അനുരാഗിണി.. ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ! എത്ര കാമുകന്മാർ, എന്തു റോയൽറ്റി നൽകിയാലാണ് ആ കടം വീട്ടുക?

Poovachal-khader-new
SHARE

മദ്രാസിലെ ഹോട്ടൽമുറിയിലിരുന്ന് ജോൺസൺ മാഷ് ഗിറ്റാറിൽ വിരലോടിച്ച് ഒരു ഈണം മൂളി. ഒപ്പം പേനയെടുത്ത പൂവച്ചൽ ഖാദറിന് ആ ഈണത്തിലേക്കു കടക്കാൻ ക്ഷണനേരമേ വേണ്ടിവന്നുള്ളൂ: ‘അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ...’ മലയാളിയുടെ ആത്മഗാനങ്ങളി‍ലെ ഏറ്റവും പ്രണയാതുരമായ ആ പാട്ട് എങ്ങനെ മറക്കാനാണ്. എത്ര കാമുകന്മാർ എന്തു റോയൽറ്റി നൽകിയാലാണ് ആ കടം വീട്ടുക?

പൂവച്ചൽ ഖാദറിന്റെ പാട്ടുകൾ പാടി എസ്.ജാനകി നമ്മളെ നഷ്ടപ്രണയങ്ങളുടെ ഏതോ ജന്മകൽപനകളിലൂടെ നടത്തി. അനുരാഗത്തിന്റെ ആസക്തികളും പ്രണയനൊമ്പരങ്ങളുടെ വിഷാദങ്ങളും തൂകിത്തുളുമ്പിയ പാട്ടുകളുടെ വശ്യതയിൽ അലിഞ്ഞ കാലം. അതിന്റെ ദൃശ്യങ്ങൾ നമ്മുടെ ചിത്രമാലകളെ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് ഈസ്റ്റ്മാൻ കളറിലെത്തിച്ചു. വലിയ സിന്ദൂരപ്പൊട്ടിട്ട സെറീന വഹാബ് കോട്ടൻ സാരിയുടുത്ത് ഒതുക്കുകല്ലുകൾ കയറി, സുരേഖ കടലിലെ പാൽനുരകളിലേക്ക് ഓടിയിറങ്ങി, ജയഭാരതി കായലരികത്ത് കരിവളയിട്ടു നിന്നു. ഇന്ത്യൻ സിനിമയെ മോഹിപ്പിച്ച താരജോടികളായ കമൽഹാസനും ശ്രീദേവിയും വരെ ആ പ്രേമാഭിഷേകങ്ങളിലൂടെ കടന്നുപോയവരാണ്.

∙ ‘കവിത’യിലൂടെ അരങ്ങേറ്റം

തിരുവനന്തപുരം ജില്ലയിൽ ഖാദറിന്റെ പൂവച്ചൽ ഗ്രാമത്തിൽ നിന്നാൽ ദൂരെ അഗസ്ത്യാർകൂട മലനിരകൾ കാണാം. ‘‘വേനൽക്കാലത്ത് അഗസ്‌ത്യാർകൂടത്തിലേക്കു നോക്കിയാൽ ആകാശത്തിനു താഴെ തീ പടരുന്നത് കാണാം. കാടെരിയുന്ന ആ കാഴ്ച, ആകാശത്തിന് ആരോ തീയിട്ടതായാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ മനസ്സിലും സ്വപ്നങ്ങളിലുമൊക്കെ കുറെക്കാലം ഈ തീ പടർന്നുനിന്നു’’– സ്വപ്നങ്ങളിൽ തീ പടർത്തിയ കാഴ്ചകളാണ് ഖാദറിന്റെ എഴുത്തിനെ കാവ്യവിസ്മയങ്ങളാക്കിയത്. സിനിമയ്ക്കുവേണ്ടി ‘കവിത’യെഴുതിക്കൊണ്ടുതന്നെ അരങ്ങേറ്റം കുറിക്കാൻ പൂവച്ചൽ ഖാദറിനു കഴി‍ഞ്ഞു. മലയാളസിനിമയിലെ ആദ്യ സംവിധായികയും ഭാർഗവീനിലയത്തിലെ നായികയുമായ വിജയനിർമലയുടെ ‘കവിത’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. വർഷം: 1972. കോഴിക്കോട്ടെ സർക്കാർ ജോലിയും ഐ.വി.ശശിയുമായുള്ള സൗഹൃദവുമാണ് ഭാർഗവിക്കുട്ടി എന്ന് മലയാളികൾ വിളിച്ച നായികയുടെ ചിത്രത്തിലൂടെ അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്.ഇതരഭാഷാ സംവിധായകർ മലയാളത്തിൽ വന്നപ്പോൾ ഭാഷയ്ക്കു പോറലേൽക്കാതിരിക്കാനാണ് പാട്ടിന്റെ ഈണത്തിനൊപ്പം വരികളെഴുതിയത്. പിന്നീടത് മലയാളത്തിലും ആവർത്തിച്ചു. ഈണങ്ങളെ മൃദുവായി തലോടുന്ന വരികളെഴുതി പൂവച്ചൽ ഖാദർ ഹിറ്റുകളൊരുക്കി. ശ്യാമുമായി ചേർന്നാണ് ഖാദർ ഈ പരീക്ഷണം തുടങ്ങിയത്. ഈണത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് പാട്ടെഴുതുന്നത് പരിമിതിയായാണ് പലരും കണ്ടത്. കവിയുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികൾ ഖാദറിനു തടസ്സമായില്ല. ഗംഗൈ അമരൻ തമിഴകത്തുനിന്ന് മലയാളത്തിലെത്തി ഈണമിട്ടപ്പോൾ ‘നീലവാനച്ചോലയിൽ’ പോലെ ഹിറ്റുകൾ എഴുതാൻ ഖാദറിനു കഴിഞ്ഞത് ഈ കൃതഹസ്തത കൊണ്ടാണ്.

∙ മലയാളിയുടെ മാനസം കണ്ടയാൾ

‘കാറ്റുവിതച്ചവൻ’ എന്ന ചിത്രത്തിനുവേണ്ടി പീറ്റർ റൂബൻ ഈണം പകർന്ന് മേരി ഷൈല പാടിയ ഈ ഗാനം ഭക്തിയുടെ അത്യുന്നതങ്ങളിലാണെന്നും; ‘‘വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം, വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം; നീയെന്റെ പ്രാർഥന കേട്ടു, നീയെന്റെ മാനസം കണ്ടു...’’ കേരളത്തിലങ്ങോളമിങ്ങോളം ക്രിസ്തീയ ദേവാലയങ്ങളിൽ പതിവായി പാടാറുള്ള ഈ ഭക്തിഗാനം ഖാദറിനെ പ്രതിഷ്ഠിച്ചതും ഗാനശാഖയുടെ അത്യുന്നതങ്ങളിലാണ്. മലയാള സിനിമയുടെ രൂപപരിണാമങ്ങളുടെ കാലത്താണ് ഖാദർ പാട്ടെഴുത്തിൽ സജീവമാകുന്നത്. എഴുപതുകളുടെ പകുതിയിൽ തുടങ്ങി എൺപതുകളുടെ അവസാനംവരെ നീണ്ടുനിന്ന കാലഘട്ടം സിനിമാസംഗീതത്തിലും മാറ്റങ്ങളുടേതായിരുന്നു. വയലാറും - ദേവരാജനും പി.ഭാസ്‌കരനും - ബാബുരാജും ശ്രീകുമാരൻ തമ്പിയും - ദക്ഷിണാമൂർത്തിയുമൊക്കെ പ്രതിനിധാനം ചെയ്ത ക്ലാസിക് തലമുറയിൽ നിന്ന് പൂവച്ചൽ - ബിച്ചു തിരുമല - ശ്യാം - ജോയി യുഗത്തിലേക്കുള്ള മാറ്റം.

∙ പ്രണയമായ് ആദ്യസമാഗമം 

പൂവച്ചൽ ഖാദറിന്റെ ഏറ്റവും മികച്ച ഗാനം ഏറ്റവും മികച്ച പ്രണയഗാനവുമാണ്. ദൈവത്തെ വാഴ്ത്തി പാട്ടെഴുത്തു തുടങ്ങിയ ഖാദർ തന്നെയാണ് ‘‘ആദ്യസമാഗമ ലജ്ജയിലാതിര താരകം കണ്ണടയ്ക്കുമ്പോൾ...’’ എന്ന കുളിരുകോരുന്ന വരികളെഴുതിയത്. ഭരതന്റെ ‘തകര’യിൽ ‘‘കല്ലിനു പോലും ചിറകുകൾ നൽകി കന്നി വസന്തം പോയി’’ എന്ന് എസ്.ജാനകി പാടിയപ്പോൾ ഒരു തലമുറ തീവ്രവിഷാദത്തിലലിഞ്ഞു. ആ ഗാനം ജാനകിക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. എം.ജി.രാധാകൃഷ്ണന്റെ ഉജ്വലമായ ഈണങ്ങളെ തഴുകിയ വരികളാണ് ‘‘മൗനമേ... നിറയും മൗനമേ’’ എന്ന പാട്ട്. മൗനത്തിന്റെ അർഥതലങ്ങളെ ഖാദർ ആകാശത്തോളം ഉയർത്തിവിട്ടു. ആകാശവാണിയിൽ ‘ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ’’ എന്ന എവർഗ്രീൻ ലളിതഗാനം ഒരുക്കിയ കൂട്ടുകെട്ടായിരുന്നു രാധാകൃഷ്ണനും പൂവച്ചൽ ഖാദറും. ഭരതൻ തന്റെ ചിത്രത്തിലേക്ക് ഖാദറിനെ വിളിക്കുന്നതും ആ വരികളുടെ സൗന്ദര്യമറിഞ്ഞാണ്.

∙ ചിറയിൻകീഴിലേ പെണ്ണേ

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ ബോർഡ് കണ്ട് ‘‘ചിറയിൻകീഴിലെ പെണ്ണേ...’’ എന്ന് അറിയാതെ മൂളുന്ന രസികന്മാരെ കണ്ടിട്ടുള്ള പൂവച്ചൽ ഖാദർ, മലയാളി തന്റെ ഹിറ്റ് ഗാനങ്ങൾ പാടിനടന്ന കാലത്ത് മദ്രാസിലായിരുന്നു. തന്റെ പാട്ടുകൾ താൻ തന്നെ ആസ്വദിച്ചത് മദ്രാസിൽനിന്നു തിരികെ നാട്ടിലെത്തിയ ശേഷമാണെന്ന് ഖാദർ പറഞ്ഞിട്ടുണ്ട്. മദ്രാസിൽ ജീവിച്ച കാലത്ത് പാട്ടു ഹിറ്റായോ എന്നറിയാൻ റേഡിയോ അല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു. മലയാള സിനിമകൾ അങ്ങനെ കാണാറുമില്ല. 1995ലാണു ഖാദർ നീണ്ട അവധിക്കുശേഷം സർക്കാർ സർവീസിൽ തിരികെയെത്തിയത്. അപ്പോഴേക്കും മലയാള സിനിമ കൊച്ചിയിലേക്കു പറിച്ചുനട്ടിരുന്നു. ഒരു വർഷം 48 സിനിമകൾക്കു വരെ പാട്ടെഴുതിയ ഖാദർ സിനിമയുടെ രാജവീഥികളിൽ തിരക്കില്ലാത്തവനായി. പാട്ടുകൾ അന്വേഷിച്ച് ആരുടെയും പിന്നാലെ അദ്ദേഹവും പോയില്ല. ഖാദറിന്റെ പാട്ടുകൾ പാടിയവർക്ക് സംസ്ഥാന അവാർഡുകൾ കിട്ടിയിട്ടും സംസ്ഥാന പുരസ്കാരങ്ങളൊന്നും ആ പ്രതിഭയെ തേടി വന്നില്ല. പഴയ പാട്ടുകളുടെ പൂമരക്കൊമ്പിലിരുന്ന് ഖാദറിന്റെ പാട്ടുകൾ അപ്പോഴും നമ്മളെ തേടി വന്നുകൊണ്ടേയിരുന്നു. മുൻതലമുറയുടെ പാട്ടുകൾ മാത്രമേ വരും തലമുറയ്ക്കു പാടാനുണ്ടാകൂ എന്ന് പറഞ്ഞ കെ.ജയകുമാറിന്റെ വാക്കുകൾ എത്ര ശരിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA