ADVERTISEMENT

പോപ് താരം റിയാനയെ വീണ്ടും കടന്നാക്രമിച്ച് ബോളിവുഡ് താരം കങ്കണ റനൗട്ട്.  നൂറു കോടി രൂപയെങ്കിലും കൈപ്പറ്റിയ ശേഷമായിരിക്കും റിയാന കർഷകസമരത്തെക്കുറിച്ചു പ്രതികരിച്ചതെന്നാണ് കങ്കണയുടെ പുതിയ ആക്ഷേപം. ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷകസമരം ചൂണ്ടിക്കാണിച്ച്, ആരും ഇതേക്കുറിച്ചു സംസാരിക്കാത്തത് എന്താണ് എന്നായിരുന്നു റിയാനയുടെ ചോദ്യം. ഞൊടിയിടയിൽ ട്വീറ്റ് വൈറലാവുകയും കർഷകസമരം ആഗോളതലത്തിൽ ചർച്ചയാവുകയും ചെയ്തു. 

റിയാനയുടെ ട്വീറ്റിനെതിരെ കങ്കണ അതിശക്തമായാണ് തിരിച്ചടിച്ചത്. സമരം ചെയ്യുന്നവർ കർഷകരല്ല ഭീകരരാണ് എന്നു പ്രസ്താവിച്ച കങ്കണ, റിയാനയെ ‘വിഡ്ഢി’ എന്നും പോൺ സിങ്ങർ എന്നും വിളിച്ച് ആക്ഷേപിക്കുകയും അവരുടെ ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ്, കോടികൾ കൈപ്പറ്റിയ ശേഷമാണ് റിയാന കർഷകസമരത്തെക്കുറിച്ചു ട്വീറ്റ് ചെയ്തതെന്ന ആരോപണം ഉയർത്തിയത്. അതേസമയം, ട്വീറ്റിനു റിയാന പണം വാങ്ങിയിട്ടുണ്ട് എന്നു തന്നെയാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ചർച്ചകളും സമൂഹമാധ്യമലോകത്ത് സജീവമായിക്കഴിഞ്ഞു. 

ചൊവ്വാഴ്ചയാണ് കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് റിയാന രംഗത്തെത്തിയത്. റിയാനയുടെ ട്വീറ്റിനെ എതിർത്തും അനുകൂലിച്ചും പ്രമുഖരുൾപ്പെടെ നിരവധി പേർ പ്രതികരിച്ചു. റിയാനയ്ക്കു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്, കമല ഹാരിസിന്റെ സഹോദരീപുത്രി മീന ഹാരിസ് എന്നിവരും കർഷകസമരത്തെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. വിഷയത്തിൽ രാജ്യാന്തരതാരങ്ങൾ ഇടപെട്ടതിനോടു വിയോജിപ്പു പ്രകടിപ്പിച്ച് അക്ഷയ്കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, സംവിധായകൻ കരൺ ജോഹർ, ലത മങ്കേഷ്കർ, കൈലാഷ്ഖേർ തുടങ്ങിയവര്‍ കേന്ദ്ര സർക്കാരിനു പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com