ADVERTISEMENT

ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ജീവിതപ്രാരാബ്ധങ്ങൾ നിമിത്തം തോട്ടപ്പണി ചെയ്യേണ്ടി വന്ന പാട്ടെഴുത്തുകാരൻ പ്രേം ദാസിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ദീർഘമായ കുറിപ്പ്. കെ.ജെ.യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'പോയ്മറഞ്ഞ കാലം' എന്ന പാട്ടിന്റെ രചയിതാവാണ് പ്രേം ദാസ്. ഇനിയുമേറെ പാട്ടുകൾ എഴുതാനുണ്ടായിരുന്നിട്ടും  സാഹചര്യങ്ങള്‍ക്കൊണ്ട് ഒരു കലാകാരൻ തോട്ടപ്പണിക്കാരനായി എന്നും അപ്രതീക്ഷിതമായി അദ്ദേഹത്തെ ആ അവസ്ഥയിൽ കണ്ടപ്പോൾ അമ്പരന്നു എന്നും ഷിബു ബേബി ജോൺ കുറിക്കുന്നു. 

സമൂഹമാധ്യമ കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ 14 വർഷമായി കഴിവതും സ്ഥിരമായി ഞാൻ ആയുർവേദ ചികിൽസയ്ക്കു വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്ലീസ് ആയുർവേദ പാർക്ക്. വർഷങ്ങളായി വരുന്നതിനാൽ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്. ഇന്നലെ രാവിലെ ലൈറ്റ് എക്സർസൈസിന്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോൾ ഒരു പുതിയ ജീവനക്കാരൻ ഇവിടത്തെ പൂന്തോട്ടത്തിൽ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ അടുത്തേക്കു പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പിൽ നിന്നും ഞാൻ ഇപ്പോഴും മോചിതനായിട്ടില്ല.

അദ്ദേഹത്തിന്റെ പേര് പ്രേം ദാസ്. 2017ൽ ഗാനഗന്ധർവൻ ഡോ. കെ.ജെ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വിശ്വാസപൂർവം മൻസൂർ' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവാണ് പ്രേം. മനസ്സിൽ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്.

ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്കു പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികൾക്കു ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിന്റെ സമ്പത്താണ്. അതാത് മേഖലയിൽ നിന്നും അവർ കൊഴിഞ്ഞുപോയാൽ ആ നഷ്ടം നമ്മുടേതാണെന്നു നാം തിരിച്ചറിയണം.

മാന്യമായൊരു തൊഴിൽ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ നമ്മൾ മലയാളികൾക്കു നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com