നടനും മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) സ്ഥാപകനുമായ കമൽ ഹാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചുവടുവച്ച് ഇളയ മകൾ അക്ഷരയും സഹോദര പുത്രിയും നടിയുമായ സുഹാസിനിയും. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന കമൽ ഹാസനു വേണ്ടി വോട്ട് അഭ്യർഥിച്ച ഇരുവരും തെരുവിൽ വച്ച് പാട്ടിനൊപ്പം താളത്തിൽ ചുവടുവയ്ക്കുകയായിരുന്നു.
ഒരു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഡാൻസ് വിഡിയോ ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നിരവധി പേരാണ് സുഹാസിനിയുടെയും അക്ഷരയുടെയും വിഡിയോ പങ്കുവച്ചതും പ്രതികരണങ്ങൾ രേഖപ്പെടുത്തിയതും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കമൽ ഹാസനു വേണ്ടിയുള്ള പ്രചാരണത്തിൽ മകൾ അക്ഷര സജീവമായിരുന്നു. പ്രചാരണ വേളയിലെ ചിത്രങ്ങൾ അക്ഷര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. താരത്തിനൊപ്പമുള്ള ചിത്രങ്ങളും പ്രചാരണ വിഡിയോകളും സുഹാസിനിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.