ADVERTISEMENT

അവിചാരിതമായി കണ്ടുമുട്ടിയ യുവ സൗണ്ട് എഞ്ചിനിയർ മിഥുനെ പരിചയപ്പെടുത്തി സംഗീതസംവിധായകൻ കൈലാസ് മേനോൻ. മികച്ച ഗായകൻ കൂടിയായ മിഥുൻ ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കുള്ള സൗണ്ട് എഞ്ചിനീയർമാരിൽ ഒരാളാണെന്നും റെക്കോർഡിങ്ങിന് മിഥുൻ ഉണ്ടെങ്കിൽ ജോലി പകുതി എളുപ്പമായി എന്നുമാണ് കൈലാസ് മേനോന്റെ വിലയിരുത്തൽ. കൈലാസ് ഈണമൊരുക്കുന്ന ‘കൊത്ത്’ എന്ന സിബി മലയിൽ ചിത്രത്തിലെ പാട്ട് റെക്കോർഡിങ് വേളയില്‍ മിഥുൻ മുന്നോട്ടു വച്ച വളരെ വ്യത്യസ്തമായ ഒരു ആശയം ഏറെ മനോഹരമായി തോന്നി എന്ന് കൈലാസ് കുറിച്ചു. തുടർന്നുള്ള ദിവസം പുതിയ പാട്ട് അമ്മയെ കേൾപ്പിച്ചപ്പോഴുള്ള അനുഭവവും അദ്ദേഹം രസകരമായി പങ്കുവച്ചിട്ടുണ്ട്. മിഥുൻ പാട്ട് പാടുന്നതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് കൈലാസിന്റെ സമൂഹമാധ്യമ പോസ്റ്റ്. 

‘ഇത് മിഥുൻ... കൊച്ചിയിലെ K7 സ്റ്റുഡിയോയിൽ വച്ചാണ് പരിചയപ്പെടുന്നത്. സൗണ്ട് എഞ്ചിനീയർ ആണ്, അസാധ്യ ഗായകനുമാണ്. ജോലിയോടുള്ള ആത്മാർത്ഥതയും പ്രൊഫഷണലിസവുമാണ് ആശാന്റെ ഹൈലൈറ്റ്. റെക്കോർഡിങ്ങിന് മിഥുൻ ഉണ്ടെങ്കിൽ നമ്മുടെ ജോലി പകുതി എളുപ്പമായി. നമ്മൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യങ്ങൾ ചൂണ്ടി കാട്ടിയും, വളരെ ക്രീയേറ്റീവ് ആയ അഭിപ്രായങ്ങൾ പറഞ്ഞുമെല്ലാം രസകരമായി പോകും റെക്കോർഡിങ് വേളകൾ. ചുമ്മാതാണോ ചുരുങ്ങിയ സമയം കൊണ്ട് ആൾ കേരളത്തിലെ ഏറ്റവും തിരക്കുള്ള സൗണ്ട് എഞ്ചിനീയർമാരിൽ ഒരാളായി മാറിയത്.  

ഈയിടെ സിബി സാറിന്റെ 'കൊത്ത്' എന്ന സിനിമയിലെ ഒരു പാട്ടിന്റെ റെക്കോർഡിങ് വേളയിൽ, പാട്ടിന്റെ പല്ലവി അവസാനം റിപ്പീറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും ഒരു രസകരമായ ഇമ്പ്രോവൈസേഷൻ വേണമെന്ന് തോന്നി. ഞാനും ഗായകനും കൂടെ പലതും മാറി മാറി പരീക്ഷിച്ചു നോക്കിയിട്ടു ഒന്നും അത്ര തൃപ്തികരമായി തോന്നിയില്ല. അപ്പോൾ മിഥുൻ "ചേട്ടാ..ഇങ്ങനൊരു സംഗതി നോക്കിയാലോ" എന്ന് പറഞ്ഞു വളരെ വ്യത്യസ്തമായ ഒരു ഐഡിയ സജസ്റ്റ് ചെയ്തു. സംഭവം വളരെ മനോഹരമായി തോന്നിയത് കൊണ്ട് ഞങ്ങൾ അത് റെക്കോർഡ് ചെയ്തു. 

അടുത്ത ദിവസം അമ്മയെ കണ്ടപ്പോൾ "നിന്റെ പുതിയ പാട്ടൊന്നു കേൾപ്പിച്ചേ" എന്ന് പറഞ്ഞപ്പോൾ ഈ പാട്ട് തന്നെ കേൾപ്പിച്ചു. അവസാന ഭാഗമെത്തിയപ്പോൾ അമ്മയോട് പറഞ്ഞു 'ഈ മനോഹരമായ സംഗതി നമ്മുടെ സൗണ്ട് എഞ്ചിനീയർ മിഥുന്റെ ഐഡിയ ആണ്'.. പാട്ടും സംഗതിയുമെല്ലാം അമ്മയ്ക്ക് അങ്ങ് ബോധിച്ചു. ഇനിയാണ് ട്വിസ്റ്റ്.. കുറച്ചു ദിവസം കഴിഞ്ഞ് അമ്മയോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ പതിവ് പോലെ പുതിയ പാട്ടുണ്ടെങ്കിൽ കേൾപ്പിക്കാൻ പറഞ്ഞപ്പോൾ അടുത്ത പാട്ടൊരെണ്ണം കേൾപ്പിച്ചു. മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ അമ്മയുടെ കമന്റ്.. 

"നീ ആ മിഥുനോട് പറഞ്ഞു ഒന്ന് രണ്ടു സംഗതി കൂടെ ഇടാത്തതെന്ത്" 

ലെ ഞാൻ - അമ്മേ!!;– കൈലാസ് മേനോൻ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com