സെൽമ ഏഴു മാസം ഗർഭിണി; ഈ അവസ്ഥയില്‍ എങ്ങനെ പാടുമെന്ന് ഇളയരാജ; ശ്വാസമടക്കിപ്പിടിച്ചിരുന്ന് റെക്കോർഡ് ചെയ്ത പാട്ട്

selma-ilayaraja
SHARE

പഴയ മദ്രാസ് അശോക്നഗറിലെ ഇടുങ്ങിയ വഴിയിലൂടെ കറുത്ത അംബാസിഡര്‍ കാര്‍ അതിവേഗത്തില്‍ സഞ്ചരിച്ചു. 173ാം നമ്പര്‍ വീടിനു മുന്നില്‍ വന്നു നിന്ന ആ കാറില്‍ നിന്നും മൂന്നുപേര്‍ ഇറങ്ങി. അവരെ കാത്തുനിന്നെന്നപോലെ വീട്ടുപടിക്കല്‍ സംവിധായകന്‍ കെ. ജി. ജോര്‍ജൊരു സിഗരറ്റും വലിച്ച് മാനം നോക്കി നില്‍പ്പാണ്. സാരഥിയും പത്മനാഭനുമാണ് മുന്നില്‍ നടന്നത്. കെ. ജി. ജോര്‍ജ് സിഗരറ്റ് വലിച്ചെറിഞ്ഞ് അവരെ സ്വാഗതം ചെയ്തു. സാരഥിയും പത്മനാഭനും അകത്തേക്കു കയറിയെങ്കിലും പിന്നില്‍ നിന്ന യുവാവ് ഒന്ന് ശങ്കിച്ചു. കറുത്ത് മെലിഞ്ഞ ആ യുവാവ് ഭയഭക്തിയോടെ കെ. ജി. ജോര്‍ജിനെ നോക്കി തൊഴുതു. 'ആളെ മനസ്സിലായില്ലേ' എന്നു ചോദിച്ചത് സാരഥിയാണ്. 'ഇളയരാജയല്ലേ' എന്നു പുഞ്ചിരിയോടെ കെ. ജി. ജോര്‍ജ് തിരക്കി. സ്നേഹത്തോടെ കെ. ജി. ജോര്‍ജ് ആ യുവാവിനെ സ്വാഗതം ചെയ്തത് ആ വീട്ടിലേക്ക് മാത്രമായിരുന്നില്ല, മലയാള സിനിമയിലേക്കുകൂടിയായിരുന്നു.  

തമിഴില്‍ ശ്രദ്ധേയനായി തുടങ്ങിയ ഇളയരാജയെ മലയാളത്തിലേക്കു പരീക്ഷിക്കാന്‍ കെ. ജി. ജോര്‍ജിനെ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു? അതിനുമുണ്ട് കെ. ജി. ജോര്‍ജിന് പറയാനൊരു അനുഭവം, ആദ്യ ചിത്രമായ 'സ്വപ്നാടനം' മികച്ച അഭിപ്രായം നേടിയെങ്കിലും അടുത്ത സിനിമയിലേക്ക് എങ്ങനെ എത്തുമെന്ന പ്രതിസന്ധി കുറച്ചൊന്നുമല്ല വലച്ചത്. നിരാശയുടെ അക്കാലത്താണ് മദ്രാസില്‍ നിന്നുള്ള നിര്‍മാതാക്കളായ സാരഥിയും പത്മനാഭനും അദ്ദേഹത്തെ സമീപിക്കുന്നത്. തമിഴില്‍ സൂപ്പര്‍ഹിറ്റായ 'പൊലീസ്‌കാരന്‍ മകള്‍' എന്ന സിനിമയുടെ റീമേക്കായിരുന്നു അവരുടെ മനസ്സില്‍. പരിമിതികള്‍ ഏറെയുണ്ടെന്നറിഞ്ഞിട്ടും കെ. ജി. ജോര്‍ജ് അവര്‍ക്കു കൈകൊടുത്തു. 'വ്യാമോഹം' എന്ന ചിത്രത്തിന്റെ പിറവി അവിടെയായിരുന്നു. 'കാശ് കൊറച്ച് കമ്മി സാര്‍...' നിര്‍മാതാക്കള്‍ ഇടയ്ക്കിടെ കെ. ജി. ജോര്‍ജിനെ ഓര്‍മപ്പെടുത്തി കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ കഴിവതും പുതുമുഖങ്ങളെ അണിയറയില്‍ തീരുമാനിച്ചു.

kg-george-1.jpg.image.845.440 (1)
കെ.ജി.ജോർജ്

സംഗീതത്തിന് ഏറെ പ്രധാന്യമുള്ള കഥയാണ്. സംഗീതസംവിധായകന്‍ ആരാകണം എന്ന ചര്‍ച്ചയില്‍ ഇളയരാജ എന്ന പേര് ആദ്യമായി മുന്നോട്ടു വയ്ക്കുന്നത് നിര്‍മാതാക്കളായ സാരഥിയും പത്മനാഭനുമാണ്. കെ. ജി. ജോര്‍ജിനും എതിര്‍പ്പൊന്നും ഉണ്ടായില്ല. "അക്കാലത്ത് തമിഴില്‍ ഇറങ്ങിയ നല്ല സിനിമകളുടെ ഭാഗമായിരുന്നു ഇളയരാജ.  അദ്ദേഹം സിനിമയില്‍ എത്തും മുന്‍പ് തന്നെ ഞാനാ പേര് കേട്ടിട്ടും ഉണ്ട്. അതുകൊണ്ട് എനിക്കും വലിയ താല്‍പര്യം തോന്നി," കെ. ജി. ജോര്‍ജ് പറയുന്നു.

'സാമ്പത്തികം വളരെ കുറഞ്ഞ ചിത്രമാണ,്' കെ. ജി. ജോര്‍ജ് ആദ്യം തന്നെ ഇളയരാജയെ ഓര്‍മപ്പെടുത്തിയതും അതായിരുന്നു. ചങ്ങാതിയായ ഡോ. പവിത്രനുമുണ്ട് ചിത്രത്തിന്റെ രചനയില്‍. പാട്ടും പവിത്രനെകൊണ്ട് തന്നെ എഴുതിക്കാം എന്ന് കെ. ജി. ജോര്‍ജ് പറയുമ്പോള്‍ ഇളയരാജയ്ക്ക് അവിടെയും മറുത്തൊരു അഭിപ്രായമില്ല. പാട്ടുകളും നമുക്ക് പുതിയ ആളുകളെകൊണ്ടു പാടിക്കാം. 'പിന്നെ സെല്‍മയും ഉണ്ടല്ലോ...' ഇളയരാജ അവിടെയും കെ. ജി. ജോര്‍ജിനു വഴങ്ങി കൊടുത്തു. മലയാളത്തിലേക്ക് ഒരു പ്രവേശനം കിട്ടണം, അതുമാത്രമായിരുന്നു അന്നാ ചെറുപ്പക്കാരന്റെ മനസ്സില്‍. സാമ്പത്തികത്തിലടക്കം വിട്ടുവീഴ്ചയ്ക്ക് ഇളയരാജ തയാറായെങ്കിലും പോകും മുന്‍പ് ഒരു കാര്യം മാത്രം എളിമയോടെ ചോദിച്ചു, 'സാര്‍  നമുക്ക് ഒരു പാട്ട് യേശുദാസ് സാറിന് കൊടുത്താല്‍ നന്നാവും.' കെ. ജി. ജോര്‍ജ് അതിനു സമ്മതം മൂളി.

അടുത്ത ദിവസം തന്നെ പാട്ടുകളുടെ കമ്പോസിങ് ആരംഭിച്ചു. കെ. ജി. ജോര്‍ജിന്റെ വീട്ടില്‍ നിന്നും ദൂരെയല്ലാത്ത ഒരു ലോഡ്ജിലാണ് ഇളയരാജയുടെ താമസം. ഓരോ പാട്ടുകളും തയാറായി കഴിയുമ്പോള്‍ കെ. ജി. ജോര്‍ജിന്റെ വീട്ടിലേക്ക് ഹാര്‍മോണിയവുമായി രാജ ഓടി എത്തും. കെ. ജി. ജോര്‍ജ് കണ്ണടച്ചിരുന്ന് അത് കേള്‍ക്കും. ഓക്കെ പറഞ്ഞാല്‍ പിന്നെ റൂമിലേക്ക് ഒരു പാച്ചിലാണ് അടുത്ത ട്യൂണിനായി.... അങ്ങനെ രണ്ടു ദിവസംകൊണ്ടാണ് 'വ്യാമോഹത്തിലെ' മൂന്നുപാട്ടുകളുടെ പിറവി. ആദ്യ ദിവസം തന്നെ സെല്‍മയെകൊണ്ടു പാടിക്കാന്‍ തീരുമാനിച്ച "ഓരോ പൂവും വിരിയും" എന്ന പാട്ടിന്റെ ട്യൂണുമായി ഇളയരാജ വീട്ടിലെത്തി. ട്യൂണ്‍ കേള്‍ക്കാന്‍ ഇരിക്കും മുന്‍പ് കെ. ജി. ജോര്‍ജ് സെല്‍മയെ നീട്ടി വിളിച്ചു. നിറവയറുമായി സെല്‍മ മുറിയിലേക്ക് എത്തി. സെല്‍മയ്ക്കിത് ഏഴാം മാസമാണെന്നറിഞ്ഞ ഇളയരാജയുടെ മുഖം മാറി, 'ചെയ്ഞ്ച് ഓവര്‍ ഒരുപാടുള്ള പാട്ടാണ്,  ഈ അവസ്ഥയില്‍ എങ്ങനെ പാടും?' ആത്മവിശ്വാസത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു സെല്‍മയ്ക്ക് അതിനുള്ള മറുപടി. ഞാനെന്തായാലും പാടുമെന്ന ഉറച്ച തീരുമാനവും. എന്തായാലും ട്യൂണ്‍ കേള്‍ക്കട്ടെ എന്നായി കെ. ജി. ജോര്‍ജ്. ആദ്യകേള്‍വിയില്‍ തന്നെ എല്ലാവരും ഇളയരാജയ്ക്കു കൈയടിച്ചു.

