ADVERTISEMENT

ഒരു കൊടം പാറ്, ഒല്ലിയടുത്താൽ ചൊല്ലാം ഒരു മിളിന്തിയിൽ കാളിയാക്ക്, 

മറു മിളിന്തിയും കറ്റാണേ കറ്റാൽ നിന്നെ കട്ടോളാ,

എന്ത് കട്ടു ചേല് കട്ടു, എന്ത് ചേല് പാട്ട് ചേല്, 

എന്ത് പാട്ട് നിന്റെ പാട്ട്, എന്ത്‌ നീ എന്റെ നീ....

പാളുവ ഭാഷയുടെ കുസൃതിയും ചേലുമാണീ വരികൾ നിറയെ. പാട്ടെഴുതിയതാകട്ടെ പ്രശസ്ത ദലിത് ആക്ടിവിസ്റ്റ് മൃദുലാദേവിയും. പറയ സമുദായത്തിന്റെ തനതു ഭാഷയായ പാളുവ ഭാഷയിൽ മുൻപ് റാപ്പുകളും കവിതകളും വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പാളുവയിൽ മലയാള സിനിമയിലൊരു ടൈറ്റിൽ സോങ് എത്തുന്നത്. സംവിധായകൻ ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കള (ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ) എന്ന സിനിമയിലാണ് പാളുവ ഭാഷയുടെ ചന്തം ഈണമായൊഴുകുന്നത്. 

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ 'ഒരു കൊടം', 'ചെമ്രാന്തമേറെയാണ്' എന്നീ രണ്ട് പാളുവ പാട്ടുകളാണുള്ളത്. അതിൽ ആദ്യഗാനമായ 'ഒരു കുടം' നിവിൻ പോളിയാണ് റിലീസ് ചെയ്തത്. മാത്യുസ് പുളിക്കന്‍ ഈണം പകർന്ന പാട്ട് ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പടനും ചേർന്ന് ആലപിച്ചിരിക്കുന്നു. 

സമൂഹമാധ്യമത്തിൽ കുറിച്ചിട്ട പാളുവ വരികൾ കണ്ട സംവിധായകൻ, തന്റെ പുതിയ സിനിമയിൽ അതൊരു പാട്ടാക്കാമെന്ന് അഭിപ്രായപ്പെടുകയും തുടർന്ന് കൂടുതൽ വരികൾ എഴുതുകയുമാണുണ്ടായതെന്ന് മൃദുല പറയുന്നു. എങ്ങും കാണാതെയും കേൾക്കാതെയും അറിയാതെയും ചേറിലും ആറ്റിലുമൊക്കെ ചവിട്ടിത്താഴ്ത്തപ്പെട്ടവരു‌ടെ നിലവിളി ഈ പാട്ടിലുണ്ടെന്നും ‌ആ വരികൾ വീണ്ടും പുറത്തുവരുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും മൃദുല പറയുന്നു. അബോധമായ ആണധികാരത്തെപ്പറ്റി പറയുന്ന സിനിമയോട് ഇഴുകി നിൽക്കുന്നതാണ് ഈ വരികളെന്നും അവർ വ്യക്തമാക്കി. 

‌‘ദലിത്‌ സമൂഹങ്ങളിൽ ഗോത്ര സമൂഹങ്ങളെ പോലെത്തന്നെ ഒാരോന്നിനും തനതായ ഭാഷകളും പാട്ടുകളുമുണ്ട്. എന്നാൽ ഈ പാട്ടുകളും പ്രയോഗങ്ങളും ഇതര സമൂഹങ്ങളിൽ എത്തിപ്പെടരുതെന്ന നിർബന്ധവും ഇത്തരം സമുദായങ്ങളിക്കിടയിലുണ്ട്. പാളുവ ഭാഷയും ഏറെ ഗൂഢമായ ഒന്നാണ്. പാളുവയെ പ്രസിദ്ധപ്പെടുത്തുന്നതിലുളള വിയോജിപ്പ് പലരും അറിയിച്ചു. സിനിമയിൽ ഇന്നും നിലനിൽക്കുന്ന സവർണതയായിരിക്കാം പലപ്പോഴും പാളുവ പോലുള്ള ദലിത് ഭാഷകൾക്ക് മുഖ്യധാരയിലേക്ക് കടന്നുവരാൻ തടസ്സം സൃഷ്ടിക്കുന്നത്. ചിലപ്പോൾ മറ്റെല്ലാ എതിർപ്പുകളും താണ്ടി ഇത്തരം ഭാഷകൾ സിനിമയിൽ വരുമ്പോൾ വിതരണക്കാരാണ് എതിർപ്പുമായി വരികയെന്നതും ഖേദകരം. ജിയോ ബേബിയെപ്പോലെ ദലിത് സമൂഹത്തെ പ്രാതിനിധ്യത്തിലേക്ക് കൊണ്ടുവരുന്ന നിലപാടുളളവരോടുളള കടപ്പാട് അറിയിക്കുകയാണ്. എന്‍റെ പേര് കേരളത്തിലറിയപ്പെടാൻ കൂടെ നിന്ന ദലിത് സമൂഹത്തോട് ഏറെ‌ സ്നേഹവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com