13 ഭാഷകൾ, 42 ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ; കെ.എസ്.ചിത്രയെന്ന ഗാനേതിഹാസം

chithra-new1
SHARE

മലയാളികളുടെ ബാല്യം, കൗമാരം, യൗവ്വനം എന്നീ കാലഘട്ടങ്ങളെ തഴുകി കടന്നുപോയ ഗാനവസന്തമാണ് കെ.എസ്.ചിത്ര സമ്മാനിച്ചത്. മലയാളത്തിന്റെ വാനമ്പാടി തമിഴ്നാട്ടിൽ ചിന്നക്കുയിലായി ദക്ഷിണേന്ത്യയുടെ ഗാനകോകിലമായി ഹിന്ദി സിനിമയിലും ഉയരങ്ങൾ കീഴടക്കി വാനോളം വളർന്നത് നമ്മൾ അഭിമാനത്തോടെ കണ്ടു. ഇപ്പോഴിതാ പത്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിക്കുമ്പോൾ സ്വന്തം കുടുംബത്തിലെ ഒരാളുടെ നേട്ടം പോലെ മലയാളികൾ ഒന്നടങ്കം ആഹ്ലാദിക്കുന്നു. 2005ൽ പത്മശ്രീ ബഹുമതിയും ചിത്രയ്ക്കു ലഭിച്ചിരുന്നു. ചിത്ര എന്ന പേരിൽ എല്ലാമുണ്ട്. മലയാളികൾക്ക് എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ അനശ്വര ഗാനങ്ങൾ നൽകിയ മഹാഗായിക. ഭാഷയുടെ അതിർവരമ്പുകളെ മായ്ച്ചു കൊണ്ട് സംഗീതമെന്ന യാഗാശ്വത്തെ നയിച്ച ഗായിക. 13 ഭാഷകളിലായി കാൽലക്ഷത്തിലധികം ഗാനങ്ങളാണ് ചിത്ര സമ്മാനിച്ചത്. 

മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ആറ് ദേശീയ അവാർഡുകൾ ചിത്ര നേടി. ഈ നേട്ടം ഏറ്റവുമധികം സ്വന്തമാക്കുന്ന ഗായികയും ചിത്രയാണ്. ലതാ മങ്കേഷ്കർക്കു പോലും മൂന്ന് ദേശീയ അവാർഡുകളേയുള്ളൂ. മൂന്നു തവണ തമിഴ്, രണ്ടു തവണ മലയാളം, ഒരു തവണ ഹിന്ദി ഭാഷകളിലെ ഗാനങ്ങൾക്കാണ് ചിത്രയ്ക്ക് ദേശീയ അവാർഡ് കിട്ടിയത്. ആദ്യ ദേശീയ അവാർഡ് 1985ൽ ഇളയരാജ സംഗീതം നൽകിയ സിന്ധുഭൈരവി എന്ന ചിത്രത്തിലെ ‘പാടറിയേൻ’ എന്നു തുടങ്ങുന്ന ഗാനത്തിനാണ്. തൊട്ടടുത്ത വർഷം (1986) ബോംബെ രവി ഈണം നൽകിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ മഞ്ഞൾപ്രസാദം എന്നു തുടങ്ങുന്ന ഗാനത്തിന് ദേശീയ അവാർഡ്. 1988ൽ ബോംബെ രവിയുടെ ഈണത്തിൽ വൈശാലി എന്ന സിനിമയിൽ ഇന്ദു പുഷ്പം ചൂടി എന്ന ഗാനത്തിന് ദേശീയ അവാർഡ്. 1996ൽ എ.ആർ.റഹ്മാൻ ഈണം നൽകിയ മിൻസാരക്കനവ് എന്ന ചിത്രത്തിനും 1997ൽ അനു മാലിക്ക് ഈണം നൽകിയ വിരാസത്ത് എന്ന ഹിന്ദി ചിത്രത്തിനും 2004ൽ ഭരദ്വാജ് ഈണം നൽകിയ ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിനും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ചിത്ര സ്വന്തമാക്കി. വിരാസത്ത് സംവിധാനം ചെയ്തത് പ്രിയദർശനാണ്.

