ADVERTISEMENT

കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്ന് ഹാര്‍മ്മോണിയത്തില്‍ വിരലോടിച്ച് ഇഷ്ടമുള്ള പാട്ടുകളങ്ങനെ പാടിക്കൊണ്ടിരിക്കുന്ന ജോണ്‍സണ്‍. തമാശക്കഥകള്‍ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന ജോണ്‍സണ്‍. സ്‌നേഹത്തിന് മാത്രം കീഴടങ്ങാറുള്ള, സ്‌നേഹത്തെ മാത്രം പേടിക്കുന്ന ജോണ്‍സണ്‍.. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മയിലങ്ങനെ പല പല  ജോണ്‍സണ്‍ ചിത്രങ്ങള്‍ തെളിയാറുണ്ട്. ഒരു പാട്ട് കേള്‍ക്കുമ്പോള്‍ ചില കഥാ സന്ദര്‍ഭങ്ങളില്‍ ഒക്കെ പൊടുന്നനെ ഒരോര്‍മ്മയായി വരും ജോണ്‍സണ്‍. വരാതെ വഴിയില്ലല്ലോ ഒന്നും രണ്ടുമല്ല 28 ഓളം ചിത്രങ്ങളാണ് ഒരുമിച്ച് ചെയ്തത്. ഏറെ പ്രശസ്തമായ സത്യന്‍ ചിത്രങ്ങളിലൊക്കെയും പാട്ടായും പശ്ചാത്തല സംഗീതമായും ജോണ്‍സണുണ്ട്. ഒരു സംഗീത സംവിധായകന്‍ എന്ന രീതിയിലല്ല, മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ പോലും പറയാതെയറിയുന്ന ആത്മമിത്രമായിരുന്നു സത്യന്‍ അന്തിക്കാടിന് ജോൺസൺ.

''ഞാന്‍ മനസില്‍ വിചാരിച്ച പല കാര്യങ്ങളും ഇങ്ങോട്ട് പറഞ്ഞ് എന്നെ ഞെട്ടിച്ചിട്ടുണ്ട് ജോണ്‍സണ്‍. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയില്‍ നായകനായ ജയറാം നായികയുടെ വീട്ടിലേക്ക് രാത്രി ചെല്ലുന്നതായി സ്വപ്‌നം കാണുന്ന ഒരു സീനുണ്ട്. ആകാശത്ത് ചന്ദ്രനെയൊക്കെ കാണാം.   നെടുമുടി വേണു അഭിനയിച്ച അമ്മാവന്‍ കഥാപാത്രം നായികാനായകന്‍മാര്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കി മാറിപ്പോവുന്നു. അപ്പോള്‍  വളരെ നാടകീയമായി നായകന്‍ ചോദിക്കുന്നുണ്ട്.  

'പിന്‍ നിലാവിന്‍ പൂ വിരിഞ്ഞു നില്‍ക്കുന്നത് കണ്ടില്ലേ.. എനിക്ക് ഒരു പാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ട് ,    നമുക്ക്  ആ ഇലഞ്ഞി മരച്ചോട്ടിലിരുന്നു സംസാരിക്കാം എന്ന് പറഞ്ഞ്  നായകന്‍  നായികയെ  ആനയിച്ച് നടക്കുന്ന സീനുണ്ട്.    ആ നടത്തം ഇത്തിരി നീട്ടിയിടാമെന്നും സീനില്‍ കെപിഎസിയുടെ നാടക ഗാനങ്ങള്‍ ഏതെങ്കിലും ഉപയോഗിക്കാമെന്നും ക്യാമറമാനോട് പറഞ്ഞു.

ഷൂട്ട് കഴിഞ്ഞു കുറെക്കാലത്തിനു ശേഷമാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. റീ റെക്കോര്‍ഡിനായി റീലിട്ടപ്പോള്‍ ഈ ഷോട്ട് കണ്ട് ജോണ്‍സണ്‍ പെട്ടന്ന് പറയുകയാണ് ‘മാഷേ നമുക്ക് ഇവിടെ കെപിഎസിയുടെ പഴയ നാടകഗാനമിടാം’. നാടകീയമായ രംഗമാണല്ലോ , വെള്ളാരം കുന്നിലെ പൊന്‍മുളം കാട്ടിലെ'  എന്ന പാട്ടിന്റെ മ്യൂസിക് ഇവിടെയിട്ടാലോ?.ഞാന്‍ ഞെട്ടിപ്പോയി ആ സീനില്‍ ഈ പാട്ടിടമെന്ന് ഉദ്ദേശിച്ച് പ്രത്യേകമായി എടുത്തതാണെങ്കിലും അത് ഞാന്‍ മറന്നു പോയിരുന്നു. അത്രയും മാനസിക ഐക്യമുളള സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ‘പിന്‍ഗാമി’യില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഒരു കോണ്‍വെന്റ് കോറിഡോറിലൂടെ ഓടി വരുമ്പോള്‍ തിലകനെ കണ്ടുമുട്ടുന്നൊരു രംഗമുണ്ട്. ആ ഭാഗങ്ങളിലൊക്കെ ജോണ്‍സണ്‍ നല്‍കിയ പശ്ചാത്തല സംഗീതം കൊണ്ട് ആ സീനൊക്കെ വളരെ മനോഹരമായി. ഞങ്ങള്‍ ഒരുമിച്ച് ചെയ്ത സിനിമകള്‍ ഹിറ്റാവുന്നതില്‍ ജോണ്‍സന്റെ സംഗീതവും ഒരു വലിയ ഘടകമായിരുന്നു.

എന്റെ സിനിമകളില്‍ സംഗീതം ഇളയരാജ ചെയ്യുന്ന കാലത്തും ഞങ്ങള്‍ക്കിടയിലെ ഹൃദയബന്ധവും കുടുംബ ബന്ധവും കുറഞ്ഞിട്ടില്ല. എന്നുമെന്നും വിളിക്കാറില്ലെങ്കിലും ഇടവേളകളില്‍ വിളിച്ച് പരസ്പരം കുടുംബവിശേഷങ്ങള്‍ ഒക്കെ സംസാരിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു ആ വേര്‍പാട്. ഈ ഭൂമിയില്‍ വന്ന് സംഗീതം കൊണ്ട് മനുഷ്യരെ സന്തോഷിപ്പിച്ച് ദേവാങ്കണത്തിലേക്കു മടങ്ങിയ ഗന്ധര്‍വ്വന്‍ തന്നെയാണ് ജോണ്‍സണ്‍ എന്നു ചിലപ്പോള്‍ തോന്നും.

ജീവിച്ചിരിക്കേ ഇല്ലാതിരുന്ന ആരാധകര്‍ ഇന്ന് ജോണ്‍സനുണ്ട്. പിന്‍ഗാമിയിലെ വെണ്ണിലാവോ ചന്ദനമോ പോലുള്ള പാട്ടുകളൊക്കെ പലരും തിരഞ്ഞു പോയി ആസ്വദിക്കുന്നു. പുതിയ തലമുറ പോലും ജോണ്‍സനെ ഇഷ്ടപ്പെടുന്നു. കണ്ണിന് മുന്നില്‍ നിന്നും മറയുമ്പോഴാണല്ലോ നഷ്ടപ്പെട്ടതിന്റെ മൂല്യം പലപ്പോഴും തിരിച്ചറിയുന്നത്. ജോണ്‍സണ്‍ പോയപ്പോള്‍ ആ നഷ്ടത്തിന്റെ ആഴം വേദനയോടെ നാം തിരിച്ചറിയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com