്നത് മറന്നു പോവരുത്. 

ഇത് ഒരു അവകാശപ്പോരാട്ടമോ അവഗണനക്കെതിരെ ഉള്ള പ്രതിഷേധമോ ഒന്നുമല്ല. കാരണം നിങ്ങൾ ഒരു പാട്ട് നിങ്ങളുടേതായ രീതിയിൽ പാടിയാലും ഇല്ലേലും ആ പാട്ടിനോ അതിന്റെ പിന്നണിക്കാർക്കോ പ്രത്യേകിച്ച് ഇനി ഒന്നും സംഭവിക്കാനില്ല. (അപൂർവം ചില കണ്ടെത്തലുകളെയും ഭംഗികളെയും മറക്കുന്നില്ലെന്നു മാത്രമല്ല അതിലും എത്രയോ ഇരട്ടി ദുരന്തങ്ങളെ ഓർക്കുക കൂടെ ചെയ്യുന്നു). ഓൾറെഡി ആളുകൾ കേട്ട് സ്നേഹിച്ച പാട്ടുകളാണല്ലോ നിങ്ങൾ പൊതുവേ തെരഞ്ഞടുക്കാറ്. പക്ഷേ അത് ഇത്തരത്തിലൊന്നു ചെയ്യുമ്പോൾ നിങ്ങൾ പാലിക്കേണ്ട മിനിമം കടപ്പാടും മര്യാദയും മാന്യതയും ഒക്കെയാണ്. 

ഇതൊന്നും അങ്ങാടിയിൽ പൈസ കൊടുത്ത് വാങ്ങാൻ കിട്ടുന്നതല്ലെന്നറിയാം. എങ്കിലും പറയുകയാണ്. നിങ്ങൾ ഒരു കുട്ടിക്ക് ഒരു കുപ്പായം വാങ്ങിക്കൊടുക്കുമ്പോൾ ഏറ്റവും കുറഞ്ഞത് അത് ആരുടെ കുട്ടിയാണ് എന്നെങ്കിലും അറിഞ്ഞു വക്കുന്നത് നന്നാവും. ചുരുക്കി പറഞ്ഞാൽ 'സോംഗ്' കവർ ചെയ്യുന്ന കൂട്ടത്തിൽ ആ പാട്ടെഴുതിയ ആൾ കൂടെ 'കവർ' ആയിപ്പോകാതിരുന്നാൽ സന്തോഷം എന്ന്. അപ്പോ നന്ദി.’– മനു മഞ്ജിത്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com