പുത്തഞ്ചേരിക്കാലം അവസാനിച്ചിട്ട് വർഷം 11; മായാതെയിന്നുമാ കാവ്യസുഗന്ധം!

gireesh-pthenchery1
SHARE

മലയാളത്തിന്റെ പ്രിയ കവി ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഇന്നേക്ക് വർഷം 11 തികയുന്നു. കവിയുടെ ഭൗതികരൂപം മാത്രമേ നമ്മെ വിട്ടു പിരിഞ്ഞിട്ടിള്ളു. അദ്ദേഹം സമ്മാനിച്ച കാവ്യസുഗന്ധം ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. ഗിരീഷ് പുത്തഞ്ചേരിയെ ഓർക്കുമ്പോൾ ഒട്ടേറെ ഗാനങ്ങൾ മനസ്സിലേക്കെത്തും. അതിലേത് ആദ്യമെന്നത് ഓരോരുത്തർക്കുമുള്ള അനുഭവങ്ങളെ വച്ചേ പറയാൻ സാധിക്കൂ. സമ്മർ ഇൻ ബത്‍ലഹേമിലെ എത്രയോ ജന്മമായി എന്നായിരിക്കും ചിലർ ആദ്യം മൂളുക. ഹരിമുരളീരവം കഴിഞ്ഞേ മറ്റേതിലേക്കും ചിലർ പോകുകയുള്ളൂ. രണ്ടാംഭാവത്തിലെ മറന്നിട്ടുമെന്തിനോ എന്ന ഗാനമെങ്ങനെ മറക്കുമെന്നായിരിക്കും മറ്റു മറ്റു ചിലർ ചോദിക്കുക. ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ എന്നു കേൾക്കാതെ ദിവസവും ഉറങ്ങാനാവാത്തവരുണ്ട്. കാർമുകിൽ വർണന്റെ എന്ന ഭക്തിഗാനത്തോടെ ദിവസം തുടങ്ങുന്ന വേറെ ചിലർ. അങ്ങനെ ഗിരീഷ് പുത്തഞ്ചേരി പലർക്കും പലതാണ്. പല ഭാവങ്ങൾ.. പല രാഗങ്ങൾ.

മലയാള സിനിമാഗാനശാഖയെ പുഴപോലെ ശക്തമായി ഒഴുകാൻ സഹായിച്ച എത്രയോ ഗാനരചയിതാക്കൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരെക്കാളേറെ ഇപ്പോഴുള്ളവർ പു‍ത്തഞ്ചേരി ഓർക്കാൻ കാരണമെന്തായിരിക്കാം. അദ്ദേഹം എഴുതിയ ഗാനങ്ങൾ അത്രയ്ക്കു ശക്തമായിട്ടല്ലേ നമ്മുടെയൊക്കെ മനസ്സിൽ പതിഞ്ഞിരിക്കുക. ഒന്നും ഗഹനമായിരുന്നില്ല പുത്തഞ്ചേരി കവിതകളിൽ. ഏതൊരു കുട്ടിക്കും മനസ്സിലാക്കാവുന്ന വരികൾ. അവയ്ക്ക് അനുഗൃഹീതരായ സംഗീത സംവിധായകർ നല്ല നല്ല ഈണങ്ങൾ നൽകി. രവീന്ദ്രൻ മാഷും വിദ്യാസാഗറും എം.എം. ജയചന്ദ്രനുമൊക്കെ പുത്തഞ്ചേരിയെ അനശ്വരനാക്കി നിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചവരാണ്.

വിദ്യാസാഗറും പുത്തഞ്ചേരിയും ഒന്നിച്ച സമ്മർ ഇൻ ബത്‌ലഹേമിലെ ഒരു രാത്രി കൂടി വിടവാങ്ങവേ, എത്രയോ ജന്മമായ് എന്നിങ്ങനെയുള്ള രണ്ടു ഗാനങ്ങൾ. അതേപോലെ പ്രണയവർണങ്ങളിലെ കണ്ണാടിക്കൂടും കൂട്ടി, മീശമാധവനിലെ കരിമിഴിക്കുരുവിയെ എന്നിവയെല്ലാം നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിലാണു പതിഞ്ഞിരിക്കുന്നത്. രവീന്ദ്രൻ മാസ്‌റ്ററെ പറയുമ്പോൾ ആറാം തമ്പുരാനിലെ ഹരിമുരളീരവവും.. പാടി തൊടിയിലാരോ എന്നീ ഗാനങ്ങളായിരിക്കും ആദ്യം ഓർക്കുക. കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.. മൂവന്തിത്താഴ്‌വരയിൽ എന്നിവ തൊട്ടുപിന്നാലെയെത്തും. എം. ജി. രാധാകൃഷ്ണനോടൊപ്പം ചേർന്ന് അനശ്വരമാക്കിയതാണ്. ദേവാസുരത്തിലെ സൂര്യകിരീടം എന്നുതുടങ്ങുന്ന ഗാനം. ഈ ഗാനം കേട്ട് മനസ്സ് ആർദ്രമാകാത്ത ആരാണുള്ളത്. രണ്ടു ശോകഗാനമാണ് എം. ജയചന്ദ്രന്റെ പേരുപറയുമ്പോൾ ഓർക്കുക. ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലേ... മാടമ്പിയിലെ അമ്മ മഴക്കാറ് എന്നിവ.

ഏകദേശം 2500 ഗാനങ്ങളാണ് പുത്തഞ്ചേരി മലയാളിക്കു സമ്മാനിച്ചത്. ഇനിയുമേറെ എഴുതാനുണ്ടായിരുന്നു ആ കവിക്ക്. പക്ഷേ, കാലം ചിലതെല്ലാം പെട്ടെന്ന് കൊണ്ടുപോകുമെന്നല്ലേ. ഗാനങ്ങൾക്കു പുറമേ മലയാളി ഇഷ്ടപ്പെട്ട കുറച്ചു സിനിമകൾക്കു കഥയും അദ്ദേഹം എഴുതി. മേലേപ്പറമ്പിൽ ആൺവീട്, കിന്നരിപ്പുഴയോരം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം കഥയെഴുതിയത്. വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, ബ്രഹ്‌മരക്ഷസ് എന്നിവയ്ക്കു തിരക്കഥയുമെഴുതി. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പുത്തഞ്ചേരി സുഹൃത്തുക്കളോടൊക്കെ പങ്കുവയ്ക്കുമായിരുന്നു. സ്വന്തമായി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വടക്കുംനാഥൻ. എന്നാൽ അത് സംവിധാനം ചെയ്യാനുള്ള ഭാഗ്യമുണ്ടായത് ഷാജൂൺ കാര്യാലിനായിരുന്നു.

മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് പലതവണ പുത്തഞ്ചേരി പറഞ്ഞിട്ടുണ്ടായിരുന്നു. ആ മോഹം സഫലമാകുന്നതിനു മുൻപേ അദ്ദേഹം പേന താഴെ വച്ചു. പക്ഷേ, പുത്തഞ്ചേരിയുടെ ഒരു ഗാനമെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിവസം പൂർത്തിയാക്കാൻ കഴിയുമോ? സൂര്യകിരീടമോ ഹരിമുരളീരവമോ പിന്നെയും പിന്നെയുമോ പാടാത്തൊരാൾ മലയാളിയാണെന്നു പറയുമോ? ഫെബ്രുവരി പത്തുകൾ ഇനിയും വരും. അതൊന്നുമോർക്കാതെ മലയാളി പുത്തഞ്ചേരിയുടെ വരികൾ പാടിക്കൊണ്ടിരിക്കും....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA