ADVERTISEMENT

അന്നൊരിക്കല്‍ കൈതപ്രം, സ്‌നേഹവാത്സല്യങ്ങളോടെ ഗിരീഷ് പുത്തഞ്ചേരിയോട് ചോദിക്കുകയുണ്ടായി 'എന്തിനാ വീണുടഞ്ഞു എന്നെഴുതിയത്? ദേവാസുരത്തിലെ നായകന്റെ നെഞ്ചുപൊട്ടിയ ആ വിലാപത്തെക്കുറിച്ചാണ് ചോദ്യം. പുത്തഞ്ചേരിക്ക് ഏറെ പ്രശംസ നേടിക്കടുത്ത 'സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍' എന്ന ഗാനത്തെക്കുറിച്ച്. വീഴുക, ഉടയുക എന്നൊന്നും എഴുത്തില്‍ പഥ്യമല്ല അദ്ദേഹത്തിന്. ''എന്തിനാ അത്? എന്തിനാ വീഴ്ത്തുന്നത്'' എന്നാണ് ഈ സ്‌നേഹഗായകന്റെ ചോദ്യം. കേള്‍ക്കുന്നവരുടെ ഉള്ളില്‍ ആഹ്‌ളാദപൂത്തിരി കൊളുത്തുന്ന നിരവധി ഗാനങ്ങള്‍ എഴുതിയ ആ തൂലികയിലെ  ദുഃഖ സ്പർശമുള്ള ഗാനങ്ങളും വിശിഷ്ടമാണ്. ദുഃഖത്തെക്കുറിച്ചെഴുതുമ്പോഴും സുഖമുള്ള വാക്കുകള്‍ വേണമെന്ന് നിര്‍ബന്ധമുണ്ട് അദ്ദേഹത്തിന്.

 

കൈതപ്രം എഴുതുമ്പോള്‍ വരണ്ട വേനലിലും ഒരു കുളിര്‍കാറ്റ് വീശും. ആരൊക്കെയോ സ്‌നേഹിക്കാനുണ്ടെന്ന തോന്നലുണ്ടാക്കി, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പ്രേരിപ്പിക്കും ആ പാട്ടുകള്‍. നിഷേധവികാരങ്ങള്‍ എഴുതാന്‍ ഇഷ്ടമില്ല എന്നു തീര്‍ത്തു പറഞ്ഞിട്ടുണ്ട് കൈതപ്രം. ദു:ഖത്തില്‍ അഭിരമിക്കാന്‍ ഒരിക്കലും അനുവദിക്കാറില്ല കൈതപ്രം ഗാനങ്ങള്‍.

 

നോവുപാട്ടിലൊക്കെ അദ്ദേഹം പ്രകൃതിയെ കൂട്ടുപിടിക്കും. ആകാശത്തെയും ചന്ദ്രികയെയും താരങ്ങളെയും ചേര്‍ത്തണയ്ക്കും. ആരുമില്ലാത്തവര്‍ക്കും ആരൊക്കെയോ ആവും. ഉള്ളുരുക്കങ്ങളിലേക്ക് സ്‌നേഹവീശറിയാവും. കമലദളത്തിലെ ''സായന്തനം ചന്ദ്രികാ ലോലമായ്, നാലമ്പലം നലമെഴും സ്വര്‍ഗമായ്... എത്രയോ വേദനാപൂര്‍ണമായ ഓര്‍മ്മകളിലേക്ക് അദ്ദേഹം മെനഞ്ഞെടുത്ത വാക്കുകളുടെയൊരു വശ്യത. നഷ്ടസ്‌നേഹമാണ്, അവശേഷിക്കാത്തൊരാളെക്കുറിച്ചും 'ഋതു വീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങുനീ..

 

കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയ രാധികേ എങ്ങു നീ... എന്നു വറ്റാത്ത പ്രണയമെഴുതിയാണ് ആ പേനയുടെ ശീലം.  

 

മലയാളിയില്‍ എന്നെന്നും നൊമ്പരച്ചിത്രമായ കിരീടത്തിലെ സേതു. ആ കഥാപാത്രത്തിനായി കൈതപ്രമെഴുതിയ പാട്ടിലുമുണ്ട് വാക്കുകളിലെ സ്നേഹ സ്പർശം. ഗാന സന്ദര്‍ഭം നഷ്ടവും വേദനയുമൊക്കെയാണ്.

 

‘കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

മറുവാക്ക് കേള്‍ക്കാന്‍ കാത്ത് നില്‍ക്കാതെ

പൂത്തുമ്പിയെങ്ങോ മറഞ്ഞു...’  

 

കവിളില്‍ തലോടി, പഴമ്പാട്ട്, പൂത്തുമ്പി എന്ന് തുടങ്ങിയ  വാക്കുകളിലെ ആർദ്രത കേള്‍ക്കുന്നവരിലേക്ക് ഒരു നിഷേധ വികാരവും കൊണ്ടുവരുന്നില്ല. എന്ന് മാത്രമല്ല ആശ്വാസവും പകരുന്നുണ്ട്. ഇതു പോലെ തന്നെയാണ്

 

‘സമൂഹം’ എന്ന സിനിമക്കായി അദ്ദേഹം എഴുതിയ മനോഹര ഗാനവും. നായികയുടെ മനക്ലേശങ്ങളെ 'തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്

തേനോലും സാന്ത്വനമായി ആലോലം കാറ്റ്' എന്നു മനോഹരമായി ഒതുക്കുന്നു കൈതപ്രം. 'പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍ ആരാമപ്പന്തലില്‍ വീണുപോയെന്നോ എന്നു വ്യക്തിദുഖങ്ങളെ പ്രകൃതിയുടെ കണ്ണാടിയിലൂടെ കാണുന്നു അദ്ദേഹം. ആ വരികളില്‍ ദുഖമുണ്ട് എന്നാല്‍ കേള്‍ക്കുന്നവരെ   വിഷാദികളാക്കുന്നില്ല. ‘ദേശാടന’ത്തില്‍ മകനെ പിരിയുന്ന അച്ഛന്റെ നെഞ്ചുപൊട്ടുന്ന വേദനയും 'കളി വീടുറങ്ങിയല്ലോ, കളിവാക്കുറങ്ങിയല്ലോ’ എന്നു മൃദുവാക്കുന്നു. കഥയൊന്ന് ചൊല്ലിയാലേ ഉറങ്ങാറുള്ളൂ, ഞാന്‍ പൊന്നുമ്മ നല്‍കിയാലേ ഉണരാറുള്ളൂ.. എത്ര ലളിത മനോഹരമായി ആ അച്ഛന്റെ മനസ്സ്  പറഞ്ഞുവയ്ക്കുന്നു.

 

ജീവിതത്തിന്റെ അറിയാച്ചുഴികളില്‍ പെട്ടുപോയതിന്റെ നോവാണ് 'ഉളളടക്ക' ത്തിലെ പാട്ടിലും. വിഷാദം ഘനീഭവിക്കുന്നൊരു മുഹൂർത്തത്തിൽ മഴയോടൊപ്പം അലിഞ്ഞിറങ്ങുകയാണ് സങ്കടങ്ങളത്രയും. അദ്ദേഹം എഴുതിയതോ 

 

'പാതിരാ മഴയേതോ ഹംസഗീതം പാടി

വീണ പൂവിതളെങ്ങോ പിന്‍ നിലാവിലലിഞ്ഞു

നീല വാര്‍മ്മുകിലോരം ചന്ദ്രഹൃദയം തേങ്ങി....' 

 

എന്നാണ്. ദുരിതങ്ങളെ മനുഷ്യരിലേക്ക് ചാരാതെ പ്രകൃതിയില്‍ ലയിപ്പിക്കുകയാണ് കവി. അമരത്തിലെ അരയനായ അച്ഛന്റെ ആത്മനൊമ്പരങ്ങളെ അദ്ദേഹം പകര്‍ത്തിയതിങ്ങനെ,  'വികാര നൗകയുമായി തിരമാലകളാടിയുലഞ്ഞു.. കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍ വേളിപ്പുടവ വിരിഞ്ഞു.. തിക്താനുഭവങ്ങളിലും അകമേ തെളിയുന്ന സ്‌നേഹം വരിയില്‍ കലരുന്നുണ്ട്. ''ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍ കൗതുകമുണരുകയായിരുന്നു, എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്മരമായേനെ'' എന്നുള്ള അച്ഛന്റെ തിരിച്ചറിവും പാട്ടിലുണ്ട്. ഏതു കൂരിരുട്ടിലും സ്നേഹ താരങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്ന ആ മനസ്സ് തന്നെയാണ് ഇവിടെയും തെളിയുന്നത്.

 

ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരുടെ  ഹിറ്റ് ചിത്രമായ ‘ഫ്രണ്ട്‌സി’ലെ ഗാനവും ഇങ്ങനെ ദു:ഖത്തിലെ സുഖം തേടുന്നുണ്ട്. എല്ലാം താറുമാറായ ഒരു ഘട്ടത്തില്‍ വരുന്ന പാട്ടാണ്

 

'കടല്‍ക്കാറ്റിന്‍ നെഞ്ചില്‍ കനവായ് പിറന്ന സ്‌നേഹമുറങ്ങി’. കനലായെരിഞ്ഞ സന്ധ്യ മയങ്ങി. ഉറക്കം, മയക്കം എന്നിങ്ങനെയാണ് ജീവിത സംഘർഷങ്ങളെക്കുറിച്ച് അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍. മയക്കം കഴിഞ്ഞ് പുലരുന്ന ഒരു സ്നേഹ കാലത്തെക്കുറിച്ചുള്ള പ്രതീക്ഷ നിറയുന്നു ഈ പാട്ടിലും.

 

ഏതു വികാര പ്രകടനമായാലും ആ വരികള്‍ക്കിടയില്‍ മുത്തും പവിഴവും പോലെ ചേര്‍ന്നിരിക്കും അനുപമമായ സ്നേഹം. സ്‌നേഹമാണ് എന്റെ മതമെന്ന് അദ്ദേഹം എപ്പോഴും പറയാറുമുണ്ട്. സംഗീതം വെറുതെ പാടാനുള്ളതല്ല, അത് സ്‌നേഹവും സാന്ത്വനവും പകരാനുള്ളതാണെന്ന് അദ്ദേഹം പറയുമ്പോള്‍ ആ പാട്ടുകളൊക്കെയും അതേറ്റു പാടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com