ADVERTISEMENT

ചേർത്തല ∙ അഞ്ചു പതിറ്റാണ്ടിന്റെ ‘ആലാപനാഘോഷത്തിൽ’ , ‘വിശുദ്ധനായ  സെബസ്ത്യാനോസേ... ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ...’ എന്ന പാട്ട്. അർത്തുങ്കൽ ഉൾപ്പെടെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്ന ദേവാലയങ്ങളിലും നാനാജാതി മതസ്ഥരുടെ ഹൃദയങ്ങളിലും ഇടംപിടിച്ച പാട്ട് പുറത്തിറങ്ങിയിട്ട് 50 വർഷം പിന്നിടുകയാണ്. എം. കുഞ്ചാക്കോ നിർമാണവും സംവിധാനവും നിർവഹിച്ച് 1970 ഡിസംബർ 18ന് പുറത്തിറങ്ങിയ ‘പേൾവ്യൂ’ എന്ന സിനിമയിലെ പാട്ടുകളിലൊന്നാണ് ‘വിശുദ്ധനായ സെബസ്ത്യാനോസേ...’. 

വയലാർ രാമവർമ എഴുതി ജി. ദേവരാജൻ സംഗീതം നൽകിയ പാട്ട്  കെ.ജെ. യേശുദാസും ബി. വസന്തയുമാണ് പാടിയത്. സിനിമയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട രംഗത്തിലാണ് പാട്ട് വരുന്നത്. വിശുദ്ധ സെബസ്ത്യാനോസിനെ വർണിച്ച് പ്രാർഥിക്കുന്ന വരികളിൽ അർത്തുങ്കൽ പള്ളിയെയും വയലാർ  ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ അർത്തുങ്കൽ പള്ളിയിലിരിപ്പവനെ’ എന്നതാണ് ആ വരികൾ. അർത്തുങ്കൽ നിവാസികളോടും പള്ളിയോടും വയലാർ വലിയ സ്നേഹബന്ധം സൂക്ഷിച്ചിരുന്നെന്നും അങ്ങനെ ലഭിച്ച വിവരങ്ങൾ അദ്ദേഹത്തിന് പാട്ടെഴുത്തിന് സഹായകമായിട്ടുണ്ടാകാം എന്നും പള്ളിയുടെ മുൻ കൈക്കാരൻ കെ.ജി. നെൽസൺ പറഞ്ഞു.

ഈ പാട്ട് മദിരാശിയിൽ വച്ച് അച്ഛൻ എഴുതിയതായാണ് ഓർമയെന്ന് വയലാർ രാമവർമയുടെ മകൻ വയലാർ ശരത്ചന്ദ്രവർമ പറഞ്ഞു. പാട്ടെഴുതിയിട്ട് 48 വർഷം പൂർത്തിയായപ്പോൾ അർത്തുങ്കൽ ബസിലിക്കയിലെ വൈദികർ അടക്കമുള്ള സംഘം രാഘവപ്പറമ്പിലെത്തി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയും പാട്ട് പാടിയും വയലാറിന് ആദരം അർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ചേർത്തലയിലെത്തിയ യേശുദാസ് അർത്തുങ്കൽ പള്ളിയിലെത്തി അൾത്താരയ്ക്കു മുന്നിൽ നിന്നു പാട്ട് വീണ്ടും പാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com