ലോകം തിരഞ്ഞ റാസ്പുടിൻ; റഷ്യൻ രാജ്ഞിയെ മയക്കിയ നിഗൂഢ സന്യാസി

rasputin-life-and-death1.jpg.image.845.440
SHARE

സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ തൃശൂർ മെഡിക്കൽ കോളജ് സ്റ്റുഡൻസിന്റെ മനോഹരമായ ആ ഡാൻസ് കണ്ടവരെല്ലാം തന്നെ അതിലെ ഗാനം ശ്രദ്ധിച്ചിരിക്കും. ‘‘ബട്ട് ടു ദ് മോസ്കോ ചിക്സ്, ഹി വാസ് സച്ച് എ ലവ്‍ലി ഡിയർ’’. സ്വാഭാവികമായും ഗൂഗിളിൽ സെർച്ച് ചെയ്യും, ആരാണീ റാസ്പുടിൻ? ബോണി എമ്മും റാസ്പുടിനും തമ്മിലെന്ത്?

ലോകയുവതയെ ഇന്നും ആവേശം കൊള്ളിക്കുന്ന ഗാനങ്ങളിലൊന്നാണ് ബോണി എമ്മിന്റെ ബാൻഡ് അണിയിച്ചൊരുക്കിയ റാ..റാ.. റാസ്പുടിൻ. സിരകളെ ത്രസിപ്പിക്കുന്ന അതിഗംഭീരമായ മ്യൂസികും അതിനെ വെല്ലുന്ന ബോബി ഫാരലിന്റെ നൃത്തച്ചുവടുകളും. റഷ്യൻ  ചരിത്രത്തിലെ മറക്കാനാവാത്ത പേരായ റാസ്പുട്ടിന്റെ കഥ ബോണി എം എന്ന സംഗീത ബാൻഡിനു വേണ്ടി ഫ്രാങ്ക് ഫാരിയൻ വരികളിലേക്ക് പടർത്തിയപ്പോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് പിറക്കുകയായിരുന്നു. 

എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലും പാശ്‌ചാത്യ സംഗീതലോകത്ത് ബോണി എമ്മിന്റെ അശ്വമേധമായിരുന്നു. ലവ് ഫോർ സെയിൽ, നൈറ്റ് ഫ്ലൈറ്റ് ടു വീനസ്, ഓഷ്യൻസ് ഓഫ് ഫാന്റസി, ടെൻ തൗസന്റ് ലൈറ്റ് ഇയേഴ്‌സ്... ഐ ഡാൻസ്, റി മിക്‌സ് 88 തുടങ്ങി ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് ബോണി എം പറന്നുയർന്നത് ചടുലമായ ഡ്രം ബീറ്റിനേക്കാൾ വേഗത്തിലായിരുന്നു. അവരുടെ ലോകപ്രശസ്തമായ നൈറ്റ് ഫ്ലൈറ്റ് ടു വീനസ് എന്ന ആൽബത്തിലേതാണ് ഇൗ ഗാനം. പാട്ടിന്റെ ആകർഷണീയത പോലെ തന്നെ റാസ്പുട്ടിൻ എന്ന കഥാപാത്രവും പാട്ടിന് പ്രചാരം നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അപ്പോൾ യഥാർഥത്തിൽ ആരായിരുന്നു ഇൗ റാസ്പുടിൻ?

ഗ്രിഗറി യെഫിമോവിക് റാസ്പുടിൻ ആ പേര് കേട്ടാൽ ഒരു കാലത്ത് റഷ്യൻ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ പോലും ഭയന്നിരുന്നു. മുന്നിൽ ചെന്ന് നിന്നാലാകട്ടെ ആ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ പോലും ആർക്കും സാധിച്ചിരുന്നില്ല. അത്ര തീക്ഷണമായിരുന്നു അഗ്നിസ്ഫുലിംഗങ്ങൾ ചിതറുന്ന പോലുള്ള നോട്ടം. നീണ്ടു വളർന്ന താടിയും മുടിയും, കരുത്തുറ്റ ശരീരം, ആരെയും വീഴ്ത്തുന്ന വാക്ചാതുരി..ഇതൊക്കെയായിരുന്നു റാസ്പുടിൻ. ചരിത്രത്തിന്റെ താളുകളിൽ കറുത്ത മഷികൊണ്ട് എഴുതപ്പെട്ടതാണ് ആ പേര്. ഒരു കുഗ്രാമത്തിൽ ജനിച്ച് റഷ്യൻ സാമ്രാജ്യത്തിന്റെ ഭരണത്തിലേക്കും ഏറെത്താമസിയാതെ സാറിസ്റ്റ് ഭരണത്തിന്റെ അന്ത്യത്തിനും കാരണക്കാരനായ കുശാഗ്രബുദ്ധിയും വിഷയലമ്പടനുമായ വ്യക്തി.

റഷ്യയുടെ മഞ്ഞുറയുന്ന സൈബീരിയൻ മേഖലയിലെ ഒരു കാർഷിക കുടുംബത്തിലാണ് റാസ്പുടിൻ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ നിഗൂഢ മന്ത്രവാദത്തില്‍ തത്പരനായിരുന്ന റാസ്പുടിൻ റഷ്യൻ ഗ്രാമങ്ങളിൽ അദ്ഭുതസിദ്ധികളുള്ള സന്യാസിയെന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങി. സ്ത്രീകളായിരുന്നു റാസ്പുടിന്റെ അനുയായികൾ കൂടുതലും. നിലവിലുള്ള സാമുദായികാചാരങ്ങളെ അശേഷം ഗൗനിക്കാത്ത റാസ്പുടിനെ മതമേധാവികൾ സംശയത്തോടെയാണ് കണ്ടത്. എന്നാൽ റാസ്പുടിനെ എതിർക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. 

ആരുടെയും രോഗം മാറ്റുന്ന അദ്ഭുതശക്തിയുള്ള സന്യാസിയെപ്പറ്റി റഷ്യ മുഴുവൻ അറിയാൻ അധികം വൈകിയില്ല. മരിച്ചുപോയവരെ ജീവിപ്പിക്കാൻ പോലും ആ സന്യാസിക്ക് കഴിയുമെന്ന് ജനങ്ങൾ വിശ്വസിച്ചു.

ആധുനിക കാലത്ത് വിദഗ്ധമായ സംസാരത്തിന്റെ അടിസ്ഥാന ഗുണങ്ങളിലൊന്നായി പറയപ്പെടുന്ന ‘ഐ കോൺടാക്റ്റ്’ അതിവിദഗ്ധമായി പ്രയോഗിച്ച ഒരാളായിരുന്നു റാസ്പുടിൻ. ചരിത്രത്തിൽ റാസ്പുടിനെ ഇക്കാര്യത്തിൽ വെല്ലുന്ന ഒരാളേയുള്ളൂ. നാസി ഏകാധിപതിയായിരുന്ന സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ. റാസ്പുടിൻ തനിക്ക് ആവശ്യമുള്ള ഇരകളെ മാത്രം കണ്ണ് കൊണ്ട് വീഴ്ത്തിയെങ്കിൽ ഹിറ്റ്ലറാകട്ടെ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് ആൾക്കാരെ മുഴുവൻ തന്റെ തീക്ഷണമായ നോട്ടം കൊണ്ട് അടിമകളാക്കിയിരുന്നത്രേ.

റഷ്യൻ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ ചക്രവർത്തിനിയായിരുന്ന അലക്സാണ്ട്രിയ ഇൗ അത്ഭുത സന്യാസിയുടെ സിദ്ധികളെപ്പറ്റി അറിഞ്ഞതോടെയാണ് റാസ്പുടിന്റെ ശുക്രനുദിച്ചത്.  അവരുടെ ഒരേയൊരു മകനായ അലക്സേയ് ഹീമോഫീലിയ മൂലം കഷ്ടതയനുഭവിക്കുന്ന സമയമായിരുന്നു അത്. അത്ഭുതസിദ്ധികളുള്ള ആ ദിവ്യന് തന്റെ പുത്രനെ സുഖപ്പെടുത്താനാകുമെന്ന് അലക്സാണ്ട്രിയ വിശ്വസിച്ചു. കൊട്ടാരത്തിലേക്ക് ക്ഷണം കിട്ടിയ റാസ്പുടിന്‍ വളരെ വേഗം തന്നെ ചക്രവർത്തിനിയുടെ വിശ്വാസം ആർജിച്ചു. 

മകന്റെ അസുഖത്തിന് ശമനം കിട്ടിയതോടെ ചക്രവർത്തിനി പൂർണമായും സന്യാസിയുടെ സ്വാധീനത്തിലായി. റാസ്പുടിന്റെ അടുപ്പം കൊട്ടാരത്തിന്റെ അന്തപ്പുരങ്ങളിലേക്ക് വളർന്നതോടെ അദ്ദേഹത്തിന്റെ സ്വാധീനവും  വളർന്നു. ചക്രവർത്തിനിയെ ഉപയോഗിച്ച് റാസ്പുടിൻ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നതിലേക്ക് വരെയായി കാര്യങ്ങൾ. 

അപാരമായ തന്റെ ആകർഷണശക്തിയുപയോഗിച്ച് രാജകുടുംബത്തിലും പുറത്തുമുള്ള നിരവധി സ്ത്രീകളെ റാസ്പുടിൻ ചൂഷണം  ചെയ്തു. കൊട്ടാരത്തിന്റെ പ്രധാന ചടങ്ങുകളിലെല്ലാം റാസ്പുടിനായി കാർമികൻ. വൈദികന്മാർ റാസ്പുടിന്റെ പ്രാകൃത ആരാധന രീതികൾ കണ്ട് മുറുമുറപ്പുയർത്തിയെങ്കിലും അദ്ദേഹത്തിനെതിരെ ശബ്ദിക്കാൻ ഭയന്നു. 

നിലവിട്ട റാസ്പുടിന്റെ ജീവിതശൈലിക്കെതിരെ പ്രത്യക്ഷമായി എതിർപ്പൊന്നുമുണ്ടായില്ലെങ്കിലും അണിയറയിൽ ആ സന്യാസിയെ കൊലപ്പെടുത്താൻ നീക്കങ്ങൾ നടന്നു. ഓരോ തവണയും അദ്ഭുതകരമായി റാസ്പുടിൻ രക്ഷപ്പെട്ടതോടെ അദ്ദേഹത്തിന് അത്ഭുതസിദ്ധികളുണ്ടെന്ന് ശത്രുക്കൾ പോലും വിശ്വസിച്ചു തുടങ്ങി.

ഒന്നാംലോകമഹായുദ്ധത്തിലെ റഷ്യയുടെ പരാജത്തിന്റെ പ്രധാന കാരണം റാസ്പുടിന്റെ ഭരണകാര്യങ്ങളിലുള്ള ഇടപെടലാണെന്ന് മനസ്സിലായതോടെ രാജകുടുംബാഗങ്ങൾ ഫെലക്സ് യൂസപ്പോവ് രാജകുമാരന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ വധിക്കാൻ  പദ്ധതിയിട്ടു. ഒരു രാത്രിയിൽ വിരുന്നിന് ക്ഷണിച്ച റാസ്പുടിന് കൊടിയ വിഷം കലർത്തിയ വീഞ്ഞാണ് നൽകിയത്. എന്നാൽ അവർ വിചാരിച്ചപോലെ കാര്യങ്ങൾ നടന്നില്ല. വീഞ്ഞ്  കുടിച്ചിട്ടും റാസ്പുടിൻ ഒരു ബുദ്ധിമുട്ടുമില്ലാതെ ഇരിക്കുന്നത് കണ്ടതോടെ വിഷവീര്യം അയാൾക്കേറ്റില്ല എന്ന് മനസ്സിലായ ശത്രുക്കൾ വെടിയുതിർത്തു. വെടിയേറ്റ് നിലത്തുവീണെങ്കിലും അതും മരണകാരണമായില്ല. അയാൾ  എഴുന്നേറ്റ് നടന്നതോടെ അവർ വീണ്ടും പലവട്ടം വെടിയുതിർക്കുകയും ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. അതിനുശേഷം ആ ശരീരം മഞ്ഞുറഞ്ഞ  നേവാ നദിയിലെറിയാൻ കൊണ്ടുപോകുമ്പോഴും റാസ്പുടിന് ജീവനുണ്ടായിരുന്നത്രേ! കണ്ടെടുക്കപ്പെട്ട ശരീരം അന്നത്തെ രീതിയിലുള്ള പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോൾ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരുന്നു. അതായത് മുങ്ങിമരണം! 

മഞ്ഞു പെയ്ത ആ രാത്രിയിലെ സംഭവങ്ങൾ ആരും പുറത്തുപറഞ്ഞില്ല. നേവാ നദിയിലൂടെ പിന്നെയും ജലമൊരുപാട്  ഒഴുകിപ്പോയി. സാറിസ്റ്റ് ഭരണത്തിന്റെ അന്ത്യം കുറിച്ച് സോവിയറ്റ് യൂണിയൻ നിലവിൽ വന്നു. കാലചക്രത്തിന്റെ കറക്കത്തിൽ റാസ്പുടിന്റെ നിഗൂഡമായ കഥകൾ പണ്ടെങ്ങോ കേട്ടുമറന്ന ഒരു കെട്ടുകഥയായി അവശേഷിച്ചു. 

റഷ്യൻ നാടോടിക്കഥകളുടെ കൂട്ടത്തിൽ പഴകി തുരുമ്പെടുത്തിരുന്ന നിഗൂഢ  സന്യാസിയുടെ കഥകൾ ബോണി എമ്മിന്റെ പാട്ടിലൂടെ പുനർജനിച്ചതോടെ റാസ്പുടിൻ അനശ്വരനായി. എന്നാൽ റാസ്പുടിന് എന്ന നിഗൂഢത അവസാനിച്ചിരുന്നില്ല‌. സംഗീതപരിപാടികളിൽ ആ ഗാനം പാടിയവതരിപ്പിച്ച ബോബി ഫാരലിനെയും തേടിയെത്തി ആ ദുരൂഹത. 2010 ഡിസംബർ 30ന്  സെന്റ് പിറ്റേഴേസ്ബർഗിലെ സംഗീതപരിപാടിക്ക് ശേഷം ഹോട്ടലിൽ തങ്ങിയ ഫാരലിനെ പിറ്റേന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. യഥാർഥ കാരണമെന്തെന്ന് ഇതുവരെയും തെളിയിക്കപ്പെടാത്ത അസ്വാഭാവിക മരണം. 1916–ൽ അതേ നഗരത്തിൽ വച്ച് അതേ ദിവസം തന്നെയായിരുന്നു റാസ്പുടിന്റെ  മരണമെന്നത് തികച്ചും യാദൃശ്ഛികമാവാം.

റാസ്പുടിനും ഫാരലും കാലയവനികയിൽ മറഞ്ഞെങ്കിലും ഇന്നും ലോകമെങ്ങും ആ സംഗീതം അലയടിക്കുന്നു. റാ..റാ..റാസ്പുടിൻ ലവർ ഓഫ് ദ് റഷ്യൻ ക്വീൻ ..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA