ADVERTISEMENT

താരാട്ടായും സ്നേഹമായും പ്രണയമായും  മലയാളികളുടെ കവിളിൽ തലോടിയ പാട്ടിന്റെ മധുരത്തിനു രാജ്യത്തിന്റെ അംഗീകാരം. കൈതപ്രം ദാമോദരൻ നമ്പൂതിരിക്കു പത്മശ്രീ ലഭിക്കുമ്പോൾ മലയാളത്തിനും കോഴിക്കോടിനും അഭിമാനനിമിഷം. പത്മശ്രീ പ്രഖ്യാപനം വരുമ്പോൾ, ഭാര്യാപിതാവും മലയാള സിനിമയുടെ മുത്തച്ഛനുമായിരുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മരണാനന്തര ചടങ്ങുകൾക്കായി പയ്യന്നൂരിലായിരുന്നു കൈതപ്രം. 

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്ന അച്ഛൻ കണ്ണാടി ഭാഗവതരുടെ പാത പിന്തുടർന്നാണു കൈതപ്രം സംഗീതത്തിന്റെ വഴിയിലെത്തിയത്.

പാട്ടിന്റെ എല്ലാ ഋതുഭേദങ്ങളും കൈതപ്രത്തിന്റെ വിരലിൽ പൂത്തുവിടർന്നു. ‘അലയും കാറ്റിൻ ഹൃദയം തേടി’ വിരഹമായും വിഷാദമായും അദ്ദേഹം മലയാളത്തിൽ നിറഞ്ഞു. ‘എങ്ങനെ ഞാൻ ഉറക്കേണ്ടു’ എന്ന് എല്ലാ കുഞ്ഞുങ്ങളോടും നിറഞ്ഞ വാത്സല്യത്തോടെ ചോദിച്ചു.

‘ദേവദുന്ദുഭി’യും ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരക’വുമെഴുതി ക്ലാസിക്കലും സെമിക്ലാസിക്കലും ഒരുപോലെ വഴങ്ങുമെന്നു തെളിയിച്ചു. കണ്ണീർപ്പൂവിന്റെ കവിളിൽ പടർന്ന കണ്ണുനീർ എല്ലാ കാമുകഹൃദയങ്ങളുടേതുമായി. ലജ്ജാവതിയും കറുപ്പിനഴകുമായി യുവാക്കളെ ഹരം കൊള്ളിച്ചു. 

നാനൂറിലേറെ സിനിമകൾക്കായി ആയിരത്തിലേറെ ഗാനങ്ങൾ രചിച്ചു. സോപാനം എന്ന സിനിമയ്ക്കു കഥയും തിരക്കഥയും എഴുതി. മഴവില്ലിനറ്റംവരെ എന്ന സിനിമ സംവിധാനം ചെയ്തെങ്കിലും പുറത്തിറങ്ങിയില്ല. 

പക്ഷാഘാതത്തെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്ന കൈതപ്രം മനസിന്റെ ഇച്ഛാ ശക്തികൊണ്ടാണ് ഏറെ നാളുകൾക്കു ശേഷം ജീവിതത്തിലേക്കു തിരികെയെത്തിയത്. കോഴിക്കോട് തിരുവണ്ണൂരിലെ സ്വാതി തിരുനാൾ കലാകേന്ദ്ര മ്യൂസിക് തെറപ്പി ഫൗണ്ടേഷന്റെ സ്‌ഥാപകനായ കൈതപ്രം കേരളത്തിൽ അങ്ങോളമിങ്ങോളം സംഗീതചികിത്സയ്ക്കും നേതൃത്വം നൽകുന്നു. ഭാര്യ: ദേവി, മക്കൾ: ദീപാങ്കുരൻ, ദേവദർശൻ 

പ്രാർഥനാപൂർ‌വം

പയ്യന്നൂരിലെ പുല്ലേരി വാധ്യാരില്ലത്തിരിക്കുമ്പോഴാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി തന്റെ പത്മശ്രീ  നേട്ടം അറിയുന്നത്. ഒരു നിമിഷം പ്രാർഥനാപൂർവം കണ്ണടച്ചിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച നടനും തന്റെ ഭാര്യാപിതാവുമായ കോറോം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ ഓർത്തു.പിന്നെ പ്രതികരണം ഇങ്ങനെ: ‘സന്തോഷം. മലയാള സിനിമയുടെ മുത്തച്ഛന്റെ പ്രാർഥനയാണ് സഫലമായത്. എനിക്ക് അംഗീകാരങ്ങൾ ലഭിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com