സെല്‍മ എന്ന പാട്ടുകാരിയെ ശ്രദ്ധേയയാക്കിയ ഗാനമായിരുന്നു 'വ്യാമോഹത്തിലെ' ഡോ. പവിത്രനെഴുതി ഇളയരാജ സംഗീതം നല്‍കിയ "ഓരോ പൂവിരിയും" എന്നത്. ആ പാട്ടുവിരിഞ്ഞ കാലം ഇന്നും സെല്‍മയുടെ മനസ്സിലുണ്ട്, "അന്നെനിക്ക് ഏഴാം മാസമാണ്. മേല്‍വയര്‍ നന്നായിട്ടുണ്ട്. അതുകൊണ്ട് നടക്കാന്‍ തന്നെ വലിയ പ്രയാസമാണ്. ഞാനെങ്ങനെ ഈ പാട്ടു പാടുമെന്ന സംശയമായിരുന്നു എല്ലാവര്‍ക്കും. പാട്ടിനോടുള്ള ആവേശം കൊണ്ടായിരിക്കും ഞാനതൊന്നും ചിന്തിച്ചില്ല. എങ്കിലും എന്റെയുള്ളിന്റെ ഉള്ളില്‍ ഒരു കുഞ്ഞു ഭയമൊക്കെയുണ്ടായിരുന്നു. എ.വി.എം.സി തിയറ്ററില്‍ റെക്കോര്‍ഡിങ്ങിനു പോകുന്നത് ജോര്‍ജേട്ടന്റെ കൈപിടിച്ചാണ്. എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കിയിരുന്നു. അന്ന് വീണ വായിക്കാന്‍ എത്തിയ ഒരു ചേച്ചിയുണ്ടായിരുന്നു. ഓരോ നിമിഷവും ആശങ്കയോടെയാണ് അവര്‍ എന്നെ നോക്കിയിരുന്നത്. ഞാന്‍ പാടി കഴിയുന്നതുവരെ ആ മുഖത്ത് ആശങ്കയായിരുന്നു. ട്യൂണും വരികളും മുന്‍കൂട്ടി കേട്ടിട്ടുള്ളതുകൊണ്ടുതന്നെ  പെട്ടെന്ന് എനിക്കു പഠിച്ചെടുക്കാന്‍ സാധിച്ചു. പാട്ടുപഠിപ്പിക്കുമ്പോഴൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണമെന്ന് ഇളയരാജ ഓര്‍മപ്പെടുത്തി കൊണ്ടിരുന്നു. മൂന്നാമത്തെ ടേക്കില്‍ ഞാന്‍ പാട്ട് ഓക്കെയാക്കി. 'മൈക്കിലൂടെ ഞാനൊരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടല്ലോ' എന്നൊരു കമന്റും ഞാന്‍ പാടി ഇറങ്ങുമ്പോള്‍ ഇളയരാജ അന്നു പാസാക്കിയത് എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ചു. പാട്ട് ഫൈനലായി കേള്‍ക്കുമ്പോള്‍ ഇളയരാജയുടെ മുഖത്ത് വലിയ സന്തോഷമായിരുന്നു. ശ്വാസം അടക്കിപിടിച്ചാണ് റെക്കോര്‍ഡിങ്ങിന് ഇരുന്നതെന്ന് പറഞ്ഞ് ഇളയരാജ എനിക്ക് കൈതന്നു." സെല്‍മയുടെ ഓര്‍മകളില്‍ ആ കാലം ഓടിയെത്തി.

പ്രതീക്ഷിച്ച വിജയം കാണാതെപോയ 'വ്യാമോഹം' കെ. ജി. ജോര്‍ജിനു നഷ്ടങ്ങളുടെ സിനിമയായിരുന്നെങ്കിലും അതില്‍ മലയാളസിനിമയുടെ തന്നെ ചരിത്രമായി മാറിയ നേട്ടമായിരുന്നു ഇളയരാജ. തന്റെ സിനിമകളിലൊക്കെ മാന്ത്രികത കാണിക്കുന്ന കെ. ജി. ജോര്‍ജിന്റെ വ്യാമോഹത്തിലത് ഇളയരാജയായിരുന്നു. കെ. ജെ. യേശുദാസും എസ്. ജാനകിയും ചേര്‍ന്നു പാടിയ "പൂവാടികളില്‍ അലയും" എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA