ADVERTISEMENT

വരികളുടെ അർഥം പോലും അറിയാതെ മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സംഗീതപ്രമികൾ മൂളി നടക്കുകയാണ് ‘എൻജോയ് എൻജാമി’. പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം കോടിക്കണക്കിനു ഹൃദയങ്ങളിലേയ്ക്കാണ് കുക്കൂ കുക്കൂ കൂകി വിളിച്ച് പാട്ട് കയറിക്കൂടിയത്. റാപ്പർ അറിവും ധീയും ചേർന്നാണ് പാട്ട് പാടിയത്. ഈ വിജയം പ്രതീക്ഷിച്ചിരുന്നു എന്നു തുറന്നു പറയുകയാണ് അറിവ് ഇപ്പോൾ. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അറിവ് പാട്ടു വിശേഷം പങ്കുവച്ചത്. 

‘ഒരു സ്വതന്ത്ര കലാകാരന്‍ എന്ന നിലയിൽ ഈ പാട്ട് ജീവിതത്തിലെ ഒരു പുതിയ തുടക്കമാകും എന്ന ധാരണയുണ്ടായിരുന്നു. തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിൽ വളരെ കഴിവുറ്റ ഒരുപാട് കലാകാരന്മാർ ഉണ്ട്. അവർ എല്ലാവരും തങ്ങളുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ച് ഓരോ കലാസൃഷ്ടികർ പുറത്തിറക്കാറുണ്ട്. പക്ഷേ അവർക്കു വേണ്ടത്ര അംഗീകാരങ്ങൾ ലഭിക്കാറില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്റെ ജീവിതവേരുകളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞാൻ. ഈ പാട്ട് യഥാർഥത്തിൽ എന്റെ പൂർവികർക്കായുള്ള ആദരവാണ്. 

പാട്ടിലെ വരികള്‍ക്കു കൃത്യമായ അർഥമുണ്ട്. എൻജോയ് എന്നു പറഞ്ഞാൽ ആസ്വദിക്കുക, ആഘോഷിക്കുക. എൻജോയ് എന്ന വാക്കിനോടു സാമ്യമുള്ള ‘എൻ ജായ്’ എന്ന വാക്ക് ഉണ്ട് തമിഴിൽ. അതിന് എൻ തായ് അഥവാ എന്റെ അമ്മ എന്നാണ് അർഥം വരുന്നത്. ‘എൻ ചാമി’ എന്ന വാക്കിന്റെ അർഥം എന്റെ ദൈവം എന്നാണ്. യഥാർഥത്തിൽ എന്റെ അമ്മയാണ് എന്റെ ദൈവം എന്ന ആശയമാണ് പാട്ടിലൂടെ പറഞ്ഞുവയ്ക്കുന്നത്. അതിനു കാരണവുമുണ്ട്. ആദ്യ കാലത്തൊക്കെ സ്ത്രീകൾക്കായിരുന്നു സമൂഹത്തിൽ മൂല്യം കൂടുതൽ. കുടുംബത്തിലെ പ്രധാന സ്ഥാനം അമ്മയ്ക്കായിരുന്നു. പക്ഷേ പിന്നീട് ജാതിമത വ്യവസ്ഥകള്‍ വന്നതോടെ അത് പുരുഷാധിപത്യത്തിലേയ്ക്കു നീങ്ങി. തുടർന്ന് സമൂഹം സ്ത്രീകളെ ദുർബലരായി കണക്കാക്കാൻ തുടങ്ങി. സ്ത്രീകേന്ദ്രീകൃത സമൂഹത്തിൽ നിന്നും മാറുമ്പോൾ തന്നെ മനുഷ്യരുടെ മൂല്യം കുറയുന്നു എന്നു വേണം കരുതാന്‍. പാട്ടിന്റെ പേരു പോലും അമ്മയെ ദൈവമായി കണക്കാക്കുന്നു എന്നതാണ്. 

പാട്ട് യഥാർഥത്തിൽ എന്റെ തായ് വേരുകളെക്കുറിച്ചുള്ള വിവരണമാണ്. മുത്തശ്ശി വള്ളിയമ്മ പറഞ്ഞു തന്ന കഥകളും അനുഭവങ്ങളുമാണ് പാട്ടിന്റെ ആധാരം. തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു മുത്തശ്ശി. അന്നത്തെ തൊഴിലാളി സമൂഹം നേരിട്ട പ്രതിസന്ധികളെക്കുറിച്ചു പാട്ടിലൂടെ തുറന്നുപറയാന്‍ ആണ് ഒരു കലാകാരൻ എന്ന നിലയിൽ ഞാൻ ശ്രമിച്ചത്. യഥാർഥത്തിൽ ആ കർഷകരെക്കുറിച്ചാണു നാം സംസാരിക്കേണ്ടത്. അവർ ഒരു ജീവിതകാലം മുഴുവൻ മണ്ണിൽ പണിയെടുക്കുന്നു. അവരാണ് ഈ ലോകം നമുക്കു സമ്മാനിച്ചത്. ഏതു രാജ്യത്തു പോയാലും ഏതു സംസ്കാരത്തിൽ ജീവിച്ചാലും നമുക്കൊരു ലോകം സമ്മാനിച്ചത് പൂർവികരാണ് എന്ന യാഥാർഥ്യം എല്ലാവരും മനസ്സിലാക്കണം. എന്റെ പൂർവികരോടുള്ള സ്നേഹവും ആദരവും കൊണ്ടാണ് ഞാൻ ഇത്തരത്തിൽ ഒരു പാട്ടൊരുക്കിയത്’, അറിവ് പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com