1963 ജൂലൈ 27നു ജനിച്ച ചിത്രയുടെ ആദ്യ സംഗീത ഗുരു പിതാവ് കൃഷ്ണൻ നായർ തന്നെയായിരുന്നു. ഡോ. കെ.ഓമനക്കുട്ടിയാണ് കർണാടക സംഗീതത്തിലെ ഗുരു. 1979ൽ സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണനാണ് ലളിത ഗാനങ്ങളിലൂടെ ചിത്രയ്ക്ക് അവസരങ്ങൾ നൽകുന്നത്. എം.ജി.രാധാകൃഷ്ണൻ ഈണമിട്ട് 1982ൽ റിലീസായ ഞാൻ ഏകനാണ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീത രംഗത്ത് ചിത്ര തുടക്കം കുറിച്ചത്. ഈ ചിത്രത്തിന്റെ ഗാനരചയിതാവ് സത്യൻ അന്തിക്കാടായിരുന്നു. ഈ ചിത്രത്തിൽ രണ്ട് ഗാനങ്ങൾ ചിത്ര പാടി. യേശുദാസുമൊത്ത് പ്രണയവസന്തം തളിരണിയുമ്പോൾ എന്ന ഗാനവും ചിത്ര മാത്രമായി രജനി പറയൂ എന്ന ഗാനവും. രജനി പറയൂ എന്ന ഗാനത്തിൽ അഭിനയിച്ചത് നടി പൂർണിമ ജയറാമാണ്. സ്നേഹപൂർവം മീര, അട്ടഹാസം എന്നീ സിനിമകളിലും ചിത്ര തുടക്കത്തിൽ പാടിയെങ്കിലും ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. 

1983ൽ റിലീസായ ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ ജെറി അമൽദേവിന്റെ സംഗീത സംവിധാനത്തിൽ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഗാനമാണ് ആദ്യത്തെ സൂപ്പർഹിറ്റ്. ബേബി ശാലിനിക്കൊപ്പം ചിത്രയുടെ ഈ പാട്ടും കേരളം നെഞ്ചേറ്റി. പിന്നീട് ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ജോഷിയുടെ നിറക്കൂട്ട് എന്നീ സിനിമകളിലെ ഹിറ്റ് ഗാനങ്ങളിലൂടെ ചിത്രയുടെ സ്വരം തരംഗമായി. പിന്നീട് ഭാഷകൾ കടന്നുള്ള ജൈത്രയാത്ര. അവാർഡുകളുടെ കുത്തൊഴുക്ക്. എസ്.ജാനകി, പി.സുശീല, വാണി ജയറാം എന്നിവരൊക്കെ സിനിമാ പിന്നണി ഗാനരംഗം അടക്കി ഭരിച്ചിരുന്ന സമയത്താണു ചിത്ര വേറിട്ട ശബ്ദവുമായി കടന്നുവരുന്നത്. പിന്നീട് ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്ത് നിറഞ്ഞുനിന്നത് ചിത്രയെന്ന വാനമ്പാടിയുടെ സ്വരമായിരുന്നു. 

1985ലാണ് മികച്ച ഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ചിത്ര നേടുന്നത്. പിന്നീട് 1995 വരെ തുടർച്ചയായി 11 വർഷം ചിത്രയ്ക്കു മാത്രമായിരുന്നു സംസ്ഥാന അവാർഡ്. 1996ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ പ്രണയമണിത്തൂവൽ കൊഴിയും പവിഴമഴ എന്ന ഗാനത്തിലൂടെ സുജാതയാണ് ആ ജൈത്രയാത്രയ്ക്കു താൽക്കാലിക വിരാമമിട്ടത്. പിന്നീട് 1999, 2001, 2002, 2005, 2016 വർഷങ്ങളിലായി അഞ്ച് സംസ്ഥാന അവാർഡുകൾ കൂടി ചിത്ര നേടി. മൊത്തം 16 തവണ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നേടി. ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം സംസ്ഥാന അവാർഡ് നേടിയ ചിത്രയ്ക്ക് മറ്റു ഭാഷകളിലായി 20 സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ രവീന്ദ്രൻ, ശ്യാം, ജെറി അമൽദേവ്, എസ്.പി.വെങ്കിടേഷ്, മോഹൻ സിതാര, ജോൺസൻ, ഔസേപ്പച്ചൻ, ബേണി ഇഗ്നേഷ്യസ്, വിദ്യാസാഗർ, ശരത്, എം.ജയചന്ദ്രൻ തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകർക്കൊപ്പവും ചിത്രയുടെ ഹിറ്റുകൾ പിറന്നു. യേശുദാസ്–ചിത്ര, എം.ജി.ശ്രീകുമാർ–ചിത്ര യുഗ്മ ഗാനങ്ങൾ ആസ്വാദകർ ഹൃദയങ്ങളിലേറ്റു വാങ്ങി. 

