ADVERTISEMENT

ശാസ്ത്രീയസംഗീതം പഠിക്കാതിരുന്നതിന് സ്വയം കുറ്റപ്പെടുത്തിയിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: സംഗീതം ശാസ്ത്രീയമായി പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെ പാടാന്‍ പറ്റുമോ എന്നുതന്നെയറിയില്ല. ഒരുപക്ഷേ ഞാനൊരു കർണാടിക് സംഗീതജ്ഞനായേനെ. പക്ഷേ അന്നു ശാസ്ത്രീയമായി പഠിച്ചിരുന്നെങ്കില്‍ ഇന്നു ഗാനമേളയ്ക്കു കിട്ടുന്ന കാശുപോലും കിട്ടില്ലായിരുന്നു.

ആ ജയചന്ദ്രനാണ് ഇപ്പോള്‍ കീര്‍ത്തനങ്ങള്‍ വഴി പുതിയ കീര്‍ത്തി. ശ്രുതിശുദ്ധമായി അദ്ദേഹം പതിനൊന്ന് കീര്‍ത്തനങ്ങള്‍ പാടി 77–ാം പിറന്നാളിനെ അവിസ്മരണീയമാക്കുന്നു. ഈ പ്രായത്തില്‍ ജയചന്ദ്രന്‍ പാടുന്നതു കേള്‍ക്കുമ്പോഴും ഒരു സമ്മാനം കൊടുക്കാന്‍ തോന്നും നമുക്ക്. ആ ജയചന്ദ്രന്‍ പിറന്നാളിന് മനോരമ മ്യൂസിക്കിലൂടെ സംഗീതാസ്വാദകര്‍ക്ക് അപൂര്‍വമായൊരു സമ്മാനമാണു നല്‍കുന്നത്.

ശാസ്ത്രീയസംഗീതം പഠിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഗാനമേളയ്ക്കു കിട്ടുന്ന കാശുപോലും കിട്ടില്ലായിരുന്നു എന്നു പച്ചയ്ക്കു പറയുന്ന ആള്‍ വലിയ പ്രായോഗികമതി എന്നു തോന്നാം. എന്നാല്‍ വിചിത്രസ്വഭാവങ്ങളുടെ ഒരു രാഗമാലികയാണ് ഇപ്പറയുന്നയാള്‍. ചില സമയത്ത് കേള്‍ക്കാന്‍ ആരുമില്ലെങ്കിലും പാടുന്ന ഏകാന്തപഥികന്‍. മറ്റു ചിലപ്പോള്‍ കേള്‍ക്കാന്‍ എല്ലാവരുമുണ്ടെങ്കിലും പാടാത്ത വാശിക്കാരന്‍. ആകെ ഗായകന്‍ എന്ന ഭാവമില്ല. ഭാവഗായകന്‍ എന്നാണ് നമ്മളൊക്കെ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആ മുഖത്ത് ഒരു ഭാവം വരാന്‍ തപസ്സിരിക്കണം. എന്നാല്‍ ഭാവമാറ്റത്തിന് അത്ര കാത്തിരിക്കേണ്ടതില്ല. അത് ഏതു നിമിഷത്തിലും സംഭവിക്കാം.

******

അതീവ രസകരമാണ് ഇഷ്ടാനിഷ്ടങ്ങള്‍. നല്ല മൂഡെങ്കില്‍ പരമരസികന്‍. പാട്ടുവരും, കഥകള്‍ പ്രവഹിക്കും, പൊട്ടിച്ചിരിക്കും. ഇനി നല്ല മൂഡ് അല്ലെങ്കിലോ? നിര്‍വികാരന്‍, നിസ്സംഗന്‍ തുടങ്ങി എന്തും പറയാം. ആരെന്തു പറഞ്ഞാലും തനിക്കൊന്നുമില്ല എന്ന ഭാവം  ഉറപ്പ്. ഒരു സ്വകാര്യ സംഭാഷണത്തിനിടെ ജയചന്ദ്രന്‍ തന്‍റെ സ്വഭാവം ഇങ്ങനെ വരച്ചിട്ടു: ‘എക്സന്‍ട്രിസിറ്റി, ഭ്രാന്ത് എല്ലാമുണ്ട്. ചില നമ്പൂതിരിമാരുടെ പഴയ സ്വഭാവം. അച്ഛന്‍റെ അച്ഛനും അമ്മയുടെ അച്ഛനും നമ്പൂതിരിമാരായിരുന്നു. പാട്ട് എന്റെ പ്രഫഷനായിപ്പോയി. അല്ലെങ്കിലുണ്ടല്ലോ, ഒരു മുറുക്കാന്‍ ചെല്ലംകൂടി എന്‍റെ കയ്യില്‍ കണ്ടേനേ. മുറുക്ക് അത്ര ഇഷ്ടമാണ്.’

യേശുദാസിനോടും ജയചന്ദ്രനോടും ജി.ദേവരാജന്‍മാഷ് പറയുമായിരുന്നു തൈര് കഴിക്കരുതെന്ന്. യേശുദാസ് തൈര് കഴിക്കില്ല. എന്നാല്‍ ജയചന്ദ്രനാവട്ടെ തൈര് ഇല്ലാതെ ചോറ് ഇറങ്ങുകയില്ല.

************

തന്‍റെ കടുത്ത ആരോധകരോടുപോലും ജയചന്ദ്രന്‍ കാട്ടുന്ന തികഞ്ഞ അവഗണനയും ഉപേക്ഷാഭാവവും സംബന്ധിച്ച് കഥകള്‍ ഒരുപാടുണ്ട്. ആരാധകനായ തൃശൂര്‍ ജില്ലാ കലക്ടര്‍ ഇഷ്ടഗായകനെ കാണാന്‍ വീട്ടിലെത്തി. ഞാന്‍ ജില്ലാ കലക്ടര്‍, അങ്ങയുടെ ആരാധകന്‍ എന്നു പരിചയപ്പെടുത്തിയപ്പോള്‍ അതിനു ഞാന്‍ എന്തു വേണം എന്നു ചോദിച്ചതാണ് ക്ലാസിക് ഉദാഹരണം.

************

ഫുട്ബോള്‍ താരം ഐ.എം. വിജയന്‍ ‘ജയേട്ടന്‍റെ ഫാന്‍’ എന്നു പരിചയപ്പെടുത്തിയപ്പോള്‍ ആരപ്പാ ഈ ഫാന്‍ എന്നറിയാന്‍ മുഖത്തുപോലും നോക്കിയില്ല ജയേട്ടന്‍. എന്നാല്‍ ആള്‍ വിജയനാണെന്നു തിരിച്ചറിഞ്ഞപ്പോഴോ, ഞാനല്ലേ നിന്‍റെ ഫാന്‍ എന്നുപറഞ്ഞ് വിജയനെ കെട്ടിപ്പിടിച്ചു ഈ ഫുട്ബോള്‍ പ്രേമി. 

ഇത്തരം കഥകളൊക്കെ ശരിവച്ചിട്ട് ജയചന്ദ്രന്‍ പറഞ്ഞു: ‘ഒരിക്കല്‍ ഒരു ഗാനമേള തുടങ്ങാന്‍ വൈകി. ഇടയ്ക്ക് ഞാന്‍ രണ്ടെണ്ണം അടിച്ചിരുന്നു. പിന്നീട് തുടങ്ങാന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ രണ്ടെണ്ണംകൂടി കഴിച്ചു. അന്നു പാടിയതത്രയും ഓഡിയന്‍സിനെ നോക്കാതെയാണ്.  ഇതെന്താ ജയേട്ടാ എന്നൊക്കെ ഓര്‍ക്കെസ്ട്രക്കാര്‍ ചോദിച്ചു. ഇന്നിങ്ങനെയേ പാടുന്നുള്ളൂ എന്നു ഞാനും.’

************

ഒരിക്കല്‍ ജയചന്ദ്രനോട് ഒരാള്‍ ചോദിച്ചു യേശുദാസ് മദ്യപിക്കുമോ എന്ന്.  ജയചന്ദ്രനു ദേഷ്യം വന്നു. രൂക്ഷമായി അയാളോടു പറഞ്ഞു ‘നിങ്ങള്‍ എന്നോട് അങ്ങനെ ചോദിച്ചോളൂ. പക്ഷേ ദാസേട്ടനെക്കുറിച്ച് അതു പറയരുത്.’

വീമ്പു പറയാനോ ഉപദേശിക്കാനോ ഒന്നും ജയചന്ദ്രന്‍ ഇല്ല. പക്ഷേ ഒരു കാര്യത്തില്‍ അദ്ദേഹത്തിനു പൂര്‍ണ ആത്മവിശ്വാസമുണ്ട്.  ‘പാട്ടുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ തോന്നുംപോലെ വിലയിരുത്തിക്കോളൂ, പക്ഷേ പാട്ടറിവ് – അതില്‍ താന്‍ തന്നെയാണ് ഒന്നാമന്‍

ശരിയാണ് ഒന്നാന്തരം പാട്ടുകാരനാണ് ജയചന്ദ്രന്‍.  എന്നാല്‍ ജയചന്ദ്രന്‍ എന്ന ആസ്വാദകന്‍ അതിനൊക്കെ മേലേ വേറൊരു തലത്തില്‍ നില്‍ക്കുന്നു.

ഈ ആസ്വാദകന് ഒത്തുപറച്ചില്‍ തീരെ വഴങ്ങില്ല. റിയാലിറ്റി ഷോയിലായാലും ഉള്ളത് ഉള്ളതുപോലെ പറയും. ചിലര്‍ ഇളയരാജയുടെ വമ്പന്‍ ഹിറ്റ് എന്നൊക്കെ പറഞ്ഞ് പാട്ടുപാടും. ജയചന്ദ്രന്‍ പറയും ഇളയരാജയുടേതായാലും എന്തു ഹിറ്റായാലും എനിക്ക് ഇഷ്ടമില്ല.

************

പാട്ടറിവും നാട്ടറിവുമേയുള്ളൂ ജയചന്ദ്രന്. സാങ്കേതികം ഉള്‍പ്പെടെ വിദ്യകളൊന്നും വഴങ്ങില്ല. വാട്സാപ് പോയിട്ട് അതിനുമുമ്പേ വന്ന എസ്എംഎസ് പോലും അയയ്ക്കാന്‍ എന്നല്ല നോക്കാന്‍പോലും അറിയില്ലായിരുന്നു. മൊബൈലില്‍ കോള്‍ വന്നാല്‍ ഞെക്കി അതെടുക്കാന്‍ മാത്രം അറിയാം. ഒരു ദിവസം വിമാനത്തില്‍വച്ച് യേശുദാസിനെ കണ്ടു. അദ്ദേഹം ലാപ്ടോപ്പില്‍ പാട്ടിന്‍റെ കാര്യങ്ങള്‍ നോക്കുകയായിരുന്നു. ജയചന്ദ്രന്‍ ദാസേട്ടന്‍റെ അടുത്തുചെന്ന് സങ്കടത്തോടെ പറഞ്ഞു: ‘എനിക്കിതൊന്നും അറിയില്ല’. യേശുദാസ് സ്നേഹത്തോടെ ജയചന്ദ്രന്‍റെ പുറത്തു തട്ടിയിട്ട് പറഞ്ഞു: ‘നീ ഇതൊന്നും പഠിക്കേണ്ടടാ’.

************

ഇടയുന്ന കൊമ്പനെ മെരുക്കുന്നതുപോലെ ജയചന്ദ്രനെ മെരുക്കാന്‍ ചില വിദ്യകളുണ്ട്. എം.എസ്. വിശ്വനാഥന്‍, പി.സുശീല, മുഹമ്മദ് റഫി എന്നൊക്കെയാണ് ആ വിദ്യകളുടെ പേര്. അവരെക്കുറിച്ചോ അവരുടെ പാട്ടുകളെക്കുറിച്ചോ സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കുകയേയില്ല. മഴവില്‍ മനോരമയുടെ സംഗീതപുരസ്കാരം സ്വീകരിക്കാന്‍ സുശീല വന്നു. സമ്മാനിക്കുന്നത് ജയചന്ദ്രന്‍. സുശീലാമ്മയെ കണ്ടപാടേ ജയചന്ദ്രന്‍ കാലില്‍വീണ് നമസ്കരിച്ചു. ലോകത്തെതന്നെ ഒന്നാം നമ്പര്‍ സംഗീതസംവിധായകനായി അദ്ദേഹം കണക്കാക്കുന്നത് എം.എസ്.വിശ്വനാഥനെയാണ്. അതു ദേവരാജന്‍മാഷ് തന്നെ സമ്മതിച്ചിട്ടുണ്ട് എന്നു ജയചന്ദ്രന്‍ പറഞ്ഞത് ഓര്‍ക്കുന്നു. എം.എസ്.വിശ്വനാഥന്‍റെ ചില പാട്ടുകള്‍ ദേവരാജന്‍മാഷ് ജയചന്ദ്രനെക്കൊണ്ടു പാടിക്കുമായിരുന്നു. അങ്ങയുടെ ആദ്യ ആരാധകന്‍ ഞാനായിക്കോട്ടേ? എന്ന് ദേവരാജന്‍മാഷ് എം.എസ്.വിശ്വനാഥനോട് വിളിച്ചു ചോദിച്ചിട്ടുണ്ട്.  രണ്ടുപേരെയും താരതമ്യപ്പെടുത്തി ജയചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് നല്ല ഓര്‍മയുണ്ട്: ദേവരാജന്‍ അമൂല്യരാഗങ്ങള്‍ അദ്ഭുതകരമായി ചിട്ടപ്പെടുത്തിയെടുത്തു. എന്നാല്‍ എം.എസ് വിശ്വനാഥനിലേക്ക് ഈണങ്ങളൊക്കെ വന്നുചേരുകയായിരുന്നു.

************

ജയചന്ദ്രന്‍ മലയാളത്തിന് നഷ്ടവസന്തമായ ഒരു കാലമുണ്ട്. പതിനഞ്ചു വര്‍ഷത്തോളം അദ്ദേഹം മലയാളത്തില്‍ പാടിയില്ല. അദ്ദേഹം തന്നെ പറയും, ‘ഭക്തിഗാനങ്ങളും ഗാനമേളകളുമായി അങ്ങനെയങ്ങ് പോയി. പിന്നെയാണ് ആരോ കണക്കുകൂട്ടിയത് ഞാന്‍ പതിനഞ്ചു വര്‍ഷമായി മലയാളത്തില്‍ പാടിയിട്ടില്ല എന്ന്’.

************

അവസരങ്ങളെ ചാടിപ്പിടിക്കാനൊന്നും ജയചന്ദ്രന്‍ ഇല്ല. അവസരങ്ങള്‍ ജയചന്ദ്രനെ ചാടിപ്പിടിച്ചോണം. ഒരു ദിവസം എ.ആര്‍.റഹ്മാന്‍റെ ഓഫിസില്‍നിന്ന് ഒരു പാട്ടിനു വിളിച്ചപ്പോള്‍ ജയചന്ദ്രന്‍ പറഞ്ഞു: ‘വീട്ടില്‍ വെള്ളമില്ല. എനിക്കൊന്ന് കുളിക്കണം. അതുകൊണ്ട് ഇപ്പോള്‍ വരാന്‍ കഴിയില്ല.’ പിന്നീട് വെള്ളമൊക്കെ വന്ന് കുളിച്ച് ആശ്വാസമായപ്പോള്‍ ജയചന്ദ്രന്‍ എ.ആര്‍. റഹ്മാന്‍റെ ഒാഫിസില്‍ വിളിച്ചു ചോദിച്ചു: ‘വെള്ളം വന്ന് കുളിയൊക്കെ കഴിഞ്ഞു. ഇപ്പോള്‍ വേണമെങ്കില്‍ പാടാന്‍ വരാം’. പക്ഷേ അപ്പോഴത്തേക്കും റഹ്മാന്‍ ആ പാട്ട് മറ്റൊരാള്‍ക്കു കൊടുത്തിരുന്നു. അതിലൊന്നും പക്ഷേ വിഷമമില്ല ജയചന്ദ്രന്. പാട്ടുപോയാലെന്ത്, കുളി നടന്നല്ലോ.

************

അപൂര്‍വജനുസ്സില്‍പ്പെട്ട ഒരാളെക്കുറിച്ചാണ് ഞാന്‍ കൂടുതലും പറഞ്ഞത്. ഈ അപൂര്‍വ ഗായകനെക്കുറിച്ച് ഞാനെന്തു പറയാനാണ്. നമ്മുടെയൊക്കെ ആത്മാനുലാപത്തിന്‍റെ ശ്രുതിയാണ് അദ്ദേഹത്തിന്. വാസനോദീപ്തം, ഭാവഗംഭീരം, സ്നിഗ്ധമോഹനം എന്നൊക്കെയാണോ പറയേണ്ടത്? യേശുദാസിന്‍റെ ആലാപനത്തികവില്‍ നമ്മള്‍ തരിച്ചിരിക്കും. ജയചന്ദ്രന്‍റെ ഭാവസ്പര്‍ശത്തില്‍ നമ്മള്‍ കൊതിച്ചിരിക്കും. നമ്മെ പാടി വിസ്മയിപ്പിക്കുന്ന ഗായകനാണ് യേശുദാസ് എങ്കില്‍, കൂടെ പാടാന്‍ നമ്മെ  മോഹിപ്പിക്കുന്ന ഗായകനാണ് ജയചന്ദ്രന്‍.

ജയരാഗങ്ങള്‍ ഒന്നു കേട്ടുനോക്കൂ. നിറയെ അനുഭവിക്കാന്‍ അവിടെ ജയചന്ദ്രന്‍ എന്ന ഗായകനുണ്ട്. എന്നാല്‍ 77 എന്ന പ്രായമുണ്ടല്ലോ. അത് എവിടെയും കാണാനില്ല.

പാട്ടിന്റെ ആസ്വാദകന് ഈ എളിയ ആസ്വാദകന്റെ പിറന്നാള്‍ ആശംസകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com