മെഡിക്കൽ വിദ്യാർഥികളൊക്കെ പഴങ്കഥ, മുണ്ടു മടക്കിക്കുത്തി ‘കുടിയന്റെ റാസ്പുടിൻ ഡാൻസ്’; വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ

viral-dance-drunken-version
SHARE

കഴിഞ്ഞ ഏതാനും ആഴ്ചകളായി റാസ്പുടിൻ പാട്ടും അതിനൊപ്പമുള്ള ഡാൻസും ആണ് സമൂഹമാധ്യമങ്ങളിലെങ്ങും ചർച്ചാ വിഷയം. ഇപ്പോഴിതാ റാസ്പുടിൻ ഡാൻസ് ചലഞ്ചിൽ ഏറ്റവുമൊടുവിൽ പുറത്തുവന്ന രസകരമായ വിഡിയോ സമൂഹമാധ്യമലോകത്തെ ഒന്നാകെ കയ്യിലെടുത്തിരിക്കുകയാണ്. ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’ എന്ന അടിക്കുറിപ്പോടെയാണ് ഈ ഫണ്ണി വിഡിയോ പ്രചരിക്കുന്നത്. മുഴുക്കുടിയന്റെ രീതിയിലാണ് ചുവടുവയ്ക്കുന്നതെങ്കിലും ഇയാൾ മദ്യപിച്ചിട്ടില്ല എന്നതാണു യാഥാർഥ്യം. ‘bboyzan’ എന്നാണ് ഈ കലാകാരന്റെ ഇൻസ്റ്റഗ്രാം ഐഡി. ഇതിനു മുൻപും നിരവധി വൈറല്‍ ഡാൻസ് വിഡിയോകളുടെ ‘കുടിയൻ പതിപ്പ്’ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം കൊറിയോഗ്രാഫര്‍ കൂടിയാണ്. 

റാസ്പുടിന്റെ ‘കുടിയൻ പതിപ്പ്’ മിനിട്ടുകൾക്കകം വൈറലായി. വളരെ അലസമായി വസ്ത്രം ധരിച്ചെത്തിയ ഇയാൾ കാഴ്ചയിൽ മദ്യപാനി എന്നു തോന്നിക്കുന്നുമുണ്ട്. വൈറൽ താരങ്ങളായ ജാനകിയും നവീനും അവതരിപ്പിച്ച ചുവടുകൾ അതേ രീതിയിൽ കൂളായി അനുകരിക്കുകയാണ് ഈ വ്യക്തി. ടൈമിങ് തെറ്റാതെ കൃത്യമായി ചുവടുകൾ വയ്ക്കുന്നു. ഇടയ്ക്ക് മുണ്ട് മടക്കിക്കുത്തിയും മുണ്ടിൻ തുമ്പ് കയ്യിൽ പിടിച്ചുമൊക്കെ ഏറെ ആസ്വദിച്ചാണ് ഇദ്ദേഹത്തിന്റെ ഡാൻസ്. 

ചുരുങ്ങിയ സമയത്തിനകം തന്നെ ഇയാളുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി. റാസ്പുടിൻ ചലഞ്ചിന് ഇതിലും മികച്ച ഒരു പതിപ്പ് കിട്ടാനില്ലെന്നാണ് പ്രേക്ഷകപക്ഷം. മിനിട്ടുകൾക്കകം ഡിജിറ്റൽ ലോകത്തെ കയ്യിലെടുത്ത ഈ വൈറൽ താരത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങൾ അറിയാനുള്ള അന്വേഷണത്തിലാണ് പ്രേക്ഷകർ . ‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ എന്ന പേരിൽ നിരവധി പേർ വിഡിയോ ഷെയർ ചെയ്തു. ഇതുവരെയുള്ള എല്ലാ റാസ്പുടിൻ ഡാൻസ് പതിപ്പുകളെയും കടത്തിവെട്ടുന്നതാണ് ഈ പ്രകടനം എന്ന് സമൂഹമാധ്യമലോകം ഒന്നടങ്കം പറയുന്നു. നവീനിന്റെയും ജാനകിയുടെയും ഡാൻസ് വിഡിയോയ്ക്കൊപ്പം ഈ പുത്തൻ റാസ്പുടിൻ പതിപ്പു കൂടി ചേർത്തുള്ള വിഡിയോകൾ ഇപ്പോൾ പ്രചരിക്കുകയാണ്. 

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത് ചെറിയ തോതിൽ അല്ല. പ്രശംസയ്ക്കൊപ്പം ഇരുവർക്കും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. മതത്തിന്റെ നിറം കലർത്തി ഇവരെ ചിലർ അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ നവീനും ജാനകിയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ വ്യത്യസ്ത വിഡിയോകളുമായി എത്തിയിരുന്നു. അതിൽ മലയാളി മങ്കയായി അണിഞ്ഞൊരുങ്ങി യുവകലാകാരി അവതരിപ്പിച്ച ഡാൻസ് വിഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഒപ്പം ഒരു കുട്ടിത്താരത്തിന്റെ പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA