ADVERTISEMENT

അകാലത്തിൽ പൊലിഞ്ഞ ഭാര്യ ഉമാ ദേവിയ്ക്കായി പാട്ടൊരുക്കി സംഗീതസംവിധായകൻ മനു രമേശനും സുഹൃത്തും ഗായകനുമായ വിധു പ്രതാപും. പാട്ടിനെക്കുറിച്ച് വിധു ആണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. മനുവും വിധുവും തമ്മിൽ വര്‍ഷങ്ങൾ നീണ്ട സൗഹൃദമുണ്ട്. ഈ പാട്ട് കോളജ് പഠനകാലത്ത് തങ്ങൾ ഒരുമിച്ചു ചേർന്ന് ഒരുക്കിയതാണെന്നും അത് ഉമയ്ക്ക് ഏറെ ഇഷ്ടമായിരുന്നു എന്നും വിധു പറയുന്നു. 

 

‘എന്റെ കോളജ് ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നത് ഇവന്റെ വീട്ടിൽ ആയിരുന്നു. ഒരുപക്ഷെ എന്റെ ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്ത മ്യൂസിക് ഡയറക്ടറും മനു രമേശൻ തന്നെയായിരിക്കും. കോളജ് കാലത്ത് ഞങ്ങൾ റെക്കോർഡ് ചെയ്ത ഒരു ഗാനം മനുവിന്റെ ഭാര്യ 'ഉമ' യ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ആ ഗാനം ഞങ്ങൾ വീണ്ടും ഒരുക്കുന്നു... മറ്റൊരു ലോകത്ത് നിന്ന് ഉമയ്ക്ക് കേൾക്കുവാനായി...’, വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

 

കഴിഞ്ഞ മാർച്ച് 17ന് മസ്തിഷ്കാഘാതത്തെ തുടർന്നായിരുന്നു ഉമാ ദേവി (35) അന്തരിച്ചത്. ശക്തമായ തലവേദനയെത്തുടർന്ന് പുലർച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. എറണാകുളം പേരണ്ടൂർ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഇരുവർക്കും അഞ്ചു വയസ്സുള്ള മകളുണ്ട്. 

 

അധ്യാപികയായിരുന്ന ഉമയ്ക്ക് ഈയടുത്ത കാലത്താണ് ഡോക്ടറേറ്റ് കിട്ടിയത്. പക്ഷേ അംഗീകാരം ഏറ്റു വാങ്ങുന്നതിനു മുന്‍പ് അപ്രതീക്ഷിതമായി ഉമ വിടപറഞ്ഞു. ഏറെ നാളത്തെ കഠിനാധ്വാനത്തിനു ശേഷം ഉമ ഡോക്ടറേറ്റ് നേടിയിട്ടും അത് സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടാതെ പോയതിനെക്കുറിച്ച് മനു രമേശൻ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ചർച്ചയായിരുന്നു. ഉമയുടെ അസാന്നിധ്യത്തിൽ സഹോദരനാണ് അംഗീകാരം ഏറ്റുവാങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com