ADVERTISEMENT

സംവിധായകൻ അൽഫോൻസ് പുത്രൻ ഈണമൊരുക്കിയ ‘കഥകൾ ചൊല്ലിടാം’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. വിനീത് ശ്രീനിവാസൻ ആണ് പാട്ടിനു വരികൾ കുറിച്ചതും ആലപിച്ചതും. വിനീതും മലയാളത്തിലെ യുവതാരങ്ങളായ കുഞ്ചാക്കോ ബോബൻ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, ഷറഫുദ്ദീൻ തുടങ്ങിയവരും അവരുടെ മക്കളും ആണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 

‘കഥകൾ ചൊല്ലിടാം നിറയെ 

മിഴികൾ മൂടുമോ പതിയെ 

കുളിർത്തെന്നലേ ചെറുനാളമേ 

എൻ ശ്വാസമേ ഉയിരാഴമേ 

നീ ഉറങ്ങ് ചായുറങ്ങ്.....’

തികച്ചും വ്യത്യസ്തമായ ആസ്വാദനാനുഭവം സമ്മാനിക്കുന്ന പാട്ടിലെ താരങ്ങളുടെയും അവരുടെ മക്കളുടെയും കോംബോ പ്രേക്ഷകരുടെ മനം കവരുകയാണ്. വായു, വെള്ളം, വെളിച്ചം, ഭൂമി എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് നാല് അച്ഛൻമാരെയും അവരുടെ മക്കളെയും വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. മക്കളെ കൊഞ്ചിച്ചും താലോലിച്ചും ഓമനിച്ചും കൊണ്ടുനടക്കുന്ന അച്ഛന്മാരായാണ് താരങ്ങളെയെല്ലാം പാട്ടിൽ കാണാനാകുക. അച്ഛന്‍ മക്കൾ ബന്ധത്തിന്റെ പവിത്രത തെളിഞ്ഞു കാണുന്ന പാട്ടിൽ ഇടയ്ക്ക് താരങ്ങളുടെ ഭാര്യമാരും പ്രത്യക്ഷപ്പെടുന്നുണ്ട്. 

പാട്ട് ഇതിനോടകം ശ്രദ്ധേയമായിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് ആണ് പാട്ടിന്റെ മിക്സിങ്ങും അറേഞ്ച്മെന്റും നിർവഹിച്ചത്. ഗാനരംഗങ്ങളുടെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചത് അല്‍ഫോൻസ് പുത്രൻ തന്നെയാണ്. പുതിയ പാട്ടിനെക്കുറിച്ച് അൽഫോൻസ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. പാട്ടിനെക്കുറിച്ചു കുറേയേറെ എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും മനസ്സിൽ ഒന്നും വരുന്നില്ല എന്നായിരുന്നു അൽഫോൻസിന്റെ സമൂഹമാധ്യമ കുറിപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com