സിനിമാക്കാർ ഓർക്കുന്നുണ്ടോ ഇങ്ങനെയൊരു കൊട്ടുകാപ്പള്ളിയെ? അപൂർവ ചിത്രം പങ്കുവച്ച് ചിത്ര കൃഷ്ണൻകുട്ടി

Chithra-krishnankutty-issac-thomas
SHARE

അന്തരിച്ച സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളിയെ അനുസ്മരിച്ച് പ്രശസ്ത ഫൊട്ടോഗ്രാഫർ ചിത്ര കൃഷ്ണൻകുട്ടി. സമകാലികനും സഹപ്രവർത്തകനുമായിരുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം കൊട്ടുകാപ്പള്ളി നിൽക്കുന്ന അപൂർവ ചിത്രം മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവച്ചുകൊണ്ടാണ് ചിത്ര കൃഷ്ണൻകുട്ടി പഴയ സുഹൃത്തിനെ ഓർത്തെടുത്തത്. തല നിറയെ മുടിയുണ്ടായിരുന്ന മെലിഞ്ഞ ഊർജ്ജസ്വലനായ ഒരു കൊട്ടുകാപ്പള്ളിയെ പുതിയ തലമുറയ്ക്ക് ഓർമ കാണില്ലെന്ന് ചിത്ര കൃഷ്ണൻകുട്ടി പറയുന്നു. 

പാലാക്കാരനായിരുന്ന ഐസക് തോമസ് കൊട്ടുകാപ്പള്ളി കോട്ടയത്തെ തന്റെ സുഹൃദ്‍വലയങ്ങളിലെ പരിചിത മുഖമായിരുന്നെന്ന് ചിത്ര കൃഷ്ണൻകുട്ടി ഓർത്തെടുത്തു. "അദ്ദേഹത്തിന്റെ മരണവാർത്തയ്ക്കൊപ്പം നൽകിയ ഫോട്ടോ കണ്ടപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. ആളുടെ രൂപമാകെ മാറിയിരിക്കുന്നു. സത്യത്തിൽ പാലാക്കാർ പോലും അദ്ദേഹത്തെ തിരിച്ചറിയുമോ എന്ന കാര്യം സംശയമാണ്. ഞങ്ങളുടെയെല്ലാം ഓർമയിൽ അദ്ദേഹത്തിന് ഒരു ചെറുപ്പക്കാരന്റെ മുഖമാണ്. അന്നു നല്ലോണം മുടിയുണ്ട്. ഇടയ്ക്കിടയ്ക്ക് സ്റ്റുഡിയോയി‍ൽ വരികയും വർത്തമാനമൊക്കെ പറഞ്ഞിരിക്കുകയും പതിവായിരുന്നു. ഷൂട്ടിങ് സെറ്റുകളിൽ പോകുമ്പോഴും അദ്ദേഹത്തെ കാണാം. അങ്ങനെ ഒരു സെറ്റിൽ വച്ച് അടൂർ ഗോപാലകൃഷ്ണനൊപ്പം എടുത്ത ചിത്രമാണ് ഇത്," ചിത്ര കൃഷ്ണൻകുട്ടി ഓർമകൾ പൊടിതട്ടിയെടുത്തു. 

Adoor-issac

"അടൂരിനെയും കൊട്ടുകാപ്പള്ളിയേയും പോസ് ചെയ്യിപ്പിച്ച് പടമെടുക്കലൊന്നും നടക്കില്ല എന്നറിയുന്നതുകൊണ്ട് അവർ വർത്തമാനം പറയുന്നതിന്റെ ഇടയിൽ ക്ലിക്ക് ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തു വച്ചാണ് ആ ഫോട്ടോ എടുക്കുന്നത്. സിനിമാ മാസികയിൽ ഈ ചിത്രം അച്ചടിച്ചു വന്നിരുന്നു. പിന്നീട് ഈ ചിത്രം ഞാൻ എന്റെ ചില ഫോട്ടോ പ്രദർശനങ്ങളിൽ ഉൾപ്പെടുത്തിയപ്പോൾ അടൂർ അതു കാണുകയും കൊട്ടുകാപ്പള്ളിയെ തിരിച്ചറിയുകയും ചെയ്തത് ഞാനിപ്പോഴും ഓർക്കുന്നു," ചിത്ര കൃഷ്ണൻകുട്ടി പറഞ്ഞു. 

മികച്ച പശ്‌ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഐസക് തോമസ് കൊട്ടുകാപ്പള്ളി അരങ്ങിനോടും അഭിനയത്തോടും അടങ്ങാത്ത പ്രണയം കാത്തുസൂക്ഷിച്ചിരുന്ന പ്രതിഭയായിരുന്നു. മലയാളത്തിനു പുറമെ കന്നഡ, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയിൽ അരങ്ങേറുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ  2010ൽ ദേശീയ അവാർഡിനർഹനായി. കുട്ടിസ്രാങ്ക്, മാർഗം, സഞ്ചാരം, പുണ്യം അഹം തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്തു. നാലുതവണ സംസ്ഥാന അവാർഡും നേടി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ചശേഷം അരവിന്ദന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്. മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ചിത്രയാണു ഭാര്യ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA