ഇങ്ങനെ പറയാൻ ആരാ പഠിപ്പിച്ചത്? ചിരി പടർത്തി സിത്താരയുടെ മകളുടെ നിഷ്കളങ്കമായ ഉത്തരം

Sithra-savan
SHARE

ഒരേ വേദിയിൽ ഒരുമിച്ചു പാട്ടു പാടി ഗായിക സിത്താര കൃഷ്ണകുമാറും മകൾ ഏഴ് വയസ്സുകാരി സാവൻ ഋതുവും. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാ‌ടിയായ സൂപ്പർ 4ന്റെ വേദിയിലായിരുന്നു ഇരുവരുടെയും കൗതുകകരമായ പ്രകടനം. പരിപാടിയിലെ വിധികർത്താവാണ് സിത്താര. ഇക്കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പ്രത്യേക അതിഥികളായാണ് സിത്താരയുടെ ഭര്‍ത്താവും മകളും അമ്മയും വേദിയിലെത്തിയത്. 

സൂപ്പർ 4ന്റെ മറ്റു വിധികർത്താക്കളായ റിമി ടോമിയോടും ജ്യോത്സ്നയോടും വിധു പ്രതാപിനോടുമെ‌ല്ലാം സാവൻ ഋതു വിശേഷങ്ങള്‍ പങ്കുവച്ചു. അമ്മ വീട്ടിൽ എങ്ങനെയാണ് വഴക്കു പറയുമോ എന്നു ചോദിച്ചപ്പോൾ പാവം ആണെന്നായിരുന്നു മകളുടെ മറുപടി. ഇങ്ങനെ പറയാൻ പഠിപ്പിച്ചത് ആരാണെന്നുള്ള ചോദ്യത്തിന് അമ്മമ്മ ആണെന്ന് നിഷ്കളങ്കമായി സാവൻ മറുപടി പറഞ്ഞത് വേദിയിൽ ചിരി പടർത്തി. 

മകൾ പാട്ട് പാടാനൊരുങ്ങിയപ്പോൾ ജഡ്ജിങ് പാനലിൽ നിന്ന് വേദിയിലെത്തിയ സിത്താര, മകളെ ചേർത്തു പിടിച്ച് ഒപ്പം പാടി. സിത്താര തന്നെ‌ പാടിയ ‘നീ മുകിലോ’, ‘കടുകുമണിക്കൊരു കണ്ണുണ്ട്’, എന്നീ ഗാനങ്ങളാണ് ഇരുവരും ചേർന്നാലപിച്ചത്. സൂപ്പർ 4ലെ സാവൻ ഋതുവിന്റെ ക്യൂട്ട് പാട്ടും വർത്തമാനവും ഇതിനോടകം നിരവധി ആസ്വാദകരെ നേടി. വിഡിയോ ട്രെൻഡിങ്ങിൽ മുൻനിരയിൽ എത്തുകയും ചെയ്തു. 

മകൾ കൂടുതലും തന്റെ അമ്മയ്ക്കൊപ്പമാണെന്നും അതാണ് തന്റെ ഏറ്റവും വലിയ ആശ്വാസവും ധൈര്യവുമെന്ന് സിത്താര വേദിയിൽ പറഞ്ഞു. പാട്ട് റെക്കോർഡിങ്ങിനും മറ്റു സംഗീതപരിപാടികൾക്കുമൊക്കെയായി പുറത്തു പോകുന്നത് ആ ധൈര്യത്തിൽ തന്നെയാണെന്നും ഗായിക കൂട്ടിച്ചേർത്തു. സിത്താരയുടെ അമ്മയും വേദിയിൽ വിശേഷങ്ങൾ പങ്കുവച്ചു. കുട്ടിക്കാലത്തെ സിത്താരെയെക്കാൾ ആക്ടീവ് ആണ് മകൾ സാവൻ ഋതുവെന്ന് അമ്മ പറഞ്ഞു. സാവൻ പാട്ട് പാടുന്നതിന്റെ വിഡിയോ സിത്താര പങ്കുവയ്ക്കാറുണ്ട്. സിത്താരയെ മകൾ പാട്ടു പഠിപ്പിക്കുന്നതിന്റെ ക്യൂട്ട് വിഡിയോ വൈറലായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA