ADVERTISEMENT

തന്റെ സപ്തതിവേളയിൽ എസ്. രമേശൻ നായർ നൽകിയ അഭിമുഖം

സ്കൂളിൽ ചേർക്കാൻ മറ്റു പലർക്കുമെന്നപോലെ രമേശൻ നായർക്കും ഔദ്യോഗികരേഖകളിൽ ജന്മദിനം മറ്റൊരു തീയതിയിലാണു കിടക്കുന്നത്–1948 ഫെബ്രുവരി രണ്ടിന്. യഥാർഥ ജന്മദിനം 1948 മേയ് മൂന്ന് ആണ്. മലയാള മാസപ്രകാരം മേടത്തിലെ ചതയം. സപ്തതിയുടെ നിറവിലും ഒരു മണിക്ക് ഉറക്കമുണരുന്ന പതിവിനു രമേശൻ നായർ മാറ്റമൊന്നും വരുത്തിയിട്ടില്ല.

∙ ഗരിമയാർന്ന വിവർത്തനങ്ങൾ, ഗൗരവമായ കവിതകൾ, ജനപ്രിയ സിനിമാഗാനങ്ങൾ, രാഷ്ട്രീയ വിവാദമായ നാടകം – ഈ വൈവിധ്യം എങ്ങനെ കാത്തുസൂക്ഷിക്കുന്നു ?

എനിക്കുതന്നെ അറിയില്ല. അതങ്ങനെ സംഭവിക്കുന്നതാണ്. കവിതയാണ് എനിക്കേറെ അടുപ്പമുള്ളത്. സിനിമാഗാനങ്ങൾ അറുനൂറു കഴിഞ്ഞു. രണ്ടു ദിവസം മുൻപും രണ്ടു പാട്ടുകൾ എഴുതിക്കൊടുത്തിട്ടുണ്ട്. ശ്രീകൃഷ്ണഭക്തിഗാനങ്ങൾ മാത്രം ആയിരത്തിലേറെ എഴുതിയിട്ടുണ്ട്. കസെറ്റിലാക്കിയവ സംരക്ഷിക്കപ്പെട്ടു. ബാക്കി പലതും നഷ്ടപ്പെട്ടു. അവ സമാഹരിച്ച് അഞ്ഞൂറോളം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. മറ്റു ഭക്തിഗാനങ്ങൾ രണ്ടായിരത്തിലേറെ വരും.

∙ കാര്യമായ അംഗീകാരം കിട്ടിയില്ലെന്ന പരാതിയുണ്ടോ ?

ഇല്ല. 2000ൽ കന്യാകുമാരിയിൽ തിരുവള്ളുവരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി പ്രത്യേകം ക്ഷണിച്ച് ആദരിച്ചു. വള്ളുവർ ദിനാഘോഷങ്ങളോടനുബന്ധിച്ചു 2001 ജനുവരി 16നു ചെന്നൈയിൽ നടന്ന ചടങ്ങിൽ മൂന്നു ലക്ഷം രൂപയുടെ പുരസ്കാരം നൽകി ആദരിച്ചു. അന്നു ജ്ഞാനപീഠം അവാർഡുതുക ഒന്നര ലക്ഷം രൂപ മാത്രമാണെന്നോർക്കണം. ഇന്നും ഞാൻ തമിഴ്നാടിന്റെ വിശിഷ്ടാതിഥിയാണ്.

ഇത്രയും ഗാനങ്ങളെഴുതിയെങ്കിലും പക്ഷേ, ഗാനരചനയുടെ പേരിൽ ഇന്നുവരെ പരിഗണിച്ചിട്ടില്ല. എന്നാൽ എന്നും മലയാള സിനിമയുടെ പൂമുഖവാതിൽക്കൽ ആസ്വാദകർ മൂളിപ്പാടുന്ന ഏതാനും സിനിമാഗാനങ്ങളിൽ ചിലത് എന്റേതാണെന്ന ചാരിതാർഥ്യമുണ്ട്.

∙ വിവാദ നാടകം ‘ശതാഭിഷേക’ത്തിന്റെ പിറവിക്കു പിന്നിലെ രാഷ്ട്രീയം ?

രാഷ്ട്രീയമില്ല. കരുണാകരൻ മുഖ്യമന്ത്രിയായ കാലത്തു തിരുവനന്തപുരത്തെ സാഹചര്യങ്ങൾ നേരിൽക്കണ്ടതു മാത്രമേ അതിനു പശ്ചാത്തലമായുള്ളൂ. രചന ബോധപൂർവമായിരുന്നില്ലെന്നത് ആർക്കുമറിയില്ല. 1994ലെ അഖില കേരള റേഡിയോ നാടകോത്സവത്തിലേക്കു തിരുവനന്തപുരം നിലയത്തിൽ നിന്നു മൂന്നു നാടകമുൾപ്പെടുത്തി. പ്രക്ഷേപണത്തിന്റെ തലേദിവസംവരെ ഒന്നും ശരിയാകാതെ വന്നപ്പോഴാണ് ആകാശവാണിയിലെ റാണാപ്രതാപൻ സഹായിച്ചേ തീരൂവെന്ന് എന്നോടു പറയുന്നത്. ശബ്ദം നൽകാൻ നെടുമുടി വേണു, ആറന്മുള പൊന്നമ്മ, ജഗന്നാഥൻ തുടങ്ങിയവരുമായി കരാറൊപ്പുവച്ചിരുന്നു. അങ്ങനെ ഒരൊറ്റ ദിവസം കൊണ്ട് എഴുതിയതാണു ശതാഭിഷേകം. അതുപക്ഷേ, ചരിത്രസംഭവമായി. അന്നത്തെ മുഖ്യമന്ത്രിയെയും മകനെയും കളിയാക്കുന്നതായി ആരോപണമുയർന്ന നാടകം കവലകൾതോറും അവതരിപ്പിക്കാൻ രാഷ്ട്രീയ എതിരാളികൾ മൽസരിച്ചു. പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോൾ അതു പ്രസാധനത്തിലെ ചരിത്രമായി – എത്ര പതിപ്പുകളുണ്ടായെന്നോ എത്ര ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞുവെന്നോ എനിക്കറിയില്ല. പക്ഷേ, രാഷ്ട്രീയമാനം കൊണ്ടു നാടകം എന്റെ ആൻഡമാൻ സ്ഥലംമാറ്റത്തിൽ കലാശിച്ചു. അതവഗണിച്ച് 1996ൽ ഞാൻ ജോലിയിൽ നിന്നു സ്വയം വിരമിച്ചു.

∙ കേരളത്തിലെ സാഹചര്യത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച് ?

അന്നമാണു പ്രധാനം. ഇതുൽപാദിപ്പിക്കുന്ന കർഷകനു കേരളത്തിൽ ഒരു സ്ഥാനവുമില്ല. എല്ലാവർക്കും അന്നം ദാനം ചെയ്യുന്ന കർഷകൻ മറ്റുള്ളവരെ സാർ എന്നു വിളിച്ചു തൊഴുതുനിൽക്കുന്നതു ഗതികേടാണ്. അവനെയാണ് എല്ലാവരും സാർ എന്നു വിളിക്കേണ്ടതും തൊഴേണ്ടതും. കേരളത്തിന്റെ ഇന്നത്തെ സ്ഥിതിക്കൊരു മാറ്റം വരണമെങ്കിൽ അഞ്ചു വർഷത്തേക്കു രാഷ്ട്രീയത്തിനു മൊറട്ടോറിയം പ്രഖ്യാപിച്ച് എല്ലാവരും കൃഷിയിലേക്കു ചുവടുമാറ്റട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com