തമിഴിൽ ഇളയരാജ, എ.ആർ.റഹ്മാൻ, ദേവ, എസ്.എ.രാജ് കുമാർ, വിദ്യാസാഗർ, സിർപ്പി, യുവാൻ ശങ്കർ രാജ, ജി.വി.പ്രകാശ്കുമാർ, ഹാരിസ് ജയരാജ് തുടങ്ങിയവർക്കൊപ്പം ഹിറ്റുകൾ പിറന്നു. എസ്.പി.ബാലസുബ്രഹ്മണ്യം–ചിത്ര, മനോ–ചിത്ര യുഗ്മഗാനങ്ങൾ തമിഴ്നാട്ടിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ അലയടിച്ചു. ഹിന്ദിയിൽ ഇരുനൂറിലധികം ഗാനങ്ങൾ പാടിയ ചിത്ര എ.ആർ.റഹ്മാൻ, അനു മാലിക്, നദീം ശ്രാവൺ, ആനന്ദ് മിലിന്ദ്, രാജേഷ് റോഷൻ, ജതിൻ ലളിത്, ലക്ഷ്മീകാന്ത് പ്യാരേലാൽ എന്നീ പ്രഗദ്ഭർക്കൊപ്പം കൈകോർത്ത് ഹിറ്റുകൾ സമ്മാനിച്ചു. ഹിന്ദിയിൽ ഗാനം ആലപിച്ച് ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഏക തെന്നിന്ത്യൻ ഗായികയും ചിത്ര തന്നെ.  

എട്ട് ഫിലിം ഫെയർ അവാർഡും ഓണററി ഡോക്ടറേറ്റും ചിത്ര നേടി. ബ്രിട്ടീഷ് പാൽലമെന്റായ ഹൗസ് ഓഫ് കോമൺസ് ആദരിച്ച ആദ്യ ഇന്ത്യൻ വനിത (1997) ചിത്രയാണ്. ചൈനീസ് ഗവൺമെന്റിന്റെ ആദരം (2009) നേടിയ ഏക ഇന്ത്യൻ ഗായികയും ചിത്രയാണ്. ഒട്ടേറെ പുരസ്കാരങ്ങൾ വേറെയുമുണ്ട്. ‘പാടിയ 13 ഭാഷകളിലെയും ശ്രോതാക്കൾക്കും ഗുരുക്കന്മാർക്കും ഈ അംഗീകാരം സമർപ്പിക്കുന്നു. മാതൃഭാഷയും പാടിത്തുടങ്ങിയ ഭാഷയുമായ മലയാളത്തിനു നന്ദി. ദൈവത്തിനും മാതാപിതാക്കൾക്കും നന്ദി. എല്ലാ  സംഗീത സംവിധായകർക്കും പാട്ടെഴുത്തുകർക്കും കൂടിയുള്ള അംഗീകാരമാണിത്’ പത്മഭൂഷൺ നേടിയ ശേഷമുള്ള ഈ പ്രതികരണത്തിൽ തന്നെയുണ്ട് കെ.എസ്.ചിത്രയെന്ന ഗായികയുടെ വിനയം.

ചിത്രയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത പാട്ടുകളും ചിത്രങ്ങളും (മൊത്തം 16 അവാർഡ്)

1985–ഒരേ സ്വരം–എന്റെ കാണാക്കുയിൽ, പൂമാനമേ–നിറക്കൂട്ട്.

1986–മഞ്ഞൾ പ്രസാദവും–നഖക്ഷതങ്ങൾ

1987–ഈണം മറന്ന കാറ്റേ, താലോലം–ഈണം മറന്ന കാറ്റ്, പൈതൽ–എഴുതാപ്പുറങ്ങൾ.

1988–ഇന്ദുപുഷ്പം ചൂടി നിൽക്കും–വൈശാലി

1989–കളരിവിളക്ക്–ഒരു വടക്കൻ വീരഗാഥ, തങ്കത്തോണി–മഴവിൽക്കാവടി

1990–പാലപ്പൂവേ നിൻ–ഞാൻ ഗന്ധർവ്വൻ, കണ്ണിൽ നിൻ മെയ്യിൽ–ഇന്നലെ

1991–താരം വാൽക്കണ്ണാടി–കേളി, സ്വര കന്യകമാർ വീണ മീട്ടുകയായി–സാന്ത്വനം

1992–മൗന സരോവരമാകെയുണർന്നു–സവിധം

1993–പൊൻമേഘമേ–സോപാനം, രാജഹംസമേ–ചമയം, സംഗീതമേ–ഗസൽ

1994–പാർവണേന്ദു മുഖി–പരിണയം,

1995–ശശികല ചാർത്തിയ–ദേവരാഗം.

1999–പുലർ വെയിലും പകൽ മുകിലും–അങ്ങനെ ഒരവധിക്കാലത്ത്

2001–മൂളി മൂളി കാറ്റിനുണ്ടൊരു–തീർഥാടനം

2002–കാർമുകിൽ വർണന്റെ–നന്ദനം

2005–മയങ്ങിപ്പോയി–നോട്ടം

2016–നടവാതിൽ തുറന്നില്ല–കാംബോജി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA