ADVERTISEMENT

മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകിയതിൽ പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ. സമൂഹമാധ്യമത്തിൽ പങ്കിട്ട ഒറ്റവരി ട്വീറ്റിലൂടെയാണ് ഗായികയുടെ വിമർശനം. വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും എന്നാണ് ചിന്മയി പരിഹാസ രൂപേണ കുറിച്ചത്. 

ഇന്നലെയാണ് ഈ വര്‍ഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് (3 ലക്ഷം രൂപ) തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.‌‌‌‌ ഒഎൻവി കൾചറൽ അക്കാദമിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വർഷങ്ങളിലാണു പുരസ്കാരം നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നശേഷം പുരസ്കാരം സമ്മാനിക്കുമെന്ന് കൾചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.

ഔദ്യോഗിക പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് വൈരമുത്തുവിനെതിരെ ചിന്മയി രംഗത്തെത്തിയത്. ഗായികയുടെ പ്രതിഷേധ കുറിപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. ലോകമെമ്പാടും പടർന്നു പിടിച്ച മീ ടു ക്യാംപെയിന്റെ ഭാഗമായി 2018ലാണ് ചിന്മയി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഒരിക്കൽ പാട്ടിന്റെ വരികൾ വിശദീരിച്ചുതരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാതെ താൻ വീട്ടിൽ നിന്ന് ഒാടി രക്ഷപ്പെടുകയായിരുന്നുവെന്നും താരം ആരോപിച്ചിരുന്നു. കൂടാതെ സ്വിറ്റ്സർലാന്റിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴും തന്നെ അപായപ്പെടുത്താനുള്ള നീക്കം ഉണ്ടായെന്നും ചിൻമയി ആരോപിച്ചിരുന്നു. 

വൈരമുത്തുവിനെതിരായ ചിൻമയിയുടെ ആരോപണങ്ങൾ വലിയ വിവാദങ്ങള്‍ക്കാണു തുടക്കമിട്ടത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു വൈരമുത്തുവിന്റെ പ്രതികരണം. 2019ൽ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നൽകിയതിനെയും ചിന്മയി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകണം എന്നായിരുന്നു ഗായികയുടെ അന്നത്തെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com