വർക്കൗട്ടിനിടെ ട്രെഡ്മില്ലിൽ ചുവടുവച്ച് മലയാളികളുടെ ഇഷ്ടതാരം അനുശ്രീ. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. ‘വർക്കൗട്ട് വേളകൾ ആനന്ദകരമാക്കാം’ എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീയുടെ പോസ്റ്റ്. മികച്ച പ്രതികരണങ്ങളാണ് അനുശ്രീയുടെ വിഡിയോയ്ക്കു ലഭിക്കുന്നത്.
അടുത്തിടെ അനുശ്രീ പങ്കുവച്ച രസകരമായ ഡാൻസ് വിഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു. ‘വിയർക്കാനുള്ള ഏറ്റവും മികച്ച വഴി’ എന്ന അടിക്കുറിപ്പോടെ ഏതാനും ആഴ്ചകൾക്കു മുൻപ് അനുശ്രീ പോസ്റ്റ് ചെയ്ത വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും സിഗ്നേച്ചർ സ്റ്റെപ്പുകൾ അനുകരിച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഡാൻസ്.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് അനുശ്രീ. ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയർ പാടി അഭിനയിച്ച ‘കിം കിം’ എന്ന പാട്ടിന്റെ വേറിട്ട പതിപ്പുമായി അനുശ്രീ എത്തിയിരുന്നു. ആംഗ്യപ്പാട്ടായിട്ടാണ് താരം ‘കിം കിം കിം’ അവതരിപ്പിച്ചത്. അനുശ്രീയുടെ കുട്ടിത്തവും കുസൃതിയും നിറഞ്ഞ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായിരുന്നു. ഇപ്പോൾ താരം പങ്കുവച്ച ട്രെഡ്മിൽ ഡാൻസ് വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.