ADVERTISEMENT

അകാലത്തിൽ വേർപെട്ട ഭാര്യ ഉമാ ദേവിയെക്കുറിച്ച് സമൂഹമാധ്യമക്കുറിപ്പ് പങ്കിട്ട് സംഗീതസംവിധായകൻ മനു രമേശൻ. അധ്യാപികയായിരുന്ന ഉമയ്ക്ക് ഈയടുത്ത കാലത്താണ് ഡോക്ടറേറ്റ് കിട്ടിയത്. പക്ഷേ അംഗീകാരം ഏറ്റു വാങ്ങുന്നതിനു മുന്‍പ് അപ്രതീക്ഷിതമായി ഉമ വിടപറഞ്ഞു. ഏറെ നാളത്തെ കഠിനാധ്വാനത്തിനു ശേഷം ഉമ ഡോക്ടറേറ്റ് നേടിയിട്ടും അത് സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടാതെ പോയതിനെക്കുറിച്ച് മനു രമേശൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‌‌‌പുരസ്കാരദാന ചടങ്ങിലെ ചിത്രം മനു പങ്കുവച്ചിട്ടുണ്ട്. 

 

‘ഡോക്ടറേറ്റ് കിട്ടിയെങ്കിലും അത് ഏറ്റുവാങ്ങാൻ എന്റെ ഉമയ്ക്കു സാധിച്ചില്ല. പക്ഷേ ചടങ്ങിനിടെ വേദിയിൽ അവളുടെ സാന്നിധ്യമുണ്ടായിരുന്നു. അവൾക്കു പകരം അവളുടെ സഹോദരനാണ് അംഗീകാരം ഏറ്റുവാങ്ങിയത്. ഡോക്ടറേറ്റ് നേടുന്നതിനായി അവൾ അതികഠിനമായി അധ്വാനിച്ചു. അതിനായി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു. വിടവാങ്ങുന്നതിനു മുൻപ് അവൾ വൈവയും മറ്റു ടെസ്റ്റുകളുമെല്ലാം വിജയകരമായി പൂർത്തിയാക്കിയിരുന്നു. അങ്ങനെ അവൾ ഒരു വിജയിയായി ഉയർന്നു വന്നു. ഈ ലോകത്തിലെ ഏറ്റവും അഭിമാനിയായ ഭർത്താവ് ഞാൻ ആണ്, തീർച്ച’, വേദനയോടെ മനു രമേശൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

 

കഴിഞ്ഞ മാർച്ച് 17ന് മസ്തിഷ്കാഘാതത്തെ തുടർന്നായിരുന്നു ഉമാ ദേവി (35) അന്തരിച്ചത്. ശക്തമായ തലവേദനയെത്തുടർന്ന് പുലർച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. എറണാകുളം പേരണ്ടൂർ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഇരുവർക്കും അഞ്ചു വയസ്സുള്ള മകളുണ്ട്. പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായരുടെ മകനാണ് മനു രമേശൻ. ‘ഗുലുമാൽ ദ് എസ്കേപ്’, ‘പ്ലസ് ടു’, ‘അയാൾ ഞാനല്ല’ എന്നീ ചിത്രങ്ങളിലെ  പാട്ടുകളിലൂടെയാണ് മനു രമേശ് ശ്രദ്ധേയനായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com