ADVERTISEMENT

ഗായകനായി അരങ്ങേറ്റം കുറിച്ച് അർജുനൻ മാസ്റ്ററിന്റെ കൊച്ചുമകൻ ഭരത് അർജുനൻ. ‘തവള’ എന്ന ഹ്രസ്വ ചിത്രത്തിനു വേണ്ടിയാണ് ഭരത് ഗാനം ആലപിച്ചത്. മുത്തച്ഛന്‍ അർജുനൻ മാസ്റ്ററിൽ നിന്നും കുട്ടിക്കാലം മുതൽ ഭരത് സംഗീതം അഭ്യസിച്ചിട്ടുണ്ട്. ആദ്യ ഗാനത്തിലൂടെ തന്നെ ഗായകൻ ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. അരവിന്ദ് എം ആണ് പാട്ടിനു വരികൾ കുറിച്ചു സംഗീതം പകർന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിൽ എത്തിയത്. 

 

തിരുവനന്തപുരം സ്വദേശിയും ആറാം ക്ലാസ് വിദ്യാർഥിയുമായ അഭിനന്ദ് എം. നായരാണ് പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചത്. ദേവാനന്ദ് തിരക്കഥ രചിച്ചു സംവിധാനം നിർ‍വഹിച്ച ഹ്രസ്വചിത്രമാണ് ‘തവള’. ‌ദേവാനന്ദും അരവിന്ദും ഭരത്തും തിരുവനന്തപുരം മാർ ഇവാനിയസ് കോളജിലെ മൂന്നാം വർഷ മാധ്യമ പഠന വിഭാഗത്തിൽ വിദ്യാർഥികളാണ്. ‘പകർന്നാട്ടം’ ആണ് ഇവരുടെ ആദ്യ ഹ്രസ്വചിത്രം. പിന്നീട് ‘ജാലകം’ എന്ന ഹ്രസ്വചിത്രവും നിർമ്മിച്ചു. 

 

ഹാപ്പിനിങ്സ് ക്രിയേറ്റീവാണ് ‘തവള’യുടെ നിർമ്മാതാക്കൾ. ജിതിൻ മുരളി ഛായാഗ്രാഹണവും ജിക്കി ക്രിസ്റ്റഫർ എഡിറ്റിങ്ങും നിർവഹിച്ചു. കോമഡി ഡ്രാമയായാണ് ‘തവള’ എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ‌ചിത്രം അടുത്ത മാസം പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com